െഎ ലീഗ്: വിജയം തുടരാൻ ഗോകുലം ഇന്ന് ചർച്ചിലിനെതിരെ
text_fieldsവാസ്കോ: വമ്പൻ വിജയങ്ങളുമായി െഎ ലീഗിലെ അട്ടിമറിവീരന്മാരായി മാറിയ ഗോകുലം കേരള എഫ്.സി കുതിപ്പ് തുടരാൻ ശനിയാഴ്ച വീണ്ടും കളത്തിലിറങ്ങുന്നു. വാസ്കോയിലെ തിലക് മൈതാനത്ത് വൈകീട്ട് 5.30ന് തുടങ്ങുന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സാണ് ഗോകുലത്തിെൻറ എതിരാളികൾ. 15 കളികളിൽ 19 പോയൻറുമായി ഏഴാം സ്ഥാനത്തുള്ള ഗോകുലത്തിന് ശനിയാഴ്ച ജയിച്ചാൽ 21 പോയൻറ് വീതമുള്ള ഷില്ലോങ് ലജോങ്ങിനെയും െഎസോൾ എഫ്.സിയെയും പിന്തള്ളി അഞ്ചാം സ്ഥാനത്തേക്കുയരാം. 15 കളികളിൽ 16 പോയൻറുമായി ഒമ്പതാം സ്ഥാനത്താണ് ചർച്ചിൽ.
അവസാന ആറ് കളികളിൽ അഞ്ച് വിജയവുമായി ഫോമിെൻറ ഉത്തുംഗതയിലാണ് ഗോകുലം. മുൻനിര ക്ലബുകളായ മോഹൻ ബഗാൻ (2-1), ഇൗസ്റ്റ് ബംഗാൾ (2-1), മിനർവ പഞ്ചാബ് (1-0)എന്നിവക്കെതിരായ വിജയങ്ങളും ഇതിൽപെടും. ചർച്ചിലാവെട്ട തുടർച്ചയായ മൂന്ന് പരാജയങ്ങളുടെ കയ്പ് മായ്ക്കാനാണ് ഇറങ്ങുന്നത്. ഇന്ത്യൻ ആരോസ്, നെരോക എഫ്.സി, ചെന്നൈ സിറ്റി എന്നിവയോടാണ് ചർച്ചിൽ മുട്ടുമടക്കിയത്. കോഴിക്കോട്ട് നേരത്തേ, ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 3-2ന് ചർച്ചിലിനായിരുന്നു ജയം.
