ജയം കൈവിട്ട് ഗോകുലം; മോഹൻ ബഗാനെതിരെ സമനില (2-2)
text_fieldsകൊൽക്കത്ത: സാൾട്ട് ലേക്കിൽ മോഹൻ ബഗാനെ വീഴ്ത്താനുള്ള സുവർണാവസരം കളഞ്ഞുകുളിച്ച് ഗോകുലം കേരള. െഎ ലീഗിലെ നിർണായക മത്സരത്തിൽ മോഹൻ ബഗാനെതിരെ ആദ്യ പകുതിയിൽ 2-1ന് ലീഡ് പിടിച്ചശേഷം രണ്ടാം പകുതിയിൽ കലമുടച്ച് സീസണിലെ ആറാം സമനില വാങ്ങി. കളിയുടെ 18ാം മിനിറ്റിൽ ഷിൽട്ടൻ ഡിസിൽവയുടെ ഹെഡർ ഗോളിലൂടെ ബഗാൻ അക്കൗണ്ട് തുറന്നെങ്കിലും മിനിറ്റുകൾക്കുള്ളിൽ ബഗാൻ സമ്മാനിച്ച സെൽഫ് ഗോളിലൂടെ ഗോകുലം സമനില പിടിച്ചു.
21ാം മിനിറ്റിൽ ലാൽചോൻകിമയുടെ ക്ലിയറൻസ് പിഴച്ചപ്പോൾ സ്വന്തം വലതന്നെ കുലുങ്ങി. ആദ്യ മിനിറ്റിൽ മാർകസ് ജോസഫിലൂടെ ബഗാനെ വിറപ്പിച്ച ഗോകുലത്തിന് ഉണർവായി ഇൗ സമനില ഗോൾ. 24ാം മിനിറ്റിൽ ട്രിനിഡാഡ് താരം മാർകസ് ടീമിന് ലീഡ് സമ്മാനിച്ചു. വി.പി. സുഹൈറിെൻറ മുന്നേറ്റത്തിലൂടെ ലഭിച്ച പന്ത് മാർകസിെൻറ ബൂട്ടിലെത്തിയപ്പോൾ എതിർ ഗോളിയുടെ തലക്കു മുകളിലൂടെ ചെത്തിയിട്ട് മനോഹരമായി ഫിനിഷ് ചെയ്തു.
ആദ്യ പകുതി പിരിയുംവരെ ബഗാെൻറ മുന്നേറ്റങ്ങളുടെ മുനയൊടിച്ച് നിന്ന ഗോകുലത്തിന് രണ്ടാം പകുതിയിൽ പിടിവിട്ടു. സോണി നോർദെയും ഹെൻറി കിസേകയും നയിച്ച മുന്നേറ്റത്തിനു മുന്നിൽ ഗോകുലം പതറി. നിരന്തര ആക്രമണങ്ങളിൽ ഗോളി അർണബ് ദാസിെൻറ കരങ്ങളാണ് രക്ഷയായത്. എന്നാൽ, 60ാം മിനിറ്റിൽ കിസേക നൽകിയ ലോബിന് പിയറിക് ദിപാൻഡ തലവെച്ചപ്പോൾ അർണബിനും എത്തിപ്പിടിക്കാനായില്ല. വിജയഗോളിനായി പൊരുതിയ ബഗാനെ ഒരുവിധം പിടിച്ചുകെട്ടിയ ഗോകുലം പിന്നീടുള്ള സമയം തോൽക്കാതിരിക്കാനായി പോരടിച്ചു. 12 പോയൻറുമയി ഒമ്പതാം സ്ഥാനത്തുതന്നെയാണ് കേരള സംഘം.