ഒരു മലയാളി ബ്രസീൽ ഫാൻ മക്കൾക്ക് പേരിട്ട കഥ
text_fieldsLove you all the more Acha
For my name
ലോകകപ്പ് ഫുട്ബോൾ എന്നാൽ എനിക്ക് അച്ഛനാണ്. അച്ഛൻ റഫ്രിയായി നിന്ന കോഴിക്കോട് സ്റ്റേഡിയത്തിലെ കളികളേ ഞാൻ കണ്ടിട്ടുള്ളൂ. കാണാത്ത ടൂർണ്ണമെൻറുകൾ അച്ഛന്റെ ആകാശവാണിയിലൂടെയുള്ള ദൃക്സാക്ഷി വിവരണത്തിലൂടെ കണ്ട പോലെ അറിഞ്ഞാണ് ഞാൻ മുതിർന്നത്.
അച്ഛന്റെ ഫുട്ബോൾ ഭ്രാന്തിന്റെ കൂടി സന്തതികളാണ് ഞങ്ങൾ മൂന്നു മക്കളും . എന്നും ബ്രസീലിയൻ ആരാധകനായിരുന്ന അച്ഛന്റെ പ്രിയ താരങ്ങൾ ബ്രസീലിയൻ ഇതിഹാസങ്ങൾ എന്നറിയപ്പെടുന്ന ദീദി , വാവ , ഗരിഞ്ച എന്നിവരായിരുന്നു. ഞങ്ങൾ മക്കൾ പിറക്കും മുമ്പേയുള്ള ആ ആരാധനയുടെ സന്തതികളായി ഞാൻ ദീദിയും തൊട്ടനിയത്തി വാവയുമായി.

മൂന്നാമത്തെ മകളെ ഗരിഞ്ചയെന്നു വിളിക്കാനായിരുന്നു അച്ഛനിഷ്ടം. എന്നാൽ അപ്പോഴേക്കും കുടുംബത്തിൽ ഞങ്ങൾ ഭൂരിപക്ഷം വിധിയെഴുതി , ഇനിയുമൊരു ബ്രസീലിയൻ വേണ്ടെന്നു്! ദീദി എന്ന വിചിത്ര നാമം കൊണ്ട് ഞാൻ പൊറുതിമുട്ടിയിരുന്നു. വേണ്ടതിലധികം. കുടുംബത്തിൽ നിന്നും , സ്കൂളിൽ നിന്നും.
ഇന്ന് ലോകം അച്ഛന്മാരെ ഓർക്കുന്ന ദിവസം. ബ്രസീൽ ഇന്ന് കളിയ്ക്കാനിറങ്ങുമ്പോൾ ദീദി എന്ന പേരിൽ എന്നെ അടയാളപ്പെടുത്തിയ അച്ഛൻ റഷ്യൻ ഗാലറിയിലെ ആരവങ്ങൾക്കിടയിലെവിടെയോ ഇരുന്ന് കളി കാണുന്നത് ഞാനറിയുന്നു. ഓരോ ബ്രസീലിയൻ നീക്കത്തിലും അച്ഛനുണ്ട് എന്ന് ഞാനറിയുന്നു.