ലീഗ് വൺ: പി.എസ്.ജിക്ക് വൻ ജയം
text_fieldsപാരിസ്: ഫ്രഞ്ച് ലീഗ് വണിൽ കരുത്തരായ പാരിസ് സെൻറ് ജർമന് വമ്പൻ വിജയം. സ്വന്തം തട്ടകമായ പാർക് ഡെസ് പ്രിൻസസിൽ സെൻറ് എറ്റീനെയെ മടക്കമില്ലാത്ത നാലു ഗോളുകൾക്കാണ് ചാമ്പ്യന്മാർ തകർത്തത്. സൂപ്പർ താരങ്ങളായ നെയ്മറും കെയ്ലിയൻ എംബാപെയുമില്ലാതെയായിരുന്നു പാരിസുകാരുടെ ജയം.
ജൂലിയൻ ഡ്രാക്സ്ലർ (22), എഡിൻസൺ കവാനി (51), എയ്ഞ്ചൽ ഡി മരിയ (76), മൂസ ദിയാബി (84) എന്നിവരായിരുന്നു സ്കോറർമാർ. ലീഗിൽ തുടർച്ചയായ അഞ്ചാം വിജയമാണ് പി.എസ്.ജിക്ക് ഇത്. അഞ്ചു കളികളിൽ അഞ്ചു പോയൻറുമായി തോമസ് ടുച്ചലിെൻറ ടീം തന്നെയാണ് പോയൻറ് പട്ടികയുടെ തലപ്പത്ത്. അഞ്ചു കളികളിൽ 17 ഗോളുകളും കണ്ടെത്തിക്കഴിഞ്ഞു പി.എസ്.ജി.
ബ്രസീലിനായി സൗഹൃദ മത്സരം കളിച്ചെത്തിയ നെയ്മർക്ക് കോച്ച് വിശ്രമം നൽകുകയായിരുന്നു. എംബാപെയാവെട്ട കഴിഞ്ഞ കളിയിൽ കിട്ടിയ ചുവപ്പുകാർഡിെൻറ പേരിൽ സസ്പെൻഷനിലും. ലോകത്തെ രണ്ട് വിലപിടിപ്പുള്ള താരങ്ങളുടെ അഭാവത്തിൽ ഡ്രാക്സലറും മാർകോ വെറാറ്റിയും ആദ്യ ഇലവനിലിടം പിടിച്ചു. ഇരുവരും ചേർന്നാണ് ആദ്യ ഗോളിലേക്ക് വഴിതുറന്നതും. ഇറ്റലിക്കാരെൻറ പാസിൽനിന്നായിരുന്നു ജർമൻ താരത്തിെൻറ ഗോൾ.
പെനാൽറ്റി ബോക്സിൽതന്നെ ലോയ്ക് പെരിൻ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച കവാനി ലീഡ് ഇരട്ടിയാക്കി. ഇടവേളക്കുശേഷം 19കാരൻ ദിയാബിയുടെ ഉൗഴമായിരുന്നു. ലാസന ദിയാറക്ക് പകരക്കാരനായി ഇറങ്ങിയ ഫ്രഞ്ച് വിങ്ങർ ആദ്യം ഡി മരിയയുടെ ഗോളിന് വഴിയൊരുക്കുകയും പിന്നാലെ സ്കോർഷീറ്റിൽ ഇടംകണ്ടെത്തുകയും ചെയ്തു.
മറ്റൊരു മത്സരത്തിൽ നീസ് 2-1ന് റെന്നെസിനെ തോൽപിച്ചു.
മലാങ് സാറിെൻറ സെൽഫ് ഗോളിൽ റെന്നെസ് ആണ് ലീഡെടുത്തതെങ്കിലും അല്ലൻ സെയ്ൻറ് മാക്സിമിൻ, പിയറെ ലീസ് മെലൗ എന്നിവരുടെ ഗോളുകളിൽ നീസ് വിജയം പിടിച്ചെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
