അവസാനം ചിരിച്ചത് ഒമാൻ; ഇന്ത്യക്ക് തോൽവിത്തുടക്കം
text_fieldsഗുവാഹതി: വിലയേറിയ വിജയം വിളിപ്പാടകലെയെന്നു തോന്നിച്ചിടത്തുനിന്ന് ഒമാെൻറ ‘വിജയ മന്തറി’ലൂടെ ഇന്ത്യൻ വല കുലുങ്ങി; ഒന്നല്ല, രണ്ടുവട്ടം. ലോകകപ്പിെൻറ യോഗ്യതാ വഴിയിൽ ഒമാ നെതിരെ കണ്ണഞ്ചിക്കുന്ന വിജയം മോഹിച്ചു നിൽക്കെ അവസാന എട്ട് മിനിറ്റിനിടെ വഴങ്ങിയ ര ണ്ട്ഗോളുകൾ പതിവുപോലെ പരാജയ കഥയെഴുതി. പ്രതീക്ഷകളുടെ കളത്തിൽ മനസ്സാന്നിധ്യം നഷ്ടമാവുന്ന ദുരന്തചിത്രം ആവർത്തിച്ചപ്പോൾ യോഗ്യത റൗണ്ട് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അടിയറവു പറഞ്ഞത്. 24ാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഗോളിൽ ആതിഥേയർ മുന്നിലെത്തിയിരുന്നു. എന്നാൽ, പിന്നീട് പ്രതിരോധത്തിലേക്ക് പിൻവലിഞ്ഞ് വിജയം പിടിച്ചെടുക്കാമെന്ന ആതിഥേയ മോഹങ്ങൾക്കുമേൽ 82ാം മിനിറ്റിലും 90ാം മിനിറ്റിലുമായി ഇരുവട്ടം നിറയൊഴിച്ച് റാബിയ അലവി അൽ മന്തർ ഒമാന് മൂന്ന് പോയൻറ് സമ്മാനിച്ചു.

ഇരുനിരയും മൂർച്ചയേറിയ ആക്രമണങ്ങളോടെയാണ് മത്സരത്തിന് തുടക്കമിട്ടത്. പന്ത് ഇരുഗോൾമുഖത്തേക്കും മാറിമാറി കയറിയിറങ്ങുന്നതിനിടയിൽ എട്ടാം മിനിറ്റിൽ ഒമാൻ മുന്നിലെത്തേണ്ടതായിരുന്നു. മഖ്ബലി തൊടുത്ത ഷോട്ട് ഗുർപ്രീത് സിങ് ഉജ്ജ്വലമായി തട്ടിയകറ്റി. കളി കാൽമണിക്കൂറാകവേ, ആതിഥേയനിരയിലെ ആദ്യ സുവർണാവസരം ഉദാന്ത സിങ്ങിെൻറ വകയായിരുന്നു. ഒമാൻ ഗോളിയുടെ പാസിങ്ങിലെ പിഴവ് മുതലെടുത്ത് ഛേത്രി നൽകിയ ത്രൂപാസിൽ ഉദാന്തയുടെ ഷോട്ട് പക്ഷേ, ക്രോസ്ബാറിനെ പിടിച്ചുകുലുക്കി ഗതിമാറി. തൊട്ടുപിന്നാലെ മലയാളി താരം ആഷിക് കുരുണിയെൻറ നീക്കം എതിർഗോളിയെ കീഴ്പെടുത്തിയെങ്കിലും അൽ ഗീലാനി ഒമാെൻറ രക്ഷക്കെത്തി.

ഗുവാഹതി സ്റ്റേഡിയത്തിലെ ആരവങ്ങൾ കനപ്പിച്ച് ആതിഥേയ ഗോളിന് വഴിയൊരുങ്ങിയതും ആഷിക്കിലൂടെയായിരുന്നു. ഇടതു വിങ്ങിൽ ആഷിക്കിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് തൊടുത്തത് ബ്രാൻഡൺ ഫെർണാണ്ടസ്. ബോക്സിനുള്ളിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ഛേത്രിക്ക് നിലംപറ്റെതട്ടിനീക്കിയ പന്തിൽ ഇന്ത്യൻ ക്യാപ്റ്റൻ തൊടുത്ത ഫസ്റ്റ്ടൈം ഷോട്ട് ഒമാൻ പ്രതിരോധവിടവിനിടയിലൂടെ വലക്കുള്ളിലേക്ക് പാഞ്ഞു കയറി. ഇന്ത്യ പതിയെ പ്രതിരോധത്തിലേക്ക് ഉൾവലിഞ്ഞപ്പോൾ പന്തിന്മേൽ വ്യക്തമായ മേധാവിത്വം പുലർത്തിയ ഒമാൻ ആതിഥേയരെ ആശങ്കയിലാഴ്ത്തി. അഹ്മദ് കാനോയുടെ പോയൻറ് ബ്ലാങ്ക് ഹെഡർ അടക്കം തട്ടിയകറ്റിയ ഗോളി ഗുർപ്രീതിെൻറ മിടുക്കിൽ ലീഡ് വഴങ്ങാതെ നിന്ന പിടിച്ചുനിന്ന ഇന്ത്യ ഇടവേളക്ക് പിരിയുേമ്പാൾ വിജയ പ്രതീക്ഷയിലായിരുന്നു.
രണ്ടാം പകുതിയിലും ഇന്ത്യ പിന്നാക്കം നിന്നപ്പോൾ ഒമാൻ ഗോൾമടക്കുമെന്ന പ്രതീതിയായിരുന്നു. 82 മിനിറ്റുവരെ അതു ൈവകിയെന്നു മാത്രം. മുന്നോട്ടു കയറിയ ഗുർപ്രീതിെൻറ തലക്ക് മുകളിലൂടെ ആദ്യം വലയിലേക്ക് പന്ത് േപ്ലസ് ചെയ്ത മന്തർ ബോക്സിെൻറ ഒാരത്തുനിന്ന് റോക്കറ്റുകണക്കെ വീണ്ടും വലയിലേക്ക് നിറയൊഴിച്ചു.