ഗോവയെ വീഴ്ത്തി ജാംഷഡ്പുർ
text_fieldsപനാജി: ആദ്യവസാനം നിറഞ്ഞുകളിക്കുകയും പലവട്ടം എതിർനിരയിൽ അപകടം വിതക്കുകയും ചെ യ്തിട്ടും ഗോളിയും നിർഭാഗ്യവും വഴിമുടക്കിയ മത്സരത്തിൽ ആതിഥേയരായ ഗോവക്ക് തോ ൽവി. ആദ്യ പകുതിയുടെ 17ാം മിനിറ്റിൽ സെർജിയോ കാസ്റ്റൽ മാർട്ടിനെസ് നേടിയ ഏക ഗോളിനാ ണ് ജാംഷഡ്പുർ മികച്ച ജയവുമായി മടങ്ങിയത്. കരുത്തുകാട്ടിയ ജാംഷഡ്പുർ പ്രതിരോധത്തിെൻറ കോട്ട പൊട്ടിച്ച് തുടക്കത്തിലേ ആക്രമണവുമായി ഗോവയായിരുന്നു കളം നിറഞ്ഞത്.
ഗോൾ പിറന്നത് പക്ഷേ, കളിയുടെ ഗതിക്ക് വിപരീതമായിട്ടായിരുന്നു. ഫാറൂഖ് ചൗധരി നൽകിയ മനോഹരമായ പാസ് സെർജിയോ കാസ്റ്റൽ ആദ്യം ഗോവ പ്രതിരോധത്തിലെ ഫാളിനെയും പിന്നീട് ഗോളിയെയും അനായാസം കീഴടക്കി മത്സരത്തിലെ ഏക ഗോൾ കുറിച്ചു.
ഗോൾ വീണതോടെ നിരന്തരം ആക്രമിച്ചുകളിച്ച ആതിഥേയർ തിരിച്ചടിക്കുമെന്നു തോന്നിച്ച നീക്കങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. അതിനിടെ, ഗോവ േപ്ലമേക്കർ അഹ്മദ് ജഹൂഹ് 72ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് ഗോവക്ക് തിരിച്ചടിയായി. ജയത്തോടെ അഞ്ചു കളികളിൽ 10 പോയൻറുമായി ജാംഷഡ്പുർ രണ്ടാം സ്ഥാനത്തേക്കു കയറി. എട്ടു പോയൻറുള്ള ഗോവ നാലാമതാണ്.