പുതുഭാഗ്യം തേടി ബ്ലാസ്റ്റേഴ്സ്
text_fieldsകൊച്ചി: തകർച്ചയിൽനിന്ന് കരകയറാൻ പുതിയ തന്ത്രങ്ങളുമായി കേരള ബ്ലാസ്റ്റേഴ്സ് വ്യാഴാഴ്ച പടക്കിറങ്ങുന്നു. പുതുവർഷത്തിലെ ആദ്യ മത്സരത്തിൽ കരുത്തരായ പുണെ സിറ്റി എഫ്.സിയാണ് ബ്ലാസ്റ്റേഴ്സിെൻറ എതിരാളികൾ. സ്ഥാനമൊഴിഞ്ഞ റെനെ മ്യൂലൻസ്റ്റീനു പകരം മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് െജയിംസിെൻറ ശിക്ഷണത്തിലാണ് ടീം ഭാഗ്യം തേടുന്നത്. രാത്രി എട്ടിന് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. എട്ട് മത്സരങ്ങളിൽനിന്ന് 15 പോയൻറുമായി പട്ടികയിൽ രണ്ടാംസ്ഥാനത്താണ് പുണെ. ഏഴ് കളികളിൽനിന്ന് ഏഴ് പോയൻറുമായി എട്ടാംസ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.
അവസാനമത്സരത്തിൽ ഹോംഗ്രൗണ്ടിൽ ബംഗളൂരു എഫ്.സിയോടേറ്റ ദയനീയപരാജയത്തിെൻറ അങ്കലാപ്പ് മാറുംമുമ്പേയാണ് പരിശീലകൻ റെനെ മ്യൂലൻസ്റ്റീൻ ബ്ലാസ്റ്റേഴ്സിനെ കൈവിട്ടത്. നടുക്കടലിൽ അകപ്പെട്ട നിലയിൽനിന്നാണ് ടീം പുതിയതീരം തേടുന്നത്. മികച്ച ഫോമിൽ മുന്നേറുന്ന പുണെയെ തളക്കാൻ ഡേവിഡ് െജയിംസും കൂട്ടരും ഏറെ വിയർക്കേണ്ടിവരും. ബുധനാഴ്ച ടീമിെൻറ പരിശീലനത്തിനൊപ്പം െജയിംസ് പൂർണസമയം ചെലവിട്ടിരുന്നു. മികച്ച പ്ലേമേക്കറുടെ അഭാവം നേരിടുന്ന ബ്ലാസ്റ്റേഴ്സിന് െജയിംസ് എന്ത് തന്ത്രമാകും പകർന്നുനൽകുകയെന്നതാണ് പ്രധാനം. മിഡ്ഫീൽഡിൽ നല്ലൊരു താരമില്ലെന്നതാണ് വലിയ വെല്ലുവിളി. വിനീത് ഉൾപ്പെടെ താരങ്ങളുടെ പരിക്കും തിരിച്ചടിയാണ്. ഫിറ്റ്നസ് വീണ്ടെടുത്ത ബെർബറ്റോവ് കളിക്കുമെന്നതാണ് ആശ്വാസം. െജയിംസിെൻറ ഇഷ്ടശൈലിയായ 4--4-2 രീതിയിലാവും ബ്ലാസ്റ്റേഴ്സ് കളത്തിലെത്തുക. ഇയാന്‍ ഹ്യൂമിനൊപ്പം മാര്‍ക്ക് സിഫ്നിയോസിനും ആക്രമണചുമതല ലഭിച്ചേക്കും. നാല് മഞ്ഞക്കാർഡ് കണ്ട നെമാഞ്ച പെസിച്ചിെൻറ അഭാവത്തിൽ വെസ് ബ്രൗണ്‍ സെന്‍ട്രല്‍ ഡിഫന്‍സില്‍ ജിങ്കാനൊപ്പം പ്രതിരോധത്തിലിറങ്ങിയേക്കും. മറ്റ് കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായേക്കില്ല.
മറുഭാഗത്ത്, തുടർച്ചയായ രണ്ട് മത്സരങ്ങൾ ജയിച്ച ആത്മവിശ്വാസത്തിലാണ് പുണെ കൊച്ചിയിലെത്തിയത്. ഗോവയെ അവരുടെ തട്ടകത്തിൽ 2-0നും നോർത്ത് ഈസ്റ്റിനെ സ്വന്തം മൈതാനത്ത് 5-0നുമാണ് മാഴ്സലീന്യോയുടെ സംഘം ചുരുട്ടിക്കെട്ടിയത്. മുന്നേറ്റനിരയാണ് കരുത്ത്. കഴിഞ്ഞ സീസണിലെ ഗോൾവേട്ടയുടെ ആവർത്തനവുമായി മാഴ്സലീന്യോയും ഉറുഗ്വേ താരം എമിലിയാനോ ആൽഫാരോയും മിന്നുന്ന ഫോമിലാണ്. ആദിൽഖാൻ, മലയാളിതാരം ആഷിക് കരുണിയൻ എന്നിവരും ഗോളടിയിൽ മിടുക്കരാണ്. മധ്യനിരയിൽ മാർക്കോസ് ടെബാർ, െജാനാഥൻ ലൂക്ക എന്നിവരാണ് കളി മെനയുന്നത്. ബൽജിത് സാഹ്നി പരിക്കിെൻറ പിടിയിലായതിനാൽ കളത്തിലിറങ്ങില്ല. മോശം പെരുമാറ്റത്തിന് നാല് മത്സരങ്ങളിൽ സസ്പെൻഷൻ നേരിടുന്ന മുഖ്യപരിശീലകൻ റാങ്കോ പോപോവിച്ചിന് ഗാലറിയിലിരുന്ന് കളി കാണേണ്ടിവരും.
ഐ.എസ്.എല്ലിൽ ആറ് മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ നാലിലും ബ്ലാസ്റ്റേഴ്സിനായിരുന്നു ജയം. ഒരു മത്സരം സമനിലയിൽ കലാശിച്ചു. ഒരുതവണ മാത്രമാണ് പുണെക്ക് ജയിക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
