കൊച്ചി, ഇന്ത്യന്‍ മാറക്കാന
text_fieldsകൊച്ചി: അതിശയോക്തിയല്ല, ബ്രസീലിലെ മാറക്കാനയെക്കുറിച്ച് പറയുംപോലെ മഞ്ഞക്കടലിരമ്പംതന്നെയായിരുന്നു കൊച്ചിയില്‍. ഞായറാഴ്ചകള്‍ കൊച്ചിക്ക് പതിഞ്ഞ താളമാണ്. വലിയ തിരക്കുകളില്ലാത്ത തെരുവും പാതകളുമായിരിക്കും. ആഘോഷദിവസങ്ങളില്‍ മാത്രമേ കൊച്ചിയിലെ ഞായറാഴ്ചകള്‍ സജീവമാകാറുള്ളൂ.
ഇന്നലെ അങ്ങനെയൊരു ഞായറാഴ്ചയായിരുന്നു. ഐ.എസ്.എല്‍ സെമിയുടെ ഒന്നാം പാദത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട ടീം പന്തുതട്ടുന്നത് കാണാന്‍ ചങ്കുപറിച്ച് നല്‍കുന്ന ആരാധകക്കൂട്ടത്തിന്‍െറ നിലക്കാത്ത പ്രവാഹത്തിന് രാവിലെതന്നെ തുടക്കമായി. മഞ്ഞ ജഴ്സിയണിഞ്ഞ് വടക്കുനിന്നും തെക്കുനിന്നും സ്ത്രീകളടക്കമുള്ള ആരാധകര്‍ ഒഴുകി.
സ്റ്റേഡിയത്തിന് പുറത്ത് ആരവം ഉച്ചക്കുമുമ്പേ തുടങ്ങിയിരുന്നു. കൊട്ടും കുരവയും ബാന്‍റുമായി മേളം കൊഴുത്തു. സ്റ്റേഡിയത്തിന് സമീപത്തെ ഹോട്ടലും മഞ്ഞപുതച്ചത് കൗതുകകാഴ്ചയായി. മൂന്നിനാണ് കാണികള്‍ക്ക് സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശനം അനുവദിച്ചത്. ചില സുരക്ഷപ്രശ്നങ്ങളാല്‍ ആറ് കഴിഞ്ഞാല്‍ കാണികളെ അകത്തേക്ക് കയറ്റിവിടില്ളെന്ന് അറിയിപ്പുണ്ടായിരുന്നു.
നാലായപ്പോള്‍തന്നെ ഭൂരിപക്ഷം കാണികളും ഇരിപ്പുറപ്പിച്ചു. അഞ്ചരയോടെ ഗാലറി നിറഞ്ഞുകവിഞ്ഞു. ആവേശത്തിന് കൊഴുപ്പേകാന്‍ സചിന്‍ ടെണ്ടുല്‍കറും വി.ഐ.പി ലോഞ്ചില്‍ എത്തിയതോടെ സചിന്‍... സചിന്‍... എന്ന അലയൊലി മുഴങ്ങി.
ബെല്‍ഫോര്‍ട്ട് ആദ്യ ഗോള്‍ നേടിയപ്പോള്‍ ഗാലറിയില്‍ സ്ഫോടനമായിരുന്നു. മൈതാനത്തിന് വശങ്ങളിലെ വെടിക്കെട്ടുപോലും സ്റ്റേഡിയത്തിലെ ആരവത്തില്‍ മുങ്ങി. അധികസമയത്തിനുശേഷമുള്ള നാലു മിനിറ്റും കഴിഞ്ഞതോടെ ബ്ളാസ്റ്റേഴ്സ് ആരാധകര്‍ ആഘോഷം തുടങ്ങി. മത്സരശേഷം മൈക്കല്‍ ചോപ്രയും ഗോണ്‍സാലസ് റോച്ചയും മലയാളിതാരം ഡെന്‍സണ്‍ ദേവദാസും കൊമ്പുകോര്‍ത്തെങ്കിലും ഡല്‍ഹി താരങ്ങളെ കൂവിയാണ് ആരാധകര്‍ യാത്രയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
