യൂറോപ്പില്‍ കളി മുറുകുന്നു; ഇംഗ്ളണ്ടില്‍ നിര്‍ണായക പോരാട്ടങ്ങള്‍
text_fieldsലണ്ടന്‍: ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ തിരക്ക് കഴിഞ്ഞ് യൂറോപ്യന്‍ ക്ളബ് ഫുട്ബാള്‍ വീണ്ടും സജീവമാകുന്നു. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലാ ലിഗ, ജര്‍മന്‍ ബുണ്ടസ് ലിഗ, ഇറ്റാലിയന്‍ സീരി എ തുടങ്ങി ക്ളബ് പോരിടങ്ങളില്‍ ഇനി സൂപ്പര്‍ പോരാട്ടങ്ങള്‍.
ഇംഗ്ളണ്ടില്‍ സിറ്റിയും ടോട്ടന്‍ഹാമും പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം, ആഴ്സനല്‍, ലിവര്‍പൂള്‍ എന്നിവരുടെ പോരാട്ടമാണ് പ്രീമിയര്‍ ലീഗില്‍.
ഏഴ് കളിയില്‍ ആറും ജയിച്ച സിറ്റിക്ക് അവസാന മത്സരത്തില്‍ മാത്രമാണ് കാലിടറിയത്. ടോട്ടന്‍ഹാമിനോട് 2-0ത്തിന് തോറ്റ സിറ്റി 18 പോയന്‍റുമായി ഒന്നാമതാണെങ്കിലും ഏഴില്‍ അഞ്ചും ജയിച്ച ടോട്ടന്‍ഹാം (17) തൊട്ടുപിന്നിലുണ്ട്. പോയന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള എവര്‍ട്ടനാണ് ശനിയാഴ്ച സിറ്റിയുടെ എതിരാളി. ആദ്യത്തിലെ കിതപ്പ്മാറ്റി തുടര്‍ച്ചയായി അഞ്ചു ജയിച്ച് ആഴ്സനലും, അവസാന നാലിലും ജയിച്ച ലിവര്‍പൂളും മികച്ച ഫോമിലാണ്.
അതേസമയം, വന്‍ പ്രതീക്ഷകളോടെ തുടങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സിറ്റിയോടും, വാറ്റ്ഫോഡിനോടും തോറ്റ ക്ഷീണം മാറിയിട്ടില്ല. ചാമ്പ്യന്മാരായ ലെസ്റ്ററിനെ വീഴ്ത്തിയെങ്കിലും അവസാന മത്സരത്തില്‍ സ്റ്റോക്സിറ്റിയോടേറ്റ സമനില വീണ്ടും തിരിച്ചടിയായി. ഏഴ് കളിയില്‍ 13 പോയന്‍റുമായി ആറാം സ്ഥാനത്താണ് യുനൈറ്റഡ്. തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കൊടുവില്‍ ഒരു ജയം നേടിയതിന്‍െറ ആത്മവിശ്വാസം ചെല്‍സിക്കുണ്ട്. ഏഴാം സ്ഥാനക്കാരായ നീലപ്പടക്ക് ശനിയാഴ്ച നിലവിലെ ജേതാക്കളായ ലെസ്റ്ററാണ് എതിരാളി.
സ്പെയിനില്‍ അത്ലറ്റികോ
റയല്‍ മഡ്രിഡിന്‍െറയും ബാഴ്സലോണയുടെയും തിരിച്ചടികള്‍ക്കിടെ തുടര്‍ ജയങ്ങളുമായി സ്പെയിനില്‍ അത്ലറ്റികോ മഡ്രിഡിന്‍െറ മുന്നേറ്റം. ഏഴില്‍ നാല് ജയവും മൂന്ന് സമനിലയുമായി 15 പോയന്‍റ് പോക്കറ്റിലാക്കിയാണ് അത്ലറ്റികോവിന്‍െറ കുതിപ്പ്. അതേസമയം, തുടക്കത്തിലെ നാല് ജയങ്ങള്‍ക്കൊടുവില്‍ വഴങ്ങിയ മൂന്ന് സമനില റയലിന് ക്ഷീണമായി.
പോയന്‍റ് നിലയില്‍ അത്ലറ്റികോക്കൊപ്പമാണെങ്കിലും വിയ്യ റയല്‍, പാല്‍മാസ്, എയ്ബര്‍ എന്നിവരോടേറ്റ സമനില ക്രിസ്റ്റ്യാനോക്കും സംഘത്തിനും വലിയ ക്ഷീണമാണ്. 14 പോയന്‍റുമായി സെവിയ്യയാണ് മൂന്നാം സ്ഥാനത്ത്. അവസാന അങ്കത്തില്‍ സെല്‍റ്റയോട് 3-4ന് തോറ്റ ബാഴ്സ 13 പോയന്‍റുമായി നാലാം സ്ഥാനത്താണ്.
പത്തു ദിവസത്തിന് ശേഷം വീണ്ടും കളമുണരുമ്പോള്‍ റയല്‍ ബെറ്റിസാണ് റയലിന്‍െറ എതിരായി. ബാഴ്സലോണ ഡിപോര്‍ട്ടിവയെയും, അത്ലറ്റികോ മഡ്രിഡ് ഗ്രനഡയെയും നേരിടും.
***
ആറ് കളി കഴിഞ്ഞ ജര്‍മനിയില്‍ ബയേണ്‍ മ്യൂണിക്കാണ് ഒന്നാമത് (16). ഇറ്റലിയില്‍ ഏഴ് കളിയില്‍ 18 പോയന്‍റുമായി യുവന്‍റസ് ബഹുദൂരം മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള നാപോളിക്ക് 14 പോയന്‍റാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
