നാല് കേരള താരങ്ങൾക്ക് ഒരുവർഷം വിലക്ക്
text_fieldsതിരുവനന്തപുരം: ഭുവനേശ്വറിൽ നടന്ന ഖേലോ ഇന്ത്യ ഗെയിംസിൽ ഫുട്ബാൾ കിരീടം നേടിയ കേരള സർവകലാശാലയിലെ നാല് കളിക്കാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കി ഒരുവർഷത്തെ വിലക്ക് . അമൃത്സർ ഗുരുനാനാക്ക് യൂനിവേഴ്സിറ്റിക്കെതിരായ മത്സരത്തിൽ വിജയിച്ചതിന് തൊട്ടു പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിലാണ് നാല് കളിക്കാർക്ക് ദീർഘമായ കാലയള വിലേക്ക് ഒാൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനും സായിയും വിലക്ക് ഏർപ്പെടുത്തിയത്.
ദേശീയ യൂനിവേഴ്സിറ്റി മത്സരങ്ങളിൽനിന്നും ഇവരെ തടഞ്ഞിട്ടുണ്ട്. ദേശീയതലത്തിൽ 15ഒാളം താരങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. സാധാരണഗതിയിൽ ഏതാനും മത്സരങ്ങളിലോ മാസത്തേക്കോ മാത്രമാണ് വിലക്കുണ്ടാകുക. എന്നാൽ, ഇൗ യുവപ്രതിഭകളുടെ അവസരങ്ങൾ അടച്ചുകൊണ്ടാണ് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്.
ഒാൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനും സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയും ഒാൾ ഇന്ത്യ യൂനിവേഴ്സിറ്റി ഗെയിംസ് ഫെഡറേഷനും ചേർന്നാണ് വിലക്കിയിരിക്കുന്നത്. ഇതോടെ ഇവർ സംഘടിപ്പിക്കുന്ന ഒരു മത്സരത്തിലും ഇവർക്ക് പങ്കെടുക്കാനാവില്ല. നടപടി നേരിട്ട നാലിൽ രണ്ട് പേർക്ക് കേരളത്തിെൻറ സന്തോഷ് ട്രോഫി ക്യാമ്പിലേക്ക് സെലക്ഷൻ കിട്ടിയിട്ടുണ്ട്. വിലക്ക് പ്രാബല്യത്തിൽ വന്നതിനാൽ ഇവർക്ക് ക്യാമ്പിൽ പ്രവേശനം നിഷേധിക്കപ്പെടും.
ഖേലോ ഇന്ത്യയിലെ പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ കൊൽക്കത്തയിലെ ഇൗസ്റ്റ് ബംഗാൾ അടക്കമുള്ള ക്ലബുകൾ ഇൗ കളിക്കാരെ ക്ഷണിച്ചിട്ടുണ്ട്. ഒഡിഷ എഫ്.സിയിലേക്കും ഇവർക്ക് ക്ഷണമുണ്ട്.
ആ അവസരവും നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.
ഭാവി തകർക്കുന്ന വിലക്ക് നീക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ഇന്നലെ കായികമന്ത്രി ഇ.പി. ജയരാജന് പരാതി നൽകിയിട്ടുണ്ട്. ഇൗ മാസം പത്തിന് സായി ഡയറക്ടർ ജനറൽ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.