Home / News / സുനിൽ ഛേത്രിക്ക് ഹാട്രിക്ക്; പുണെയെ വീഴ്ത്തി ബെംഗളൂരു ഫൈനലിൽ
March 11 / 10:05 PM

സുനിൽ ഛേത്രിക്ക് ഹാട്രിക്ക്; പുണെയെ വീഴ്ത്തി ബെംഗളൂരു ഫൈനലിൽ

ബംഗളൂരു: ആളും ആരവവും ബാൻഡുമേളവുമൊക്കെയായി ബംഗളൂരു ആരാധകർ ഗാലറിയിൽ ആവേശപ്പെരുമഴ തീർത്ത രണ്ടാംപാദ സെമിയിൽ 20,000 ത്തിലേറെ കാണികളോടും ബംഗളൂരുവി​​െൻറ 11 കളിക്കാരോടും പൊരുതി പുണെ തോറ്റു. ഇഞ്ചോടിഞ്ച്​ പോരാട്ടം കണ്ട മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബംഗളൂരുവി​​െൻറ ജയം. ​ക്യാപ്​റ്റൻ സുനിൽ ഛേത്രി ഹാട്രിക്​ നേടിയപ്പോൾ പുണെയുടെ ആശ്വാസഗോൾ പകരക്കാരനായിറങ്ങിയ ഇറ്റാലിയൻ താരം ജോനാഥൻ ലൂക്കയുടെ വകയായിരുന്നു. 

ഗോൾവേട്ടക്കാരായ അൽഫാരോയും മാഴ്​സലീന്യോയും നയിച്ച പുണെ പട 3-5-2 ശൈലിയിലാണ്​ കളത്തിലിറങ്ങിയത്​. ആതിഥേയരാക​െട്ട, കഴിഞ്ഞ രണ്ടു കളികളിലും പകരക്കാരനായിറങ്ങിയ ഉദാന്ത സിങ്ങിനെ ഛേത്രിക്കും മിക്കുവിനുമൊപ്പം ആക്രമണത്തിനിറക്കി. കുറിയ പാസുകളുമായി ഇരു നിരയും നടത്തിയ മുന്നേറ്റങ്ങൾക്കൊടുവിൽ 15ാം മിനിറ്റിൽ ബംഗളൂരു കാത്തിരുന്ന ഗോളെത്തി. ഉദാന്തയുടെ വേഗവും ഛേത്രിയുടെ മിടുക്കും സമന്വയിച്ചതായിരുന്നു ഗോൾ. ]

പുണെ പ്രതിരോധത്തിലെ സാഹിൽ പൻവാറിനെ രണ്ടുവട്ടം കബളിപ്പിച്ച്​ ഉദാന്ത ഗോൾമുഖത്തേക്ക്​ തൊടുത്ത ക്രോസ്​ ഛേത്രി പോസ്​റ്റി​​െൻറ ഇടതുമൂലയി​േലക്ക്​ തലകൊണ്ട്​ ചെത്തിയിടു​േമ്പാൾ തൊട്ടടുത്തുണ്ടായിരുന്ന മിക്കുവിലായിരുന്നു പുണെ ഗോളി വിശാലി​​െൻറ കണ്ണുകൾ. പക്ഷേ, കണക്കുകൂട്ടലുകൾ തെറ്റിയപ്പോൾ ബംഗളൂരുവിന്​ ഒന്നാം ഗോളി​​െൻറ ലീഡ് (1-0)​. അപ്രതീക്ഷിത ഗോളിൽ ഞെട്ടിയ പുണെ കൂടുതൽ ഏകോപനത്തോടെ ആക്രമണം ശക്​തമാക്കിയെങ്കിലും നിർഭാഗ്യം വില്ലനായി. ഗോളുകൾ അകന്നുനിന്ന ഒന്നാം പകുതി പിരിഞ്ഞു. 
രണ്ടാം പകുതിയിൽ പ്രതിരോധത്തിലെ മാറ്റവുമായാണ്​ പുണെ തുടങ്ങിയത്​. മാഴ്​സലീന്യോയുടെയും അൽഫാരോയുടെയും തിരിച്ചടി ശ്രമങ്ങൾ ഗോളിനരികിലെത്തിയെങ്കിലും വലകുലുക്കാനായില്ല. ഒരു പെനാൽറ്റി അപ്പീൽ റഫറി തള്ളുകയും ചെയ്​തു. എന്നാൽ, 64ാം മിനിറ്റിൽ ഛേത്രിയെ സാർതക്​ വീഴ്​ത്തിയതിന്​ റഫറി ഒട്ടും മടിക്കാതെ പെനാൽറ്റി സ്​പോട്ടിലേക്ക്​ വിരൽചൂണ്ടി. കിക്കെടുത്ത ബംഗളൂരു ക്യാപ്​റ്റൻ പുണെ ഗോളി വിശാലിനെ കബളിപ്പിച്ച്​ പന്ത്​ വലയിലേക്ക്​ ചിപ്പ്​ ചെയ്​തിട്ടു (2-0). രണ്ടാം ഗോളിനു പിന്നാലെ ബംഗളൂരു കളി വീണ്ടെടുത്തു. 68ാം മിനിറ്റിൽ രാഹുൽ ഭേക്കെയുടെ ഷോട്ട്​ പുണെ പോസ്​റ്റിൽ തട്ടി തെറിച്ചു. 

71ാം മിനിറ്റിലെ സബ്​സ്​റ്റിറ്റ്യൂഷനിലൂടെയെത്തിയ ജോനാഥൻ ലൂക്ക പുണെയുടെ ലക്ഷ്യം കണ്ടു. 82ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ​ ഗോളി ഗുർപ്രീതിനെ നിസ്സഹായനാക്കി ലൂക്ക ബംഗളൂരുവി​​െൻറ നെഞ്ചു കലക്കി  (2-1). ലൂക്കയുടെ മറ്റൊരു ഫ്രീകിക്ക്​ ബംഗളൂരുവി​​െൻറ ക്രോസ്​ബാറിൽ തട്ടിത്തെറിക്കുകയും ചെയ്​തു.  കളിയുടെ അവസാന മിനിറ്റുകളിൽ മിക്കുവിന്​ പകരമിറങ്ങിയ ഡാനിയേലിന്​ ​കിട്ടിയ ഗോളവസരം മുതലെടുക്കാനായില്ല. 

പുണെയുടെ തുടർ ശ്രമങ്ങൾക്കിടെ, 89ാം മിനിറ്റിൽ ഛേത്രിയുടെ ഏകാംഗമുന്നേറ്റം ഗോളിലവസാനിച്ചതോടെ പുണെയുടെ കഥകഴിഞ്ഞു; ഫൈനൽ മോഹങ്ങളും. 
സുനിൽ ഛേത്രിയാണ്​ കളിയിലെ കേമൻ. ചെ​െന്നെയിൽ നടക്കുന്ന എഫ്​.സി ഗോവ^ചൈന്നൈയിൻ എഫ്​.സി രണ്ടാംപാദ സെമി വിജയികളെ 17ന്​ സ്വന്തം തട്ടകത്തിൽ നടക്കുന്ന കലാശക്കളിയിൽ ബംഗളൂരു നേരിടും. 

COMMENTS

Please Note: ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക

top