മെക്സിക്കോയെ തരിപ്പണമാക്കി അർജൻറീന; പെറുവിനോട് തോറ്റ് ബ്രസീൽ

13:50 PM
11/09/2019

ലോസ് ആഞ്ചൽസ്: സൗഹൃദ മത്സരത്തിൽ ലാറ്റിനമേരിക്കൻ ശക്തികളായ അർജൻറീനക്ക് ജയവും ബ്രസീലിന് തോൽവിയും. ലൊതാറോ മാർട്ടിനസ് നേടിയ ഹാട്രിക് മികവിൽ അർജന്റീന മെക്സിക്കോയെ 4-0ന് തകർത്തു. 17, 22, 39 മിനിറ്റുകളിലായാണ് മെക്സിക്കോ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവയെ മറികടന്ന് മാർട്ടിനസ് വല കുലുക്കിയത്. 22 കാരനായ മാർട്ടിനസിൻെറ ആദ്യത്തെ അന്താരാഷ്ട്ര ഹാട്രിക്ക് നേട്ടമാണിത്. 33ാം മിനുട്ടിൽ പെനാൽറ്റിയിലൂടെ ലിയാൻഡ്രോ പരേഡെസിൻെറ വകയായിരുന്നു മറ്റൊരു ഗോൾ.


2016ൽ ചിലിയോട് 7-0 ന് തോറ്റതിന് ശേഷം മെക്സിക്കോയുടെ ഏറ്റവും വലിയ തോൽവിയാണിത്. കോച്ച് ജെറാർഡോ മാർട്ടിനോക്ക് കീഴിലെ ആദ്യ തോൽവിയാണ്. ജനുവരിയിൽ പരിശീലക പദവി ഏറ്റെടുത്ത ശേഷം തുടർച്ചയായ 11 വിജയങ്ങളിലേക്ക് ടീമിനെ നയിക്കാൻ അദ്ദേഹത്തിനായി.

 


ഒരു വർഷത്തിനുള്ളിലെ ആദ്യ പരാജയമറിഞ്ഞ് ബ്രസീൽ
സൗഹൃദമത്സരത്തിൽ പെറുവിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ബ്രസിൽ. ചൊവ്വാഴ്ച ലോസ് ഏഞ്ചൽസിൽ നടന്ന മത്സരത്തിൽ ലൂയിസ് അബ്രാം നേടിയ ഏക ഗോളിലാണ് പെറു ജയിച്ചത്. മത്സരം അവസാനിക്കാൻ ആറ് മിനിറ്റ് സമയം മാത്രമുള്ളപ്പോഴാണ് ഗോൾ വീണത്.  ഒരു വർഷത്തിനിടെ ആദ്യമായാണ് ബ്രസീൽ തോൽവി അറിയുന്നത്. 2018 റഷ്യ ലോകകപ്പിന് ശേഷം കളിച്ച 17 മത്സരങ്ങളിലും ബ്രസിൽ ജയിച്ചിരുന്നു.

രണ്ടുമാസം മുമ്പ് കോപ്പ അമേരിക്ക ഫൈനലിൽ പെറുവിനെ ബ്രസീൽ തോൽപ്പിച്ചിരുന്നു. നെയ്മർ, ഡാനി ആൽ‌വസ്, തിയാഗോ സിൽ‌വ എന്നിവർക്ക് വിശ്രമം അനുവദിച്ചാണ് ബ്രസീൽ ഇറങ്ങിയത്. മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ബ്രസീലിന് ഒരിക്കലും കളിയുടെ പൂർണ നിയന്ത്രണം കൈവശപ്പെടുത്താനായില്ല. രണ്ടാം പകുതിയിൽ നെയ്മർ, വിനീഷ്യസ് ജൂനിയർ, ലൂക്കാസ് പക്വെറ്റ, ബ്രൂണോ ഹ​​െൻറിക് എന്നിവർ ആഞ്ഞ് പരിശ്രമിച്ചെങ്കിലും ബ്രസീലിനെ കരക്കടുപ്പിക്കാൻ കഴിഞ്ഞില്ല.
 

Loading...
COMMENTS