തുർക്കിയുടെ പട്ടാള സല്യൂട്ടിന് ലൈക്കടിച്ച് ഗുൻഡോഗൻ കുടുങ്ങി
text_fieldsമ്യൂണിക്: ഇൻസ്റ്റഗ്രാമിൽ വെറുതെ നൽകിയ ലൈക് ഇത്ര പൊല്ലാപ്പാവുമെന്ന് ജർമൻ താരം ഇൽകെ ഗുൻഡോഗനും എംറി ചാനും പ്രതീക്ഷിച്ചുകാണില്ല. യൂറോകപ്പ് യോഗ്യത റൗണ്ടിൽ അൽബേനിയക്കെതിരെ തുർക്കി താരങ്ങൾ ഗോളടിച്ചതിനുപിന്നാലെ ‘പട്ടാള സല്യൂട്ട്’ നൽകി ആഘോഷിക്കുന്ന ചിത്രത്തിനായിരുന്നു ഇരുവരുടെയും ലൈക്. തുർക്കിയുടെ സിറിയയിലെ സൈനിക നടപടിക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു താരങ്ങളുടെ സല്യൂട്ട്.
കളിക്കളത്തിലെ പട്ടാളസല്യൂട്ട് വിവാദമായി. കളിയെ രാഷ്ട്രീയവത്കരിക്കുന്നുവെന്ന ആരോപണവുമായി വിവിധ കോണിൽനിന്നും പ്രതിഷേധവുമുയർന്നു. ഇതിനിടെയാണ് സമൂഹമാധ്യമത്തിൽ കണ്ട ചിത്രത്തിന് തുർക്കി വേരുകളുള്ള ഗുൻഡോഗനും എംറി ചാനും ലൈക്കടിച്ചത്. ഇതുകൂടിയായതോടെ വിമർശകർ താരങ്ങൾക്കെതിരെ തിരിഞ്ഞു.
തൊട്ടുപിന്നാലെ ലൈക് ഡിലീറ്റ്ചെയ്ത താരങ്ങൾ ക്ഷമാപണം നടത്തി. രാഷ്ട്രീയ വിവാദത്തിനില്ലെന്ന് പറഞ്ഞായിരുന്നു ഇരുവരുടെയും ക്ഷമാപണം. കഴിഞ്ഞ ലോകകപ്പിനിടെ സഹതാരം മെസ്യൂത് ഓസിലിനൊപ്പം തുർക്കി പ്രസിഡൻറിനെ സന്ദർശിച്ചതിെൻറ പേരിലും ഗുൻഡോഗൻ വിവാദത്തിൽപെട്ടിരുന്നു.
