കടുവയെ പിടിച്ച കിടുവ
text_fieldsകൊൽക്കത്ത: ഖത്തറിനെതിരെ പൊരുതി നേടിയ പെരുമയെല്ലാം ബംഗ്ലാദേശിനു മുന്നിൽ കളഞ്ഞു കുളിച്ച് ഇന്ത്യൻ ബ്ലൂ ടൈഗേഴ്സ്. ലോകകപ്പ് യോഗ്യത റൗണ്ടിൽ ജയം അനിവാര്യമായ അങ്കത്തിൽ ഗ്രൂപ്പിലെ ദുർബലരായ ബംഗ്ലാദേശിനെതിരെ നീലക്കടുവകൾക്ക് സമനില (1-1). ആദ്യ പകുതിയിൽ ഗോളടിച്ച് വിറപ്പിച്ച ബംഗ്ലാദേശിനെതിരെ 88ാം മിനിറ്റിൽ ആദിൽഖാെൻറ ഹെഡർ ഗോളാണ് ഇന്ത്യക്ക് തോൽവിയുടെ നാണക്കേട് ഒഴിവാക്കിയത്. ഇതോടെ, ലോകകപ്പ്-ഏഷ്യാകപ്പ് യോഗ്യതയെന്ന സ്വപ്നം ഇന്ത്യയുടെ കൈപ്പിടിയിൽനിന്ന് അകലെയായി. മൂന്നു കളിയിൽ രണ്ട് സമനിലയുമായി രണ്ട് പോയൻറുള്ള സുനിൽ ഛേത്രിയും സംഘവും അഞ്ചാം സ്ഥാനത്താണിപ്പോൾ.
സോറി സാൾട്ട്ലേക്
സാൾട്ട് ലേക്കിനെ ആരവങ്ങൾകൊണ്ട് നിറച്ച 60,000ത്തോളം കാണികൾ നൽകിയ ഉൗർജം കളിയാക്കാനാവാതെ ഇന്ത്യ നിരാശപ്പെടുത്തി. റാങ്കിങ്ങിൽ 82 സ്ഥാനം പിന്നിലുള്ള ബംഗ്ലാദേശ് പക്ഷേ സാൾട്ട്ലേക്കിൽ ശരിക്കും കടുവകളായി. പ്രതിരോധവും അവസരം ലഭിച്ചാൽ പ്രത്യാക്രമണവുമെന്ന തന്ത്രം പ്രയോഗിച്ചായിരുന്നു ബംഗ്ലാകടുവകൾ ജയത്തിനൊത്ത മാറ്റുള്ള ഒരു പോയൻറ് പോക്കറ്റിലാക്കിയത്.
ഇന്ത്യക്കാവട്ടെ തൊട്ടതെല്ലാം പിഴച്ചു. പ്രതിരോധത്തിൽ സന്ദേശ് ജിങ്കാന് പകരക്കാരനായെത്തിയ അനസ് എടത്തൊടികക്ക് ആദിൽഖാനൊപ്പം മികച്ചൊരു കോട്ട പണിയാൻ കഴിഞ്ഞില്ല. ആദ്യം മുതൽ ക്ലിയറൻസുകൾ പിഴച്ച ആദിൽ അവസാന മിനിറ്റിലെ സമനില ഗോൾ കൊണ്ട് മാനം കാത്തു. അതേസമയം, കാര്യമായ കണക്ഷൻ കിട്ടാതെ വലഞ്ഞ അനസ്, 76ാം മിനിറ്റിൽ കളംവിട്ടു.
കിക്കോഫ് വിസിൽ മുഴങ്ങി ഒരു മിനിറ്റ് തികയുംമുേമ്പ കോർണർ സൃഷ്ടിച്ചാണ് ബംഗ്ലാദേശ് ഇന്ത്യയെ വിറപ്പിച്ചത്. ആദ്യ സീൻതന്നെ കാണികൾക്കൊരു സൂചനയായിരുന്നു. ഇരു വിങ്ങുകളിൽ നിന്നും ചോർന്ന് കിട്ടുന്ന പന്തുമായി മുന്നേറിയ മുഹമ്മദ് ഇബ്റാഹിമും സാദുദ്ദീനും ബംഗ്ലാദേശ് ആക്രമണത്തിന് മൂർച്ച കൂട്ടി. ഇതിനിടെ, സുനിൽ ഛേത്രി, മൻവീർ വിങ്ങ് കൂട്ടിലൂടെ ഇന്ത്യയും മുന്നേറി. പക്ഷേ, ഒന്നാം പകുതിയിൽ എതിർ ബോക്സിനുള്ളിൽ കാര്യമായ ഭീഷണി സൃഷ്ടിക്കാനായില്ല.
ഗുർപ്രീതിെൻറ വീഴ്ച (0-–1)
42ാം മിനിറ്റിൽ ഗോളി ഗുർപ്രീത് സിങ്ങിെൻറ വീഴ്ചയാണ് ഗോളായത്. ജമാൽ ബുയാൻ ഇടതു വിങ്ങിൽനിന്ന് തൊടുത്ത ഫ്രീകിക്കിനെ മുന്നോട്ടുചാടി കുത്തിയകറ്റാൻ ശ്രമിച്ച ഗുർപ്രീതിന് പിഴച്ചു. ഒഴിഞ്ഞുപോയ പന്ത് പതിച്ചത് പിറകിൽ കാത്തുനിന്ന സാദുദ്ദീന് പാകമായി. ഡിഫൻഡർ രാഹുൽ ഭെകെയുടെ മാർക്കിൽനിന്ന് വിട്ടുമാറിയ സാദ് ഹെഡറിലൂടെ ഇന്ത്യൻ വലകുലുക്കി. സാൾട്ട് ലേക്കിന് ഷോക്കടിച്ച നിമിഷം.
ആദിൽ കാത്തു (1-–1)
ഇന്ത്യ തോൽവി മണത്തപ്പോഴായിരുന്നു 88ാം മിനിറ്റിൽ ആദിൽ രക്ഷകനായത്. സഹൽ അബ്ദുസ്സമദും ആഷിഖുമെല്ലാം നൽകിയ ഒന്നൊന്നര ക്രോസുകൾ ഗോളായി മാറാതെ അകന്നപ്പോൾ ലഭിച്ച ഫ്രീകിക്ക് ഇന്ത്യ മുതലാക്കി. ബ്രണ്ടൻ ഫെർണാണ്ടസിെൻറ കോർണർ കിക് ഉജ്ജ്വല ഹെഡറിലൂടെ വലയിലേക്ക് കുത്തിക്കയറ്റിയാണ് ആദിൽ സമനില സമ്മാനിച്ചത്. പിന്നീട് ഉണർന്നു കളിച്ച് മിനിറ്റുകൾക്കുള്ളിൽ ഏതാനും അവസരം സൃഷ്ടിച്ചെങ്കിലും കളി മുറിച്ച് റഫറിയുടെ ലോങ് വിസിൽ ഉയർന്നു.