ക്രൊയേഷ്യയെ തകർത്തു; ലോകകപ്പിൽ ഫ്രഞ്ച് മുത്തം (4-2)
text_fieldsമോസ്കോ: രണ്ട് പതിറ്റാണ്ടിനുശേഷം ലോകകപ്പിൽ വീണ്ടും ഫ്രാൻസിെൻറ വിജയഭേരി. റഷ്യൻ മണ്ണിനെ ത്രസിപ്പിച്ച 21ാമത് ലോകകപ്പിലെ ഗോൾ മഴ പെയ്ത കലാശപ്പോരിൽ ക്രൊയേഷ്യയുടെ വെല്ലുവിളി 4-2ന് മറികടന്നാണ് ദിദിയർ ദെഷാംപ്സിെൻറ ടീം കിരീടമുയർത്തിയത്. 1998ൽ ജേതാക്കളായ ഫ്രാൻസിെൻറ രണ്ടാം ലോകകപ്പ് നേട്ടമാണിത്. മോസ്കോയിലെ ലുഷ്നിക്കി സ്റ്റേഡിയത്തിൽ ഞായറാഴ്ച ഫ്രാൻസിെൻറ രാത്രിയായിരുന്നു. സെമിയിൽ കളിച്ച ടീമിൽ മാറ്റമില്ലാതെയാണ് ഇരു കോച്ചുമാരും ഫൈനലിൽ ആദ്യ ഇലവനെ ഇറക്കിയത്. അർജൻറീനക്കാരൻ നെസ്റ്റർ പിറ്റാന കിക്കോഫ് വിസിലൂതിയതോടെ തുടങ്ങിയ മത്സരത്തിൽ ഫ്രാൻസ് പിന്നോട്ടിറങ്ങിക്കളിച്ചപ്പോൾ കാര്യമായ മുന്നേറ്റങ്ങളൊന്നും പിറന്നില്ല. ക്രൊയേഷ്യയാണ് തുടക്കത്തിൽ മുന്നേറിക്കളിച്ചത്. എന്നാൽ, ആദ്യ കാൽ മണിക്കൂറിൽ ഇരു ഗോൾമുഖത്തും പന്ത് കാര്യമായ സന്ദർശനം നടത്തിയില്ല.

കളിമികവിനൊപ്പം ഭാഗ്യവും അകമ്പടി ചേർന്നപ്പോൾ ആദ്യവസാനം പൊരുതിക്കളിച്ച ക്രൊയേഷ്യയുടെ വെല്ലുവിളി ഫ്രഞ്ചുകാർ മറികടക്കുകയായിരുന്നു. 18ാം മിനിറ്റിൽ ക്രൊയേഷ്യൻ സ്ട്രൈക്കർ മരിയോ മൻസൂകിച്ചിെൻറ സെൽഫ് ഗോളിൽ മുന്നിൽ കടന്ന ഫ്രാൻസിനെ 28ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിെൻറ ഗോളിൽ ക്രൊയേഷ്യ ഒപ്പംപിടിച്ചു. എന്നാൽ, 38ാം മിനിറ്റിൽ പെനാൽറ്റി ബോക്സിൽ പെരിസിച്ചിെൻറ കൈയിൽ പന്ത് തട്ടിയതിന് ലഭിച്ച പെനാൽറ്റി ഗ്രീസ്മാൻ ലക്ഷ്യത്തിലെത്തിച്ചതോടെ 2-1 ലീഡുമായി ഫ്രഞ്ചുകാർ ഇടവേളക്ക് പിരിഞ്ഞു. 59ാം മിനിറ്റിൽ പൊഗ്ബയുടെയും 65ാം മിനിറ്റിൽ എംബാപെയുടെയും ലോങ്റേഞ്ച് ഗോളുകളിലൂടെ ഫ്രാൻസ് ലീഡ് വർധിപ്പിച്ച് വിജയമുറപ്പിക്കുകയായിരുന്നു. 69ാം മിനിറ്റിൽ മൻസൂകിച്ചിലൂടെ ക്രൊയേഷ്യ ഒരു ഗോൾ കൂടി തിരിച്ചടിച്ച് പ്രതീക്ഷ പുലർത്തിയെങ്കിലും പിന്നീടുള്ള സമയം പ്രതിരോധം കനപ്പിച്ച് ചെറുത്തുനിന്ന ഫ്രാൻസ് കപ്പുറപ്പിച്ചു.

ഗോളുകൾ വന്ന വഴി
ഗോൾ 1-0
18ാം മിനിറ്റ്-മാരിയോ മൻസൂകിച് OG(ഫ്രാൻസ്)
വലതുവിങ്ങിലൂടെ മുന്നേറിയ ഗ്രീസ്മാനെ മാഴ്സലോ ബ്രോസോവിച് വീഴ്ത്തിയപ്പോൾ കിട്ടിയ ഫ്രീകിക്ക് എടുത്തത് പതിവുപോലെ ഏഴാം നമ്പർ താരം തന്നെ. ഗ്രീസ്മാെൻറ ഇടങ്കാലൻ കിക്കിൽ തലവെക്കാൻ ഫ്രഞ്ച് താരങ്ങളും തടയാൻ ക്രൊയേഷ്യൻ കളിക്കാരും ചാടിയപ്പോൾ മൻസൂകിച്ചിെൻറ തലയിലുരുമ്മി പന്ത് വലയിൽ കയറുന്നത് ഗോളി സുബാസിച്ചിന് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. കളിയുടെ ഗതിക്കെതിരെ പിറന്ന ഗോൾ പക്ഷേ, ക്രോട്ടുകളെ തളർത്തിയില്ല. വർധിത വീര്യത്തോടെ പൊരുതിക്കയറിയ അവർ 10 മിനിറ്റിനകം സമനില കണ്ടെത്തി.
ഗോൾ 1-1
28ാം മിനിറ്റ്-ഇവാൻ പെരിസിച്(ക്രൊയേഷ്യ)
ഫ്രീകിക്ക് തന്നെയാണ് ക്രൊയേഷ്യയുടെ സമനില ഗോളിനും വഴിയൊരുക്കിയത്. വലതുവിങ്ങിൽ ബോക്സിനുപുറത്ത് പെരിസിച്ചിനെ വീഴ്ത്തിയ എൻഗാളോ കാെൻറ മഞ്ഞക്കാർഡും കണ്ടു. ഫ്രീകിക്ക് അടിച്ചകറ്റുന്നതിൽ ഫ്രഞ്ച് പ്രതിരോധം അമാന്തിച്ചപ്പോൾ പന്ത് കിട്ടിയ പെരിസിച് വലതുകാലിൽനിന്ന് ഇടതുകാലിലേക്ക് മാറ്റി തൊടുത്ത ബുള്ളറ്റ് ഷോട്ട് വലയുടെ ഇടതുമൂലയിലേക്ക് തുളച്ചുകയറി.

ഗോൾ 2-1
38ാം മിനിറ്റ്-അേൻറായിൻ ഗ്രീസ്മാൻ(ഫ്രാൻസ്)
ഹീറോയായി 10 മിനിറ്റിനകം പെരിസിച് വില്ലനായി. മത്യുഡിയുടെ ഹെഡർ പെരിസിച്ചിെൻറ കൈയിൽ കൊണ്ടപ്പോൾ ആദ്യം റഫറി കാര്യമാക്കിയില്ല. എന്നാൽ, വാർ ടീമിെൻറ ഉപദേശം കിട്ടിയതോടെ പിറ്റാന വിഡിയോ സഹായം തേടാൻ തീരുമാനിച്ചു. തുടർന്ന് നൽകിയ പെനാൽറ്റി ഗ്രീസ്മാൻ പിഴവില്ലാതെ വലയിലെത്തിച്ചതോടെ ഫ്രാൻസിന് വീണ്ടും ലീഡ്. ഗ്രീസ്മാെൻറ ലോകകപ്പിലെ മൂന്നാം പെനാൽറ്റി ഗോൾ. മൊത്തത്തിൽ നാലാം ഗോളും. ഒരു ഗോൾ കുറവിൽ രണ്ടാം പകുതിയിൽ ഇറങ്ങിയ ക്രൊയേഷ്യ രണ്ടും കൽപിച്ചായിരുന്നു. എന്നാൽ, പ്രത്യാക്രമണത്തിലൂടെ ഫ്രാൻസാണ് ഗോൾ നേടിയത്. 48ാം മിനിറ്റിൽ ആെൻറ റെബിച്ചിെൻറ തകർപ്പൻ ഷോട്ട് ഹ്യൂഗോ ലോറിസ് തടുത്തശേഷം 53ാം മിനിറ്റിൽ അതിവേഗം കൊണ്ട് വിദയെ മറികടന്ന് കുതിച്ച എംബാപെയുടെ ശ്രമം സുബാസിച് വിഫലമാക്കി.
ഗോൾ 3-1
59ാം മിനിറ്റ്-പോൾ പൊഗ്ബ(ഫ്രാൻസ്)
പൊഗ്ബയുടെ നിമിഷം. എംബാപെയുടെ കുതിപ്പ് ക്രൊയേഷ്യൻ ഡിഫൻസ് ക്ലിയർ ചെയ്യുന്നതിനിടെ പന്ത് കിട്ടിയ പൊഗ്ബയുടെ ആദ്യ വലങ്കാലൻ വിദയുടെ ദേഹത്ത് തട്ടി തിരിച്ചുവന്നെങ്കിലും രണ്ടാം വട്ടം ഇടങ്കാലുകൊണ്ടുള്ള ഷോട്ടിൽ ആറാം നമ്പറുകാരന് പിഴച്ചില്ല.

ഗോൾ 4-1
65ാം മിനിറ്റ്-കെയ്ലിയൻ എംബാപെ(ഫ്രാൻസ്)
ഇടതുവിങ്ങിലൂടെയുള്ള ലൂകാസ് ഹെർണാണ്ടസിെൻറ കുതിപ്പിൽനിന്ന് പന്ത് കിട്ടിയ എംബാപെ ഒട്ടും സമയം പാഴാക്കാതെ 25 വാര അകലെനിന്ന് തൊടുത്തുവിട്ട ഷോട്ട് സുബാസിച് പ്രതികരിക്കും മുമ്പ് വലയിൽ കയറി.
ഗോൾ 4-2
69ാം മിനിറ്റ്-മാരിയോ മൻസൂകിച്(ക്രൊയേഷ്യ)
ഫ്രാൻസ് അനാവശ്യമായി വഴങ്ങിയ ഗോൾ. ലോറിസിെൻറ പിഴവിൽ ക്രൊയേഷ്യക്ക് ലൈഫ്ലൈൻ. മൈനസ് പാസ് അടിച്ചൊഴിവാക്കാതെ ഒാടിയെത്തിയ മാൻസൂകിച്ചിനെ ഡ്രിബ്ൾ ചെയ്യാനുള്ള ലോറിസിെൻറ ശ്രമം പാളി. മാൻസൂകിച്ചിെൻറ കാലിൽതട്ടി പന്ത് വലയിൽ. സെൽഫ് ഗോളിെൻറ പാപം കഴുകിക്കളഞ്ഞ ഗോളുമായി മാൻസൂകിച്.