ബ്ലാസ്റ്റേഴ്സ്-ഗോകുലം എഫ്.സി മത്സരം കോഴിക്കോട്ട്
text_fieldsകൊച്ചി: ഐ.എസ്.എൽ നാലാം സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് ഗോകുലം എഫ്.സിയുമായി ഏറ്റുമുട്ടും. ഇന്ത്യയിലെ പ്രമുഖ ക്ലബുകളുമായി സന്നാഹ മത്സരങ്ങൾ കളിക്കുന്നതിെൻറ ഭാഗമായി 11ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. കേരള ഡെർബി എന്ന പേരിൽ മത്സര വിവരം സ്റ്റേഡിയത്തിെൻറ ഫേസ്ബുക്ക് പേജിലും ചേർത്തിട്ടുണ്ട്. അതേസമയം, സമയവും മത്സരത്തിന് കാണികളെ അനുവദിക്കുന്നതും ഉൾപ്പെടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഹൈദരാബാദിലെ ടീമിെൻറ പരിശീലന ക്യാമ്പിലും സ്പെയിനിലെ വിദേശ ക്ലബുമായുള്ള മത്സരങ്ങളിലും കാണികൾക്കോ മാധ്യമങ്ങൾക്കോ പ്രവേശനം അനുവദിച്ചിരുന്നില്ല. ടീം ഫോർമേഷൻ സംബന്ധിച്ച വിവരങ്ങൾ പുറത്താകുമെന്നതിനാൽ മത്സരങ്ങളുടെ ചിത്രങ്ങളോ ദൃശ്യങ്ങളോ പുറത്തുവിട്ടതുമില്ല. രണ്ടു ദിവസത്തിനുള്ളിൽ വിദേശ താരങ്ങൾ ഉൾപ്പെടെ ടീമംഗങ്ങൾ എല്ലാവരും കേരളത്തിലെത്തും. സ്പെയിനിലെ പരിശീലനത്തിനുശേഷം എല്ലാവർക്കും വീടുകളിൽ പോകാൻ കോച്ച് അനുവാദം നൽകിയിരുന്നു. ബെർബറ്റോവ് ചൊവ്വാഴ്ചയോടെ കൊച്ചിയിലെത്തുമെന്നാണ് സൂചന. ഇയാൻ ഹ്യൂം കഴിഞ്ഞ ദിവസം എത്തിയിരുന്നു.
