ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനവുമായി ജർമനി റഷ്യയിലേക്ക്
text_fieldsപാരിസ്: ഫിഫ റാങ്കിങ്ങിലെ ഒന്നാം സ്ഥാനക്കാരെന്ന മാനസിക മുൻതൂക്കവുമായി നിലവിലെ ചാമ്പ്യന്മാരായ ജർമനി റഷ്യയിലേക്ക്. ലോകകപ്പിന് തൊട്ടുമുമ്പുള്ള ഫിഫയുടെ റാങ്ക് പട്ടികയിൽ ചാമ്പ്യൻ ജർമനി തന്നെ ഒന്നാമൻ. ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളിൽ ബ്രസീലിനോടും ഒാസ്ട്രിയയോടും തോൽവി വഴങ്ങിയെങ്കിലും യോആഹിം ലോയ്വിെൻറ താരപ്പട ഇളക്കമില്ലാതെ തന്നെയുണ്ട്. ആദ്യ സ്ഥാനക്കാരെന്ന നേട്ടം റഷ്യയിൽ ജർമനിക്ക് പോസിറ്റിവ് എനർജി നൽകുമെന്നാണ് താരങ്ങളുടെ വിശ്വാസം.
റാങ്കിങ്ങിൽ ആദ്യ സ്ഥാനങ്ങളിൽ കാര്യമായ മാറ്റമില്ല. ജർമനിയെയും ക്രൊയേഷ്യയെയുമടക്കം യോൽപിച്ച് മികച്ച ഫോമിലുള്ള നെയ്മറിെൻറ ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. പ്രതിഭാശാലികളുടെ സംഘവുമായി അത്ഭുതങ്ങൾ കാണിക്കുമെന്ന് പ്രവചിക്കപ്പെടുന്ന ബെൽജിയം മൂന്നാം സ്ഥാനം അലങ്കരിക്കുന്നു. ക്രിസ്റ്റ്യാനോയും പോർചുഗലും നാലാം സ്ഥാനത്തും നിലവിലെ റണ്ണറപ്പുകളായ അർജൻറീന അഞ്ചാം സ്ഥാനത്തുമാണ്.
അവസാന മത്സരങ്ങളിൽ പോയൻറ് നേടി പോളണ്ട് രണ്ട് സ്ഥാനങ്ങളുയർന്ന് എട്ടാം സ്ഥാനത്തും ഉറുഗ്വായ് മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് 14ാം സ്ഥാനത്തും എത്തി. എന്നാൽ, മുൻ ചാമ്പ്യന്മാരായ സ്പെയിൻ രണ്ടു സ്ഥാനങ്ങൾ പിന്നോട്ടുപോയി റാങ്കിങ്ങിൽ 10ാമതായി. അതേസമയം, ഇംഗ്ലണ്ട് സ്ഥാനം മെച്ചപ്പെടുത്തി. ഒരു സ്ഥാനമുയർന്ന് റാങ്കിങ്ങിൽ ഡെന്മാർക്കിനൊപ്പം 12ാം സ്ഥാനമുറപ്പിക്കാൻ ഇംഗ്ലണ്ടിനായി. ലോകകപ്പിനിറങ്ങുന്ന ടീമുകളിൽ ഏറ്റവും താഴ്ന്ന റാങ്കുമായാണ് ആതിഥേയരായ റഷ്യ കളിക്കാനിറങ്ങുക. നിലവിലെ റാങ്കിങ് പ്രകാരം റഷ്യ 70ാം സ്ഥാനത്താണ്. നേരത്തെ, സൗദി അറേബ്യക്കും മുകളിലായി 66ാം സ്ഥാനത്തായിരുന്നു
റഷ്യ. ലോകകപ്പിന് യോഗ്യത നേടാനാവാതെ പോയ മുൻനിര ടീമുകളുടെ റാങ്കിങ് ഇപ്രകാരമാണ് ചിലി (9), ഹോളണ്ട് (17), വെയിൽസ് (18), ഇറ്റലി(19), യു.എസ്.എ (25). ഇൻറർ കോണ്ടിനെൻറൽ കപ്പിൽ രണ്ട് ജയവുമായി മുന്നേറ്റം പ്രതീക്ഷിച്ച ഇന്ത്യക്ക് പക്ഷേ, 97ൽ തന്നെ തൃപ്തിപ്പെടേണ്ടിവന്നു.