ഇത് സിക്സർ ലീഗ്
text_fieldsഇന്ത്യൻ ഫുട്ബാളിെൻറ ഉത്സവകാലം വീണ്ടും വരവായി. ആറുവർഷം മുമ്പ് വലിയ സ്വപ്നങ്ങളുമായി കിക്കോഫ് കുറിച്ച ഇന്ത്യൻ സൂപ്പർ ലീഗിെൻറ പുതു സീസൺ കൊടിയേറ്റത്തിന് ഇനി പത്ത് നാൾ കാത്തിരിപ്പ്. ആറാം സീസൺ ഐ.എസ്.എൽ പോരാട്ടങ്ങൾക്ക് ഒക്ടോബർ 20ന് കൊച്ചിയുടെ തിരുമുറ്റത്ത് കിക്കോഫ് കുറിക്കും. ഒട്ടേറെ പുതുമകളോടെയാണ് ഫുട്ബാൾ ഇന്ത്യ സൂപ്പർ ലീഗിനെ വരവേൽക്കുന്നത്. പത്ത് ടീമുകൾ എന്നനമ്പർ നിലനിർത്തിയേപ്പാൾ രണ്ട് നഗരങ്ങൾ കാൽപന്ത് വസന്തത്തിെൻറ ഭാഗമാവുന്നു. പ്രഥമ സീസൺ മുതൽ സൂപ്പർ ലീഗിെൻറ ഭാഗമായിരുന്ന പുണെ സിറ്റി എഫ്.സി, ഹൈദരാബാദ് എഫ്.സിയായപ്പോൾ, ഡൽഹി ഡൈനാമോസ് ഭുവനേശ്വറിലേക്ക് കൂടുമാറി ഒഡിഷ എഫ്.സി എന്ന പേരു സ്വീകരിച്ചു. പഴയ കുപ്പിയിൽ പുതിയ വീഞ്ഞെന്ന പോലെയാണ് അവശേഷിച്ച എട്ടു ടീമുകളുടെ വരവ്. രൂപവും ഭാവവും പഴയതുതന്നെ. എന്നാൽ, ടീമിൽ അടിമുടി മാറ്റവുമായാണ് ഒരുക്കം.
അടിസ്ഥാന സ്വഭാവത്തിൽ മാറ്റംവരുത്താൻ മടിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയും റണ്ണേഴ്സ് അപ്പായ എഫ്.സി ഗോവയുംവരെ പരീക്ഷണങ്ങൾ നടത്തി. എന്നാൽ, ഹോം ഗ്രൗണ്ട് സംബന്ധിച്ച അനിശ്ചിതത്വം അവസാനിക്കാത്ത ബംഗളൂരുവിന് തട്ടകത്തിെൻറ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
സ്പാനിഷ് മസാല
2014 പ്രഥമ സീസൺ മുതൽ സൂപ്പർ ലീഗിന് സ്പാനിഷിനോടാണ് ചായ്വ്. പല ഡിവിഷനുകളിലായി ആഭ്യന്തര ലീഗ് സജീവമായ സ്പെയിനിൽ നിന്നും പരിശീലകരും കളിക്കാരുമായി എല്ലാക്ലബിലുമുണ്ട് എരിവും പുളിയും തികഞ്ഞ സ്പാനിഷ് മസാല. ഇക്കുറിയും പതിവ് തെറ്റുന്നില്ല. പത്തിൽ ഏഴ് ക്ലബിലുമുണ്ടെ് സ്പാനിഷ് സാന്നിധ്യം. ചെന്നൈയിൻ, മുംബൈ, നോർത് ഈസ്റ്റ് ഒഴികെ എല്ലാ ടീമിലും അവരുണ്ട്. ഇക്കുറി ആകെ 22 പേരാണ് റയലിെൻറയും ബാഴ്സലോണയുടെയും നാട്ടിൽനിന്ന് കളിക്കാനെത്തുന്നത്. പത്തിൽ അഞ്ചു ടീമുകളുടെ പരിശീലകരും സ്പാനിഷുകാരാണ്.
രണ്ട് ഇംഗ്ലണ്ടുകാർ പോർചുഗൽ, നെതർലൻഡ്സ്, ക്രൊയേഷ്യ എന്നിവിടങ്ങളിൽനിന്ന് ഒാരോരുത്തരും.
25 അംഗ ടീമിൽ ഏഴ് വിദേശ താരങ്ങളെ ഉൾപ്പെടുത്താനാണ് അനുമതി. െപ്ലയിങ് ഇലവനിൽ അഞ്ചുവരെ ഇടം നൽകാം. മാർക്വീ താരം എന്ന ഗ്ലാമർ പട്ടം പറിച്ചുമാറ്റപ്പെട്ടപ്പോൾ ഇക്കുറി ലോകമറിയുന്ന താരമായി ഒരാളേയുള്ളൂ. നോർത് ഈസ്റ്റ് നിരയിലെത്തിയ ഘാന ഇതിഹാസം അസമാവോ ഗ്യാൻ.