മെൽബൺ സിറ്റിയെ ആറ് ഗോളിന് വീഴ്ത്തി ജിറോണ (6-0)
text_fieldsകൊച്ചി: ലാ ലിഗ വേൾഡ് പ്രീ സീസണിലെ കരുത്തന്മാരുടെ പോരാട്ടമെന്ന് വിശേഷിപ്പിച്ച മത്സരത്തിൽ സിറ്റി ബ്ലൂസിനെ ഗോളിൽ മുക്കി വൈറ്റ്സ് ആൻഡ് റെഡ്സ്. ആറു ഗോൾകൊണ്ട് കേരള ബ്ലാസ്റ്റേഴ്സിനെ വരിഞ്ഞുകെട്ടിയ മെൽബൺ സിറ്റിയെ അതേ ഷോക്ക് സമ്മാനിച്ചാണ് ജിറോണ എഫ്.സി ആദ്യ മത്സരം സ്വന്തമാക്കിയത്. ഏകപക്ഷീയമായ ആറു ഗോളിനായിരുന്നു ജിറോണയുടെ ജയം. ക്രിസ്റ്റ്യൻ പോർചുഗെസ് മനസനേര (11, 17), ആൻറണി റൂബൻ ലൊസാനോ (25), യുവാൻ പെഡ്രോ റാമിറെസ് ലോപെസ് (51), യോൻ മാനി (69), പെഡ്രോ പൊറോ (90) എന്നിവരാണ് ജിറോണക്കായി വല കുലുക്കിയത്.
മികച്ച നിരയുമായാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. തുടക്കം മുതൽ ഒപ്പത്തിനൊപ്പം കളിച്ചുമുന്നേറുകയായിരുന്നു ഇരു ടീമുകളുെടയും ലക്ഷ്യം. 10 മിനിറ്റ് പിന്നിട്ടപ്പോഴേക്കും ജിറോണ തനി സ്വരൂപം പുറത്തെടുത്തു. കളിയുടെ ഗതി നിയന്ത്രിച്ചുതുടങ്ങിയ അവർ 11 മിനിറ്റിൽ മെൽബൺ വല കുലുക്കി. മികച്ച നീക്കത്തിനൊടുവിലായിരുന്നു ഗോൾ. വലതു വിങ്ങിലൂടെ മുന്നേറിയ പെറെ പോൺസ് റിയേറെ പന്ത് ക്രിസ്റ്റ്യൻ പോർചുഗെസ് മനസനേരക്കു നൽകി. പ്രതിരോധത്തെയും കബളിപ്പിച്ച മനസനേര പന്ത് വലയിലെത്തിച്ചു. കളിയുടെ താളം കണ്ടെത്തിയ ജിറോണ മെൽബൺ ഗോൾമുഖത്തേക്കു നിരന്തരം ആക്രമണം അഴിച്ചുവിട്ടു. ഗോളെന്നുറച്ച ഒന്നിലധികം ഷോട്ടുകൾ ഇതിനിടെ പാഴായി. 17ാം മിനിറ്റിൽ ജിറോണ ലീഡുയർത്തി. മൈതാന മധ്യത്തിൽനിന്ന് പന്തുമായി കുതിച്ചത് റിയെറെ തന്നെയായിരുന്നു.

ബോക്സിലേക്ക് നീട്ടിനൽകിയ പന്ത് ലക്ഷ്യം തെറ്റാതെ വലയിലെത്തിച്ച് മനസനേര രണ്ടാം ഗോൾ കണ്ടെത്തി. പന്ത് കിട്ടാതെ മെൽബൺ താരങ്ങൾ വലയുന്നതിനിടെ 25ാം മിനിറ്റിൽ ജിറോണ മൂന്നാം ഗോൾ കണ്ടെത്തി. വലതുവിങ്ങിൽനിന്ന് ബെനിറ്റ്സ് കാരബെല്ലോ പോസ്റ്റിലേക്കു നീട്ടിയ പാസ് മെൽബൺ ഗോളി ഡീൻ ബൗസാനിസ് ക്ലിയർ ചെയ്യാൻ ശ്രമിച്ചെങ്കിലും പന്ത് കിട്ടിയത് ആൻറണി റൂബൻ ലൊസാനോയുടെ കാലുകളിൽ. അവസരം പാഴാക്കാതെ ലൊസാനോ വല കുലുക്കി. ഇടതു-വലതു വിങ്ങിലൂടെ കളിമെനഞ്ഞ ജിറോണ താരങ്ങൾക്ക് വെല്ലുവിളി ഉയർത്താൻ മെൽബണിനായില്ല. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോൾ നേടിയ മക് ഗ്രീയുടെ ഒറ്റയാൾ പോരാട്ടവും ഫലം കണ്ടില്ല. 35ാം മിനിറ്റിൽ ഗോളെന്നു പ്രതീക്ഷിച്ച മക് ഗ്രീയുടെ ഷോട്ട് ഗോൾപോസ്റ്റിനു വെളിയിലൂടെ പാഞ്ഞു. മധ്യനിരയിൽനിന്നു മികച്ച അസിസ്റ്റ് കിട്ടാത്തത് മക് ഗ്രീയെ വലച്ചു. എട്ടു മിനിറ്റിനുശേഷം ഫൊർനരോലിയുടെ ഷോട്ടും പോസ്റ്റിനെ ഉരുമി പുറത്തേക്കുപോയി.
രണ്ടാം പകുതിയിലും കളിയിലേക്കു തിരിച്ചുവരാൻ മെൽബൺ താരങ്ങൾക്ക് കഴിഞ്ഞില്ല. നിർത്തിയിടത്തുനിന്നു തുടങ്ങിയ ജിറോണയാകട്ടെ തുടർച്ചയായി മെൽബൺ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. 51ാം മിനിറ്റിൽ ലഭിച്ച കോർണറിൽ സെറാനോ എടുത്ത കിക്ക് മികച്ച ഹെഡറിലൂടെ യുവാൻ പെഡ്രോ റാമിറെസ് ലോപെസ് വലയിലെത്തിച്ചു. 69ാം മിനിറ്റിൽ യോൻ മാനിയുടെ ഊഴമായിരുന്നു. ആദ്യ ഷോട്ട് കൈയിലൊതുക്കാനുള്ള ശ്രമത്തിനിടെ മെൽബൺ ഗോളിക്കു നിലതെറ്റി. അവസരം മുതലാക്കിയ മാനി പന്ത് വലയിലേക്കു തട്ടിയിട്ടു. രണ്ടാം പകുതിയുടെ അവസാന സമയത്ത് പെഡ്രോ പൊറോയുടെ വകയായിരുന്നു അവസാന ഗോൾ. മികച്ച ഹെഡറിലൂടെയാണ് പെഡ്രോ ഗോൾ കണ്ടെത്തിയത്. മികച്ച താരനിരയുണ്ടായിട്ടും ആദ്യ ദിനത്തിലെ കളിമികവിലേക്കു ഉയരാൻപോലും മെൽബണിനു കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
