Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡല്‍ഹി കോട്ട ...

ഡല്‍ഹി കോട്ട കീഴടക്കാന്‍ ബ്ളാസ്റ്റേഴ്സ്​

text_fields
bookmark_border
ഡല്‍ഹി കോട്ട  കീഴടക്കാന്‍ ബ്ളാസ്റ്റേഴ്സ്​
cancel

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി പ്രതീക്ഷകള്‍ വര്‍ണാഭമാക്കാന്‍ കേരള ബ്ളാസ്റ്റേഴ്സ് വെള്ളിയാഴ്ച ഡല്‍ഹി ഡൈനാമോസിനെതിരെ കളത്തിലിറങ്ങും. തലസ്ഥാന നഗരിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ ഡൈനാമോസിന്‍െറ ഹോം ഗ്രൗണ്ടിലാണ് പോരാട്ടം. തുടര്‍ച്ചയായ നാലാം എവേ മത്സരത്തിലും തോല്‍വിയില്ലാതെ പോയന്‍റ് സ്വന്തമാക്കുക എന്നതിനപ്പുറം ജയിച്ച് പോയന്‍റ് പട്ടികയില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തക്കും മുംബൈ സിറ്റിക്കുമൊപ്പം (12 പോയന്‍റ് വീതം) മുന്‍നിരയിലത്തെുകയാണ് സ്റ്റീവ് കോപ്പലിന്‍െറ ടീമിന്‍െറ ലക്ഷ്യം.

ഏഴു കളികളില്‍ രണ്ടു ജയവും മൂന്നു സമനിലയും രണ്ടു തോല്‍വിയുമായി ഒമ്പതു പോയന്‍റുള്ള ബ്ളാസ്റ്റേഴ്സ് നിലവില്‍ ആറാമതാണ്. വെള്ളിയാഴ്ച ജയിക്കാനായാല്‍ 10 വീതം പോയന്‍റുമായി മുന്നിലുള്ള ഡല്‍ഹി, ചെന്നൈയിന്‍ എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എന്നിവയെ മറികടക്കാം. ഏഴു മത്സരങ്ങളില്‍ രണ്ടു വിജയവും നാലു സമനിലയും ഒരു തോല്‍വിയുമുള്ള ഡല്‍ഹിക്കാകട്ടെ ഇന്നത്തെ ജയം ഒറ്റക്ക് ഒന്നാം സ്ഥാനത്തേക്കുള്ള വഴി തുറക്കും.

മൂന്നാം പതിപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ഗുവാഹതിയില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനോട് തോറ്റശേഷം കേരള ബ്ളാസ്റ്റേഴ്സ് എതിരാളികളുടെ തട്ടകങ്ങളില്‍ പരാജയമറിഞ്ഞിട്ടില്ല. കൊച്ചിയില്‍ ഒന്നു വീതം തോല്‍വിയും സമനിലയും ജയവുമായി എവേ മത്സരങ്ങള്‍ക്ക് തിരിച്ച കേരള സംഘം ചെന്നൈയിനെയും പുണെയെയും സമനിലയില്‍ പിടിക്കുകയും ഗോവയെ തോല്‍പിക്കുകയും ചെയ്തു. വെള്ളിയാഴ്ചകൂടി പരാജയമൊഴിവാക്കാനായാല്‍ എവേ ലെഗില്‍ മികച്ച റിസല്‍ട്ടാവുമത്. ജയിക്കാനായാല്‍ ബോണസും.

ആദ്യ ഇലവനിലെ കളിക്കാരെ മാറിമാറിപ്പരീക്ഷിച്ച ആദ്യ മത്സരങ്ങള്‍ക്കുശേഷം ഏറക്കുറെ ഉറച്ച സംഘവുമായാണ് കോപ്പല്‍ തുടര്‍ച്ചയായ മൂന്നു എവേ മത്സരങ്ങള്‍ക്കും ടീമിനെ ഇറക്കിയത്. ഗോള്‍വലക്കുമുന്നില്‍ സന്ദീപ് നന്ദി, പ്രതിരോധമധ്യത്തില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസ്-സെഡ്രിക് ഹെങ്ബര്‍ട്ട് ജോടി, ഇരുവശത്തുമായി സന്ദേശ് ജിങ്കാനും ഹോസു പ്രീറ്റോയും, മധ്യനിരയില്‍ പ്രതിരോധാത്മകമായി കളിക്കാന്‍ അസ്റാക് മുഹമ്മദ്, മെഹ്താബ് ഹുസൈന്‍, ആക്രമിച്ച് കളിക്കാന്‍ മുഹമ്മദ് റഫീഖ്, മുന്‍നിരയില്‍ മൈക്കല്‍ ചോപ്ര-കെര്‍വന്‍സ് ബെല്‍ഫോര്‍ട്ട്-മുഹമ്മദ് റാഫി ത്രയം എന്നിവരടങ്ങിയ നിരയില്‍ ഇന്നും മാറ്റമുണ്ടാവാന്‍ സാധ്യതയില്ല. കഴിഞ്ഞ കളിയില്‍ പേശിവലിവ് മൂലം ഇടക്ക് കളംവിട്ട ചോപ്ര വെള്ളിയാഴ്ച ഇറങ്ങുമെന്നാണ് സൂചന. ചോപ്ര പുറത്തിരിക്കുകയാണെങ്കില്‍ അന്‍േറാണിയോ ജര്‍മനോ ഡെക്കന്‍സ് നാസണോ അവസരം ലഭിക്കും.

മധ്യനിരയില്‍ കളി മെനയുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മിഡ്ഫീല്‍ഡ് ജനറലിന്‍െറ അഭാവം മുഴച്ചുനില്‍ക്കുന്നുണ്ടെങ്കിലും പ്രതിരോധത്തിലെ ചങ്കുറപ്പ് കൈമുതലാക്കിയാണ് ടീമിന്‍െറ മുന്നേറ്റം. ഗോള്‍വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കുന്ന പ്രതിരോധം തന്നെയാണ് ടീമിന്‍െറ ആണിക്കല്ല്. മധ്യനിരയില്‍ അസ്റാകും മെഹ്താബും ഓരോ കളി കഴയുന്തോറും മെച്ചപ്പെടുന്നതും നേട്ടമാവുന്നു.

എന്നാല്‍, മുന്‍നിര ഗോളടിക്കുന്നതിന് പകരം അവസരങ്ങള്‍ പാഴാക്കുന്നതിലാണ് കൂടുതല്‍ മികവുകാട്ടുന്നത് എന്നതുതന്നെയാണ് ലീഗ് നിര്‍ണായകമായ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍ കോപ്പലിനെ കുഴക്കുന്നത്.

ഏഴു കളികളില്‍ നാലു ഗോള്‍ മാത്രമാണ് ബ്ളാസ്റ്റേഴ്സിന് നേടാനായത്. അതില്‍തന്നെ ഒന്ന് പിറന്നത് സെന്‍റര്‍ ബാക്ക് ഹെങ്ബര്‍ട്ടിന്‍െറ ബൂട്ടില്‍നിന്ന്. ചോപ്ര, ബെല്‍ഫോര്‍ട്ട്, റാഫി എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.

അതേസമയം, ഡല്‍ഹിയുടെ കരുത്ത് അവരുടെ മുന്നേറ്റനിരയുടെ ഫോമാണ്. ഇതുവരെ 10 ഗോളുകള്‍ ഡല്‍ഹി സ്കോര്‍ ചെയ്തുകഴിഞ്ഞതില്‍ അവരുടെ തുരുപ്പുചീട്ട് മാഴ്സലീന്യോ ഒറ്റക്കുതന്നെ ബ്ളാസ്റ്റേഴ്സിന്‍െറ അത്രയും ഗോളുകള്‍ നേടിയിട്ടുണ്ട്. മൈതാനമധ്യത്ത് കളി മെനയുകയും ഒപ്പം ഗോളടിക്കുകയും ചെയ്യുന്ന ബ്രസീലുകാരന്‍ തന്നെയാണ് ഡല്‍ഹിയുടെ കുന്തമുന.

കഴിഞ്ഞ കളിയില്‍ ഗോവക്കെതിരെ ഒരു ഗോള്‍ പിന്നിട്ടുനില്‍ക്കവെ, കോച്ച് കളത്തിലിറക്കിയ മാഴ്സലീന്യോയാണ് മനോഹര ഗോളിലൂടെയും അസിസ്റ്റിലൂടെയും കളി തിരിച്ചത്. ഒപ്പം റിച്ചാര്‍ഡ് ഗാഡ്സെ, ബദ്റ ബാജി എന്നിവരും ചേരുന്നതോടെ ഡൈനാമോസിന്‍െറ മുന്‍നിരക്ക് ഡൈനാമിറ്റിന്‍െറ ശക്തിയാവും.

മധ്യനിരയില്‍ കളി നിയന്ത്രിക്കുന്ന മാര്‍ക്വീതാരം ഫ്ളോറന്‍റ് മലൂദ ഫോം കണ്ടത്തെിത്തുടങ്ങിയതും കോച്ച് ജിയാന്‍ലൂക സാംബ്രോട്ടക്ക് ആവേശമേകും. ഗോവക്കെതിരെ മാന്‍ ഓഫ് ദ മാച്ചായ മലയാളി ഡിഫന്‍റര്‍ അനസ് എടത്തൊടികയുടെ കളിമികവും ഡല്‍ഹിക്ക് കരുത്താവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters
News Summary - ISL kerala blasters
Next Story