കേരള ബ്ലാസ്റ്റേഴ്സ് -നോർത്ത് ഈസ്റ്റ് മത്സരം 1-1ന് സമനിലയിൽ
text_fieldsകൊച്ചി: രണ്ട് സീസണുകളിലായി ഇൗ വർഷം ബ്ലാസ്റ്റേഴ്സിനുള്ളത് രണ്ടേ രണ്ടു ജയങ്ങൾ മാത്രം. 2019ൽ ബ്ലാസ്റ്റേഴ്സ് ഒരുവട്ടംകൂടി ജയിച്ചു കാണാനുള്ള ആരാധകരുടെ കാത്തിരിപ്പ് വെറുതെയായി. പുതുവത്സരത്തെ പ്രതീക്ഷയോടെ വരവേൽക്കാൻ ഒരുങ്ങിയ മഞ്ഞപ്പടക്ക് ഒടുവിൽ മറ്റൊരു സമനിലകൂടി. നിർണായക മത്സരത്തിൽ സ്വന്തം തട്ടകത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സിനെ നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് 1-1ന് തളച്ചു.
വിരസമായ മത്സരവും റഫറിയുടെ കൃത്യമല്ലാത്ത വിസിലൂതലിനും സാക്ഷിയായ മത്സരത്തിൽ ഇരുവശത്തും വലകുലുങ്ങിയത് പെനാൽറ്റിയിലായപ്പോൾ, ലക്ഷ്യംകണ്ടത് ഇരു ടീമിലെയും ആഫ്രിക്കൻ താരങ്ങളിലൂടെ (ഒാഗ്ബച്ചെ-43, അസമാവോ ഗ്യാൻ-50). ഇതോടെ ബ്ലാസ്റ്റേഴ്സിെൻറ പ്ലേ ഒാഫ് സ്വപ്നങ്ങൾ ഏറെക്കുറെ അടഞ്ഞു.
റാഫേൽ മെസി ബൗളിയെ പുറത്തിരുത്തി ഒഗ്ബച്ചെയെ ഏക സ്ട്രൈക്കറാക്കിയാണ് ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. മലയാളി താരങ്ങളായ സഹൽ അബ്ദുസ്സമദും പ്രശാന്തും ആദ്യ ഇലവനിൽതന്നെ ഇടംപിടിച്ചു. കോർണറിലൂടെയും വിങ്ങിലൂടെയുെമല്ലാം പന്തുനീക്കി ആദ്യ 10 മിനിറ്റ് ബ്ലാസ്റ്റേഴ്സ് കൈയടക്കിയാണ് തുടങ്ങിയത്. നോർത്ത് ഇൗസ്റ്റിന് നിർണായകമായ അവസരം ലഭിക്കുന്നത് 19ാം മിനിറ്റിലാണ്.
ബ്ലാസ്റ്റേഴ്സിെൻറ മിസ്പാസിൽനിന്ന് ലഭിച്ച പന്തുമായി ഘാന താരം അസമാവോ ഗ്യാൻ മുന്നേറിയെങ്കിലും ഗോളി മാത്രം മുന്നിലുള്ളപ്പോൾ പുറത്തേക്കടിച്ചു കളഞ്ഞു. ഭാഗ്യം ആദ്യമായി ബ്ലാസ്റ്റേഴ്സിനെ തുണച്ച സമയം. പിന്നാലെ നോർത്ത് ഇൗസ്റ്റ് ബ്ലാസ്റ്റേഴ്സിെൻറ വലകുലുക്കിയെങ്കിലും ഒാഫ്സൈഡായി. മധ്യനിരയിൽ കാര്യമായ ചലനങ്ങൾ കാണാതിരുന്നതോടെ കോച്ച് ആദ്യപകുതിക്കുമുേമ്പ സഹലിനെ തിരിച്ചുവിളിച്ച് മെസ്സിയെ കളത്തിലിറക്കി.
പെനാൽറ്റി ഭാഗ്യം
ആദ്യ പകുതി അവസാനിക്കാൻ രണ്ടു മിനിറ്റ് ബാക്കിയുള്ളേപ്പാൾ ബ്ലാസ്റ്റേഴ്സിനെ പെനാൽറ്റി തുണച്ചു. മാരിയോ അർക്വസ് േബാക്സിനുള്ളിലേക്ക് നൽകിയ പന്ത് കാലിലാക്കാൻ ഒാടിക്കയറിയ ഒഗ്ബച്ചെയെ സുഭാശിഷ് ചൗധരി ഫൗൾ ചെയ്തു. വീണുകിട്ടിയ അവസരം സൂപ്പർ താരം ഒഗ്ബച്ചെ അനായാസം വലയിലാക്കി. സ്കോർ 1-0. എന്നാൽ, രണ്ടാം പകുതി തുടങ്ങിയത് നോർത്ത് ഇൗസ്റ്റിനെയും പെനാൽറ്റി ഭാഗ്യം തുണച്ചാണ്.
ഇടതുവിങ്ങിൽനിന്നുള്ള ക്രോസ് സെയ്ത്യാസെൻ സിങ്ങിനെ കൈയിൽ തട്ടിയെന്ന് റഫറി വിധിയെഴുതി. എന്നാൽ, റീപ്ലേയിൽ പന്ത് തലയിൽ സ്പർശിച്ചാണ് നീങ്ങിയതെന്ന് വ്യക്തം. പെനാൽറ്റി േപായൻറിലേക്ക് വിരൽ ചൂണ്ടിയ റഫറി വിധിമാറ്റിയില്ല. അവസരം അസമാവോ ഗ്യാൻ (50) അനായാസം ഗോളാക്കുകയും ചെയ്തു. സ്കോർ 1-1.
പിന്നാലെയും നോർത്ത് ഇൗസ്റ്റിന് നിർണായക അവസരങ്ങളെത്തി. സമനിലക്കുരുക്കഴിക്കാൻ ബ്ലാസ്റ്റേഴ്സിെൻറയും കഠിനശ്രമം. സെയ്ത്യാസെൻ സിങ്ങിനെ തിരിച്ചുവിളിച്ച് മലയാളി താരം രാഹുലിനെയും കോച്ച് എൽകോ ഷേട്ടാറി കളത്തിലിറക്കി. മറുവശത്ത് നോർത്ത് ഇൗസ്റ്റ് കോച്ച് റോബർട് ജാർണിയും കാതലായ മാറ്റം വരുത്തി കളി വരുതിയിലാക്കാൻ നോക്കി. പക്ഷേ, കാര്യമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
