സെപ്റ്റംബർ വരെ കളി വേണ്ടെന്ന് ഫ്രഞ്ച് സർക്കാർ; ലീഗ് വൺ ഉപേക്ഷിച്ചു
text_fieldsപാരിസ്: സൂപ്പർ താരം നെയ്മർ, കിലിയൻ എംബാപ്പെ, എഡിൻസൺ കവാനി, മൗറോ ഇക്കാർഡി എന്നീ സൂപ്പർ താരങ്ങൾ പന്തുതട്ടുന്ന ത്കാണാൻ ആരാധകർ അടുത്ത സീസൺ ആരംഭം വരെ കാത്തിരിക്കണം. കോവിഡിൻെറ പശ്ചാത്തലത്തിൽ രാജ്യത്ത് ഫുട്ബാൾ, റഗ്ബി സീ സണുകൾ സെപ്റ്റംബറോടെ മാത്രമേ പുനരാരംഭിക്കാനാകൂ എന്ന് പ്രധാനമന്ത്രി എഡ്വേഡ് ഫിലിപ്പേ ചൊവ്വാഴ്ച പാർലമെ ൻറിൽ പ്രഖ്യാപിച്ചതോടെ ലീഗ് വൺ ഉപേക്ഷിച്ചതായാണ് റിേപ്പാർട്ട്.
27 കളിയില്‍ 68 പോയൻറ് നേടി 12 പോയൻറ് ലീഡുമായി ഒന്നാം സ്ഥാനത്തുള്ള പി.എസ്.ജി ജേതാക്കളായേക്കും. എന്നാൽ ചാമ്പ്യൻമാരെ പ്രഖ്യാപിക്കുന്നതിലും ചാമ്പ്യൻസ് ലീഗ് ബെർത്ത് സംബന്ധിച്ചും അവ്യക്തതയുണ്ട്. 28 കളിയില്‍ 56 പോയൻറുള്ള മാഴ്സയാണ് രണ്ടാം സ്ഥാനത്ത്. യൂറോപ്പിലെ അഞ്ച് പ്രമുഖ ലീഗുകളില്‍ ഉപേക്ഷിക്കപ്പെടുന്ന ആദ്യത്തേതാണ് ലീഗ് വണ്‍.
നേരത്തെ ജൂലൈ അവസാനം വരെ അടച്ചിട്ട സ്റ്റേഡിയത്തിൽ പോലും മത്സരങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് കായിക മന്ത്രാലയം അധികൃതർ വാർത്ത ഏജൻസിയായ എ.എഫ്.പിയോട് വ്യക്തമാക്കിയിരുന്നു.
ജൂണിൽ ലീഗ് വൺ മത്സരങ്ങൾ പുനരാരംഭിക്കാൻ ഫ്രഞ്ച് ഫുട്ബാൾ െഫഡറേഷൻ പദ്ധതിയിട്ടിരിക്കേയാണ് സർക്കാറിൻെറ അപ്രതീക്ഷിത തീരുമാനം. മെയ് 11 മുതൽ കളിക്കാർ പരിശീലനം പുനരാരംഭിക്കാനിരിക്കുകയായിരുന്നു.
സർക്കാർ പ്രഖ്യാപനത്തെ തുടർന്ന് തീരുമാനം കൈകൊള്ളാൻ ലീഗ് അധികൃതർ ടെലികോൺഫറൻസിലൂടെ യോഗം ചേരുന്നുണ്ട്. ലീഗ് കപ്പ്, ഫ്രഞ്ച് കപ്പ് ഫൈനലുകൾ കളിക്കളങ്ങൾ ഉണരുന്ന മുറക്ക് പൂർത്തിയാക്കാനാകുമെന്നാണ് ഫെഡറേഷൻെറ പ്രതീക്ഷ.