ജർമനി കളത്തിൽ
text_fieldsമോസ്കോ: ചാമ്പ്യന്മാർ ഇന്ന് ആദ്യ അങ്കത്തിന് ഇറങ്ങുന്നു. ആദ്യ കളിയിൽ കോൺകകാഫ് പ്രതിനിധികളായ മെക്സികോയാണ് ജർമനിയുടെ എതിരാളികൾ. ലോകകപ്പിനെത്തുേമ്പാൾ ഒരുക്കത്തിലെ പതർച്ചയും ഫോമും എല്ലാം പഴങ്കഥയാക്കുന്ന പതിവുള്ള ജർമൻ ടീം വിജയത്തോടെ കിരീടം നിലനിർത്താനുള്ള പടയോട്ടത്തിന് തുടക്കമിടാനാവുമെന്ന പ്രതീക്ഷയിലാണ്.
എല്ലാ മേഖലയിലും സന്തുലിതമായ ടീം എന്നതാണ് ജർമനിയുടെ സവിശേഷത. പരിക്കുമാറിയെത്തിയ ഗോൾകീപ്പർ മാനുവൽ നോയർ സന്നാഹ മത്സരങ്ങളിൽ ഫോമിലായിരുന്നെങ്കിലും വേണ്ടസമയത്ത് മികവുകാട്ടും എന്ന പ്രതീക്ഷയിലാണ് യൊആഹിം ലോയ്വ്. ജൊഷ്യ കിമ്മിച്ചും ജെറോം ബോട്ടങ്ങും മാറ്റ് ഹമ്മൽസും ജൊനാസ് ഹെക്ടറുമടങ്ങിയ പ്രതിരോധം സുസജ്ജം. സാമി ഖദീരയും ടോണി ക്രൂസും അടിത്തറയിടുന്ന മധ്യനിരയിൽ മെസ്യൂത് ഒാസിലും തോമസ് മ്യൂളറും മാർകോ റോയിസും. മുൻ നിരയിൽ തിമോ വെർണർ.
മികച്ച പോരാളികളായ മെക്സിേകാ നിരയിൽ ജർമനിക്ക് വെല്ലുവിളിയുയർത്താൻ പോന്ന താരങ്ങളുണ്ട്. ഗോളി ഗ്വില്ലർമോ ഒച്ചോവ, ഡിഫൻഡർമാരായ കാർലോസ് സൽസെഡോ, ഹെക്ടർ മൊറേനോ, മധ്യനിരയിലെ ആന്ദ്രിയാസ് ഗ്വഡാർഡോ, ജീസസ് കൊറോണ, മുൻനിരയിലെ ഹാവിയർ ‘ചിചാരിറ്റോ’ ഹെർണാണ്ടസ്, ഹിർവിങ് ലൊസാനോ എന്നിവരാണ് മെക്സികോ നിരയിലെ പ്രധാന താരങ്ങൾ.