സൗഹൃദ ഫുട്ബാൾ: ലബനാന് പകരം നേപ്പാൾ
text_fieldsന്യൂഡൽഹി: ഏഷ്യാകപ്പ് യോഗ്യതമത്സരത്തിനൊരുങ്ങുന്ന ഇന്ത്യൻ ഫുട്ബാൾ ടീം സന്നാഹപോരാട്ടത്തിൽ അയൽക്കാരായ നേപ്പാളിനെ നേരിടും. നേരേത്ത നിശ്ചയിച്ച മത്സരത്തിൽനിന്ന് വിസ പ്രശ്നം കാരണം ലബനാൻ പിന്മാറിയതോടെ പകരക്കാരായാണ് നേപ്പാൾ എത്തുന്നത്. ജൂൺ ആറിന് മുംബൈയിലാണ് മത്സരം. ഏഷ്യാകപ്പ് യോഗ്യതറൗണ്ടിൽ 13ന് ബംഗളൂരുവിൽ കിർഗിസ്താനെ നേരിടുന്നതിന് മുന്നോടിയായാണ് സന്നാഹ പോരാട്ടം.
ഇന്ത്യയിലെ വിസ ചട്ടപ്രകാരം ലബനാൻ പൗരന്മാർക്ക് ‘വിസ ഒാൺ അറൈവൽ’ അനുവദിക്കുന്നില്ല. എന്നാൽ, ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ ക്ലബുകൾക്കായി കളിക്കുന്ന ടീമംഗങ്ങൾക്ക് ബെയ്റൂത്തിലെത്തി വിസ എടുക്കുക പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലബനാൻ പിൻവാങ്ങിയത്. അവസാന നിമിഷം ലബനാൻ പിൻവാങ്ങിയതോടെയാണ് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ നേപ്പാളിനെ ക്ഷണിച്ചത്. ഏഷ്യാകപ്പ് യോഗ്യതമത്സരമുള്ളതിനാൽ അയൽക്കാർ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചു. ഏറ്റവും ഒടുവിൽ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ ഇന്ത്യക്കായിരുന്നു ജയം (4-1).
