ബാഴ്സക്ക് മലാഗയുടെ കരണത്തടി
text_fieldsമഡ്രിഡ്: പ്രതിരോധം മാറ്റിപ്പണിയാൻ ബാഴ്സലോണക്ക് സമയമായിരിക്കുന്നു. അപകടകാരികളല്ലാത്ത മലാഗയോട് മെസ്സിയും നെയ്മറും സുവാരസുമടങ്ങുന്ന കറ്റാലൻ നിരക്ക് േതാൽക്കേണ്ട ഗതികേടില്ല. എതിരാളികൾ ദുർബലരാണെന്ന അഹങ്കാരത്തിനും പിന്നെ സുവർണാവസരങ്ങൾ പാഴാക്കാനുള്ള മുന്നേറ്റ നിരയുടെ ‘മത്സരത്തിനും’ ബാഴ്സലോണക്ക് നൽകേണ്ടിവന്ന വില വലുതാണ്. അതും മുന്നിലുള്ള റയൽ മഡ്രിഡിന് സ്വന്തം നാട്ടുകാരായ അത്ലറ്റികോക്കെതിരെ സമനിലയിൽ കുരുങ്ങേണ്ടിവന്നതിനുശേഷം. നിർണായകമായ എൽക്ലാസികോ പടിവാതിൽക്കൽ എത്തിനിൽക്കെ, ബാഴ്സലോണയുടെ ഒരുപാട് പ്രതീക്ഷകൾക്ക് ലീഗിൽ ഇൗ തോൽവിയോടെ മങ്ങലേറ്റിരിക്കുകയാണ്. സാണ്ട്രോ റാമിറസ്, ജോണി റോഡ്രിഗസ് എന്ന രണ്ടു മാലാഖമാരാണ് മലാഗയുടെ രക്ഷകരായത്.
പിഴവിൽ വഴങ്ങിയ തോൽവി
ചിര വൈരികളായ റയൽ അത്ലറ്റികോ മഡ്രിഡിനോട് 1-1ന് സമനിലയിൽ കുരുങ്ങിയ സന്തോഷവാർത്തയുമായാണ് ബാഴ്സലോണ മലാഗയോട് കളത്തിലിറങ്ങിയത്. ഒരു പതിറ്റാണ്ടിലേറെക്കാലമായി, കൃത്യമായി പറഞ്ഞാൽ 2003നുശേഷം ഇതുവരെ മലാഗയുടെ ലാ റൊസേലിഡ സ്റ്റേഡിയത്തിൽ ഇതുവരെ തോറ്റിട്ടിെല്ലന്ന അഹങ്കാരവുമായിട്ടായിരുന്നു ബാഴ്സയുടെ വരവ്.
എന്നാൽ, 90 മിനിറ്റും ഇഞ്ചുറി ടൈമും കഴിഞ്ഞപ്പോൾ 2-0ത്തിന് ജയിച്ചത് മലാഗയായിരുന്നു. അവസരങ്ങൾ കുളമാക്കാൻ മത്സരിച്ച മുന്നേറ്റനിരയും ഒപ്പം കൗണ്ടർ അറ്റാക്കിങ്ങിന് തടയിടാനാവാതെ വിയർത്ത പ്രതിരോധനിരയും തോൽവിയുടെ ഉത്തരവാദിത്തം തീർച്ചയായും ഏറ്റെടുക്കണം.
അവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിനിടെ െപട്ടന്നുള്ള കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു 32ാം മിനിറ്റിലെ മലാഗയുടെ ആദ്യ ഗോൾ. പ്രതിരോധ നിരയിലെ ബാഴസയുടെ വിശ്വസ്തൻ ജെറാഡ് പിെക്വ മത്സരത്തിനില്ലാത്തതിെൻറ വില ബാഴ്സലോണ നന്നായി അറിഞ്ഞ നിമിഷം.
യുവാൻ കാർലോസ് നൽകിയ ഒരു ഹൈബാൾ ഒാഫ്സൈഡ് കുരുക്ക് പൊട്ടിച്ച് മുൻ ബാഴ്സലോണൻ താരം സാണ്ട്രോ റാമിറസ് ഒറ്റക്ക് കുതിച്ച് വലയിലാക്കുകയായിരുന്നു. ബാഴ്സലോണയുടെ പ്രതിരോധനിരക്കാരൻ ജെർമി മാത്യൂവിെൻറ അശ്രദ്ധയിൽനിന്നും സംഭവിച്ച വലിയ പിഴ. തിരിച്ചടിക്കാൻ ബാഴ്സലോണ കിണഞ്ഞു പരിശ്രമിച്ചിട്ടും സാധിച്ചില്ല.
63ാം മിനിറ്റിൽ മെസ്സി നൽകിയ പാസ് ബോക്സിൽനിന്നും ഗോളി മാത്രം മുന്നിലുണ്ടായിരിക്കെ സുവാറസ് വീണ്ടും കളഞ്ഞുകുളിച്ചു.
ഇതിനിടക്ക് ബ്രസീലിയൻ സ്ട്രൈക്കർ നെയ്മർക്ക് രണ്ടാം മഞ്ഞക്കാർഡും കണ്ട് പുറത്ത് പോവേണ്ടിവന്നത് ബാഴ്സലോണക്ക് കൂനിന്മേൽ കുരുവായി. അവസരങ്ങൾ ഒരുപാട് പിന്നീടും പാഴാക്കുന്നതിനിടയിൽ 90ാം മിനിറ്റിൽ ബാഴ്സക്കുമേൽ അവസാന ആണിയും അടിച്ചുകയറ്റി ജോണി മലാഗക്കായി ലീഡുയർത്തി. പ്രതിരോധനിരയിലെ പാളിച്ചയുടെ തികഞ്ഞ ഉദാഹരണമായിരുന്നു രണ്ടാം ഗോളും. ഇനിയൊരു തിരിച്ചുവരവില്ലെന്നുറച്ച് വിശ്വസിച്ച് അവസാനം ബാഴ്സലോണ കളംവിട്ടു.
ജയിച്ചിരുന്നെങ്കിൽ ഗോൾ ശരാശരിയിൽ താൽക്കാലികമായെങ്കിലും ഒന്നാം സ്ഥാനത്തെത്താമായിരുന്ന അവസരം ഇതോടെ ബാഴ്സക്ക് നഷ്ടമായി. 69 പോയൻറാണ് ബാഴ്സലോണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
