എൽ ക്ലാസികോ ഇന്ന്
text_fieldsബാഴ്സലോണ: ലാ ലിഗയിൽ വീണ്ടുമൊരു എൽ ക്ലാസികോ വിരുന്നെത്തുേമ്പാൾ പോയൻറ് പട്ടികയിൽ വലിയ മാറ്റങ്ങളുണ്ടാവില്ലെങ്കിലും ആവേശത്തിന് ഒട്ടും കുറവുണ്ടാവില്ല. കിരീടമുറപ്പിച്ച ബാഴ്സലോണയും മൂന്നാം സ്ഥാനത്തുള്ള റയൽ മഡ്രിഡും നൂകാംപിൽ ഏറ്റുമുട്ടുേമ്പാൾ മറ്റൊരു തകർപ്പൻ എൽ ക്ലാസികോക്കാണ് ലോകമെമ്പാടുമുള്ള ആരാധകർ കാത്തിരിക്കുന്നത്.

34 കളികളിൽ 86 പോയൻറുള്ള ബാഴ്സ കഴിഞ്ഞ റൗണ്ടിൽതന്നെ കിരീടമുറപ്പാക്കിയിരുന്നു. രണ്ടാമതുള്ള അത്ലറ്റികോ മഡ്രിഡിന് 35 കളികളിൽ 75 പോയൻറും റയലിന് 34 മത്സരങ്ങളിൽ 71 പോയൻറുമാണുള്ളത്.
ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടന്ന് ഹാട്രിക് കിരീടം ലക്ഷ്യമിടുന്ന റയലിെൻറ ശ്രദ്ധ മുഴുവൻ മേയ് 26ലെ ഫൈനലിലേക്കാണ്. എന്നാൽ, ബാഴ്സക്ക് 41 മത്സരങ്ങളായി തുടരുന്ന അപരാജിത റെക്കോഡ് തുടരാനാവുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സീസണിൽ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ലെന്ന നേട്ടവും ടീമിന് തുടരേണ്ടതുണ്ട്.
ലാ ലിഗയിൽ ഇതുവരെ ഒരു ടീമും തോൽവിയില്ലാതെ സീസൺ പൂർത്തിയാക്കിയിട്ടില്ല. അതിനാൽതന്നെ അതിന് അന്ത്യംകുറിക്കാനാവും റയലിെൻറ ശ്രമം.
സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും കരുത്തിൽ തന്നെയാവും ഇരുടീമുകളുടെയും കുതിപ്പ്. ബാഴ്സ നിരയിൽ സീസൺ അവസാനത്തോടെ പടിയിറങ്ങുന്ന ആെന്ദ്ര ഇനിയെസ്റ്റക്കിത് അവസാന എൽ ക്ലാസികോയാവും.