കെ.പി.എല്ലിൽ ഗോകുലത്തിന് സഡൻഡെത്ത്; ബ്ലാസ്റ്റേഴ്സിന് കിരീടം
text_fieldsകോഴിക്കോട്: അത്യന്തം വാശിയേറിയ കലാശപ്പോരിൽ ആതിഥേയരായ ഗോകുലം കേരള എഫ്.സിയെ സഡൻഡെത്തിൽ കീഴടക്കിയ കേരള ബ്ലാസ്റ്റേഴ്സിന് കേരള പ്രീമിയർ ലീഗ് ഫുട്ബാൾ കിരീടം. 6-5ന് ജയിച്ചാണ് മഞ്ഞപ്പട ഇതാദ്യമായി കെ.പി.എൽ ജേതാക്കളായത്. നിശ്ചിത സമയവും അധികസമയവും അവസാനിക്കുമ്പോൾ ഇരു ടീമുകളും 3-3 എന്ന നിലയിലായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലും തുല്യനിലയായതോടെയാണ് (5-5) സഡൻഡെത്തിലേക്കു നീണ്ടത്.
സഡൻഡെത്തിൽ എമിൽ ബെന്നിയുടെ കിക്ക് പുറത്തേക്കു പോയതോടെയാണ് ഗോകുലത്തിന് കിരീടം നഷ്ടമായത്. ഷൂട്ടൗട്ടിൽ ജെറോം, സാമുവൽ ലിങ്ദോ, പ്രഗ്യാൻ, ബാസിത് അഹമ്മദ്, റൊണാൾഡോ അഗസ്റ്റോ എന്നിവർ വലകുലുക്കി. സഡൻഡെത്തിൽ ലെൻമിൻലുൻ ഡുംഗലും ഗോൾ നേടി.
ലാൽമാൻ സുവ, താഹിർ സമാൻ, മുഹമ്മദ് ജാസിം, ഗണേശൻ, സ്റ്റീഫൻ അബിക്യുവ എന്നിവർ ഗോകുലത്തിനായി പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചു. കേരളത്തിലെ രണ്ടു പ്രമുഖ പ്രഫഷനൽ ടീമുകളുടെ റിസർവ് സംഘങ്ങളായിരുന്നെങ്കിലും ഓരോ സെക്കൻഡിലും അതിഗംഭീര കളിയാണ് ഇരുടീമുകളും പുറത്തെടുത്തത്. മഞ്ഞപ്പടയുടെയും മലബാറിയൻസിെൻറയും ആരാധകർ ഗാലറിയിൽ ആവേശമായപ്പോൾ താരങ്ങളും ടോപ് ഗിയറിലായി.