ഓര്‍മയുടെ വിസില്‍ മുഴങ്ങി; കേരള പൊലീസ് വീണ്ടും ബൂട്ടണിഞ്ഞു
text_fieldsകോഴിക്കോട്: കാല്‍പന്തു വിസ്മയങ്ങള്‍ക്ക് ഒട്ടേറെ തവണ സാക്ഷിയായ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഒരിക്കല്‍കൂടി ചരിത്രത്തിന്‍െറ തനിയാവര്‍ത്തനം. മൈതാനങ്ങളെ ആവേശം കൊള്ളിച്ച കേരള പൊലീസ് ടീമിന്‍െറ വെറ്ററന്‍ താരങ്ങളും യുവനിരയും ഇരു ഭാഗത്തുമായി അണിനിരന്ന മത്സരത്തില്‍ ഗോള്‍മഴ. 45ാം കേരള പൊലീസ് ഗെയിംസ് ആന്‍ഡ് അത്ലറ്റിക് മീറ്റിന് മുന്നോടിയായി സംഘടിപ്പിച്ച വെറ്ററന്‍സ് സൗഹൃദ ഫുട്ബാളിലാണ് ഇന്‍റര്‍നാഷനല്‍ താരങ്ങളായ ഐ.എം. വിജയന്‍, സി.വി. പാപ്പച്ചന്‍, യു. ഷറഫലി തുടങ്ങിയവര്‍ ഒരിക്കല്‍കൂടി ബൂട്ടുകെട്ടിയത്.
കേരള പൊലീസിനുവേണ്ടി സന്തോഷ് ട്രോഫി നേടിയ ടീമംഗങ്ങള്‍ക്കൊപ്പം പൊലീസിന്‍െറ യുവതാരങ്ങളും ഇരു ടീമുകളിലുമായി അണി നിരന്നു. 1990ലും ’91ലും ഫെഡറേഷന്‍ കപ്പ് ജേതാക്കളായ പൊലീസ് ടീമിനുവേണ്ടി കളിച്ച ഏഴുപേരാണ് സൗഹൃദ മത്സരത്തിനായി ഇരു ടീമുകളിലായി ഇറങ്ങിയത്്. കുരികേശ് മാത്യുവിന്‍െറ നേതൃത്വത്തിലുള്ള കേരള റോവേഴ്സ്, സി.വി. പാപ്പച്ചന്‍െറ നേതൃത്വത്തിലുള്ള കേരള പാന്തേഴ്സ് ടീമായിരുന്നു പ്രായത്തിന്‍െറ അവശതകളൊന്നുമില്ലാതെ 60 മിനിറ്റ് ദൈര്‍ഘ്യമുള്ള കളിയില്‍ മാറ്റുരച്ചത്.
ഒന്നിനെതിരെ അഞ്ചുഗോള്‍ നേടി പാപ്പച്ചന്‍െറ പാന്തേഴ്സ് കിരീടം നേടി. കളി തുടങ്ങി ഏഴാം മിനിറ്റില്‍ ഇന്ത്യയുടെ കറുത്തമുത്ത് ഐ.എം. വിജയന്‍െറ അവിസ്മരണീമായ ഹെഡില്‍ റോവേഴ്സ് ആദ്യഗോള്‍ നേടി. വിജയനും ഹബീബ് റഹ്മാനും ചേര്‍ന്നുള്ള മുന്നേറ്റത്തിനൊടുവില്‍ രണ്ടുതവണ പാന്തേഴ്സിന്‍െറ ഗോള്‍വലകുലുങ്ങിയെങ്കിലും അത് ഓഫ് സൈഡായി. എന്നാല്‍, പിന്നീടങ്ങോട്ട് പാന്തേഴ്സ് കളിയില്‍ പിടിമുറുക്കി. ഒന്നാം പകുതിയില്‍തന്നെ ഫിറോസിലൂടെ ഗോള്‍ മടക്കിയ പാന്തേഴ്സ് രണ്ടാം പകുതിയില്‍ നേടിയത് നാലുഗോള്‍.
ആറാം നമ്പറായി ഇറങ്ങിയ അനീഷിന്‍െറ എണ്ണം പറഞ്ഞ രണ്ടുഗോളുകളും പി.എ. സന്തോഷിന്‍െറയും ശരത് ലാലിന്‍െറയും ഓരോ ഗോളിനും റോവേഴ്സിന് മറുപടിയുണ്ടായില്ല. അവസാന നിമിഷം വരെ ആക്രമണ ഫുട്ബാള്‍ കഴ്ചവെച്ച ഇരുടീമുകളും ഗ്രൗണ്ടില്‍ ആവേശം വിതറി. കെ.ടി. ചാക്കോയും മെഹ്ബൂബും ആദ്യ പകുതിയില്‍ ഇരു ടീമിന്‍െറയും ഗോള്‍വല കാത്തു. വിജയികള്‍ക്കുവേണ്ടി സി.വി. പാപ്പച്ചന്‍ ഉത്തരമേഖലാ എ.ഡി.ജി.പി സുദേഷ് കുമാറില്‍നിന്ന് ട്രോഫി എറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
