െഎ ലീഗ്: ഗോകുലത്തിന് വിരസ സമനില
text_fieldsമഡ്ഗാവ്: െഎ ലീഗിൽ വമ്പന്മാരുടെ ഉറക്കംകെടുത്തി കുതിച്ച ഗോകുലം കേരളക്ക് ഇഞ്ചുറി ടൈം ഗോളിൽ സമനില (1-1). ചർച്ചിൽ ബ്രദേഴ്സിനെതിരെ ലീഡ് പിടിച്ച് ജയമുറപ്പിച്ചിരിക്കെ ലോങ് വിസിലിന് മൂന്ന് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ജയം നിഷേധിച്ച മറുപടി പിറന്നത്.
ഇതോടെ, തുടർച്ചയായ മൂന്ന് ജയങ്ങൾക്കൊടുവിൽ ബിനോ ജോർജിെൻറ കുട്ടികൾ ഗോവയിൽ നിന്നും ഒരു പോയൻറുമായി മടങ്ങി. തുടർച്ചയായി നാലാം ജയത്തോടെ പോയൻറ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് കയറാമെന്നായിരുന്നു ഗോകുലത്തിെൻറ മോഹങ്ങൾ. പക്ഷേ, സമനിലയോടെ 16 കളിയിൽ 20 പോയൻറുമായി കേരളസംഘം ഏഴാമതായി. ഇനി ബാക്കിയുള്ളത് രണ്ടു മത്സരങ്ങൾമാത്രം. അവസാന ആറിൽ ഉൾപ്പെട്ടാൽ സൂപ്പർകപ്പിൽ യോഗ്യത ഉറപ്പിക്കാമെന്ന പ്രതീക്ഷയും സജീവം. മിനർവക്കെതിരെ വണ്ടർ ഗോളടിച്ച ഹെൻറി കിസികെയും കിവി ഷിമോമിയും അർജുൻ ജയരാജും നയിച്ച ആക്രമണത്തിെൻറ കരുത്തിൽ ആദ്യ പകുതിയിൽ ഗോകുലം കളി റാഞ്ചിയെടുത്തു. കരുത്തുറ്റ പ്രതിരോധംകൂടി ഒരുക്കി സ്വന്തം ഗോൾമുഖം ഭദ്രവുമാക്കി. എങ്കിലും ഒന്നാം പകുതി ഗോളൊന്നും പിറക്കാതെ കടന്നു.
രണ്ടാം പകുതിയിലെ 72ാം മിനിറ്റിലായിരുന്നു ഗോകുലം ലക്ഷ്യംകണ്ടത്. തുടർ മുന്നേറ്റങ്ങൾക്കൊടുവിൽ പതറിപ്പോയ ചർച്ചിൽ ഗോൾമുഖത്ത് പ്രതിരോധക്കാരെ കബളിപ്പിച്ച് ഹെൻറി കിസികെ സ്കോർ ചെയ്തു. ഗോളിെൻറ ആഘോഷം നിലക്കുംമുമ്പ് അർജുൻ ജയരാജിെൻറ ഹെഡർ ചർച്ചിലിെൻറ ക്രോസ്ബാറിലിടിച്ച് വഴിമാറി. വീണ്ടും ഗോകുലം ആക്രമിച്ചെങ്കിലും വലയിളകിയില്ല. പ്രതിരോധം കനപ്പെടുത്തുന്നതിനിടെയാണ് 92ാം മിനിറ്റിൽ ചർച്ചിലിെൻറ സമനില പിറക്കുന്നത്. തോൽവിയൊഴിവാക്കാൻ പൊരുതിയവർക്കായി ഒനിയേമ ഫ്രാൻസിസ് ഒകേചുവു ഒറ്റയാൾ നീക്കത്തിലൂടെ സമനില കുറിച്ചു.
അവസാന മിനിറ്റുകളിൽ ഗോകുലം വിജയഗോളിന് ശ്രമിച്ചെങ്കിലും ലക്ഷ്യംകണ്ടില്ല. മോഹൻ ബഗാൻ (മാർച്ച് 6), െഎസോൾ (7)എന്നിവർക്കെതിരെയാണ് ഗോകുലത്തിെൻറ അടുത്ത മത്സരങ്ങൾ.
ഏഴടിച്ച് ഇൗസ്റ്റ് ബംഗാൾ
ഗോകുലത്തോടേറ്റ തോൽവിയുടെ അരിശം ചെന്നൈക്കുമേൽ തീർത്ത് ഇൗസ്റ്റ് ബംഗാൾ. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ 7-1നായിരുന്നു ജയം. നൈജീരിയൻ താരം ഡുഡു ഒമഗ്ബെമി നാല് ഗോളുമായി മുന്നിൽനിന്ന് നയിച്ചപ്പോൾ ഇൗസ്റ്റ് ബംഗാൾ എതിരാളികളെ തുടച്ചുനീക്കി.
ഗബ്രിയേൽ ഫെർണാണ്ടസ്, മഹ്മൂദ് അംന എന്നിവർക്ക് പുറമെ ഒരു സെൽഫ് ഗോളും പിറന്നു. 29 പോയൻറുമായി ഇൗസ്റ്റ്ബംഗാൾ രണ്ടാം സ്ഥാനത്തെത്തി.