ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് ചരിത്രനേട്ടം. 21 വർഷത്തിനുശേഷം 100ാം റാങ്കിൽ
text_fieldsകൊൽക്കത്ത: ഫിഫ റാങ്കിങ്ങിൽ ഇന്ത്യൻ ഫുട്ബാളിന് ചരിത്രനേട്ടം. വ്യാഴാഴ്ച പുറത്തുവിട്ട പുതിയ റാങ്കിങ്ങിൽ ഇന്ത്യ 100ലെത്തി. 21 വർഷത്തിനുശേഷം ആദ്യമായാണ് 100 തൊടുന്നത്. മധ്യ അമേരിക്കൻ രാജ്യമായ നികരാഗ്വ, യൂറോപ്യൻ രാജ്യങ്ങളായ ലിത്വേനിയ, എസ്തോണിയ എന്നീ രാജ്യങ്ങളോടൊപ്പമാണ് 100ാം സ്ഥാനം പങ്കിടുന്നത്. 1996ലായിരുന്നു അവസാനമായി ഇന്ത്യ ആദ്യ 100ലിടം കണ്ടെത്തിയിരുന്നത്. 94ാം റാങ്കിലെത്തിയായിരുന്നു അന്ന് ചരിത്രം കുറിച്ചിരുന്നത്. പിന്നീട് പ്രകടനം മോശമായതോടെ ഏറെ പിറകോട്ടുപോയി.
ഏഷ്യ കപ്പ് യോഗ്യത മത്സരത്തിൽ മ്യാന്മറിനെയും സൗഹൃദമത്സരത്തിൽ കംബോഡിയയെയും തോൽപിച്ചതിനു പിന്നാലെയാണ് ഇൗ കുതിപ്പ്. എന്നാൽ, സ്ഥാനം നിലനിർത്താൻ ഇന്ത്യക്ക് കൂടുതൽ സൗഹൃദമത്സരങ്ങൾ കളിക്കേണ്ടിവരും. മേയിൽ അന്താരാഷ്ട്ര മത്സരങ്ങളില്ല. എ.എഫ്.സി ഏഷ്യൻ കപ്പിന് മുന്നോടിയായി ജൂൺ ഏഴിന് ലബനാനിനെതിരെയും ജൂൺ 13ന് കിർഗിസ്താനിനെതിരെയുമാണ് ഇന്ത്യയുടെ അടുത്ത അന്താരാഷ്്ട്ര മത്സരങ്ങൾ. 2002-05 വർഷങ്ങളിൽ ഇന്ത്യയുടെ കോച്ചായിരുന്ന കോൺസ്റ്റൈൻറൻ പിന്നീട് 2015ൽ വീണ്ടും ഹെഡ് കോച്ചായി തിരിച്ചുവരുകയായിരുന്നു. 1672 പോയൻറുമായി ബ്രസീൽ തന്നെയാണ് പട്ടികയിൽ ഒന്നാമത്. 1603 പോയൻറുള്ള അർജൻറീന രണ്ടാമതും ജർമനി, ചിലി, കൊളംബിയ എന്നിവർ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുമുണ്ട്.
