ഗോവൻ പടയോട്ടം; ബ്ലാസ്റ്റേഴ്സിന് ആറാം തോൽവി
text_fieldsമഡ്ഗാവ്: വിജയതാളം വീണ്ടെടുക്കാനുള്ള ബ്ലാസ്റ്റേഴ്സ് സ്വപ്നങ്ങളെ തച്ചുടച്ച് ഗോവൻ പടയോട്ടം. എതിരാളിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ കീഴടങ്ങാതെ പോരാടിയെ ങ്കിലും 3-2ന് കേരള ബ്ലാസ്റ്റേഴ്സ് വീണു. കളിയുടെ ആദ്യ പകുതിയിൽ രണ്ട് ഗോളിന് മുന്നിൽ നിന്ന ഗോവക്കെതിരെ രണ്ടാംപകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചെങ്കിലും അവസാന പോരാട്ടത്തിൽ ഒരു േഗാൾകൂടി നേടി ഗോവ വിജയം ഉറപ്പിച്ചു.
രണ്ട് ഗോളടിച്ച (26, 83 മിനിറ്റ്) മൊറോക്കൻ മിഡ്ഫീൽഡർ ഹ്യൂഗോ ബൗമസിെൻറ മികവാണ് ഗോവക്ക് തുണയായത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ഫെറാൻ കൊറോമിനസിെൻറ ക്രോസിനെ ലക്ഷ്യത്തിലെത്തിച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരം ജാകിചന്ദ് സിങ്ങും പട്ടികയിൽ ഇടം പിടിച്ചു.
രണ്ടാം പകുതിയിൽ വിങ്ങുകളിലൂടെ ആക്രമണം കനപ്പിച്ച ബ്ലാസ്റ്റേഴ്സിന് 53ാം മിനിറ്റിൽ ആദ്യ ഗോൾ പിറന്നു. ആളൊഴിഞ്ഞ ഗോവൻ ബോക്സിനുള്ളിലേക്ക് ഒഗ്ബച്ചെ നൽകിയ ക്രോസിൽ അനായാസ ഫിനിഷിങ് നടത്തിയാണ് മെസ്സി ബൗളി ആദ്യ ഗോൾ നൽകിയത്. ആവേശത്തോടെ പോരാട്ടം തുടർന്ന കേരളം 69ാം മിനിറ്റിൽ ഒഗ്ബച്ചെയുടെ ഹെഡ്ഡറിലൂടെ രണ്ടാം ഗോളും നേടി.
സിഡോഞ്ച നൽകിയ കോർണർ കിക്കിനെ ഒഗ്ബച്ചെ ഗ്രൗണ്ട് ഹെഡ്ഡറിലൂടെ വലയിലാക്കി. തൊട്ടുപിന്നാലെ സെയ്ത്യാസെന്നിനു പകരം സഹലിനെ വിളിച്ച് ബ്ലാസ്റ്റേഴ്സ് വിജയത്തിനായി അധ്വാനിച്ചെങ്കിലും ഗോളിച്ചത് ഗോവയാണ്. അഹമ്മദ് ജാഹുവിെൻറ ലോങ് ക്രോസ് മനോഹരമായ വോളിയിലൂടെ ബൗമസ് വലയിലാക്കി. ജയത്തോടെ ഗോവ പോയൻറ് പട്ടികയിൽ (25) ഒന്നാമതായി. ആറാം തോൽവിയോടെ ബ്ലാസ്റ്റേഴ്സ് (14) എട്ടാമതും.