ഐ.എസ്.എൽ: ജാംഷഡ്പൂരിന് സമനില
text_fieldsഹൈദരാബാദ്: 88ാം മിനിറ്റിൽ തെൻറ ഫൗളിനെത്തുടർന്ന് നിഷേധിക്കപ്പെട്ട ഗോളിന് ഇഞ്ച്വ റി സമയത്ത് വലകുലുക്കി സുമീത് പാസി പ്രായശ്ചിത്വം ചെയ്തതോടെ ഐ.എസ്.എല്ലിൽ അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്.സിക്കെതിരെ സമനില പിടിച്ച് ജാംഷഡ്പുർ തടിയൂരി.
39ാം മിനിറ്റിൽ നെസ്റ്റോർ ഗോർഡിലോ നേടിയ ഗോളിലൂടെ മുന്നിൽകയറിയ ആതിഥേയർ അവസാന നിമിഷം വരെ ലീഡ് കാത്തെങ്കിലും സുമീത് പാസി രണ്ടാമത്തെ ജയമെന്ന മോഹം തല്ലിക്കെടുത്തുകയായിരുന്നു. ഇഞ്ച്വറി സമയത്ത് നോയെ അകോസ്റ്റയെടുത്ത ഫ്രീകിക്ക് മാർക്ക് ചെയ്യപ്പെടാതിരുന്ന പാസി ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.
88ാം മിനിറ്റിൽ അകോസ്റ്റ ഫ്രീകിക്കിലൂടെ പന്ത് വലയിലാക്കിയെങ്കിലും പാസി ഹൈദരാബാദ് ഗോളി കട്ടിമാണിയെ ഫൗൾ ചെയ്തതിനെത്തുടർന്ന് ഗോൾ അനുവദിച്ചില്ല.
17 കളികളിൽനിന്ന് 18 പോയൻറുമായി ജാംഷഡ്പുർ ഏഴാം സ്ഥാനത്തും ഏഴുപോയൻറ് മാത്രമുള്ള ഹൈദരാബാദ് 10ാം സ്ഥാനത്തുമാണ്.
