സഹപരിശീലകനായി തിളങ്ങി, പരിശീലക വേഷത്തിൽ മങ്ങി
text_fieldsകൊച്ചി: സഹപരിശീലകനായി തിളങ്ങുകയും പരിശീലകകുപ്പായത്തിൽ മങ്ങുകയും ചെയ്തയാളാണ് റെയ്നാർഡ് ജോസെഫ് പെട്രസ് മ്യൂലെൻസ്റ്റീൻ എന്ന റെനെ മ്യൂലെൻസ്റ്റീൻ എന്ന 53കാരൻ. അലക്സ് ഫെർഗൂസൻ പ്രധാന പരിശീലകനായിരിക്കെയാണ് റെനെ മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പം ചേരുന്നത്. 12 വർഷം അവിടെ തുടർന്നു. 2008-09, 2010-11, 2012--13 വര്‍ഷങ്ങളില്‍ മാഞ്ചസ്റ്റർ പ്രിമിയര്‍ ലീഗ് കിരീടം, രണ്ടു കമ്യൂനിറ്റി ഷീല്‍ഡ്, രണ്ടു ലീഗ് കപ്പ്, ഓരോ ചാമ്പ്യന്‍സ് ലീഗ്, ക്ലബ് ലോകകപ്പ് കിരീടങ്ങള്‍ നേടുന്നതിൽ റെനെ പങ്കുവഹിച്ചു.
എന്നാൽ അതെല്ലാം ഫെർഗൂസെൻറ നിഴലിലായിരുന്നെന്ന് മാത്രം. ഫെർഗൂസനു പിന്നാലെ ഡേവിസ് മോയെസ് സ്ഥാനമേറ്റപ്പോൾ റെനെ ഓൾഡ് ട്രാഫഡിലേക്ക് ചേക്കേറി. പിന്നീട് റഷ്യൻ ക്ലബായ അൻഷി മഖച്ച്കലയിലെത്തി. അവിടെ പരിശീലകനായിരുന്ന ഗസ് ഹിഡിങ്കിനെ സഹായിക്കുകയായിരുന്നു ദൗത്യം. ഹിഡിങ്ക് സ്ഥാനമൊഴിഞ്ഞപ്പോൾ പരിശീലക കുപ്പായം ലഭിച്ചെങ്കിലും മോശം പ്രകടനത്തെത്തുടർന്ന് 16 ദിവസത്തിനുള്ളിൽ ഒഴിവാക്കപ്പെട്ടു. 2013ൽ ഫുൾഹാമിലെത്തി. അവിടെയും നല്ല കാലമായിരുന്നില്ല റെനെക്ക്.