ഫ്ലക്സ് ഒഴിവാക്കി വേറിട്ട ഫുട്ബാൾ ആഘോഷവുമായി ക്ലബ്
text_fieldsപത്തിരിപ്പാല: പരിസ്ഥിതിക്ക് ദോഷമായ ഫ്ലക്സുകൾ സ്ഥാപിച്ച് ഫുട്ബാൾ ലഹരിയിൽ ആറാടുമ്പോൾ പരിസ്ഥിതി സൗഹൃദ ബോർഡ് സ്ഥാപിച്ചും പ്രിയ താരങ്ങളുടെ പേരിൽ പൂന്തോട്ടം നിർമിച്ചും ആഘോഷിക്കുകയാണ് മങ്കരയിലെ നേച്ചർ ക്ലബ് പ്രവർത്തകർ.
പ്രത്യേകതരം വിനൈൽ സ്റ്റിക്കർ ഉപയോഗിച്ചാണ് കളിക്കാരുടെ ചിത്രം നിർമിച്ചിട്ടുള്ളത്. നെയ്മർ, മെസി, റൊണാൾഡോ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം ഫലവൃക്ഷ തൈകളുമാണ് പാതയോരത്ത് വെച്ചു പിടിപ്പിച്ചിരിക്കുന്നത്. പാതയോരം ചെത്തി വൃത്തിയാക്കി പൂന്തോട്ടവും സ്ഥാപിച്ച് ആരാധകരായ ഫുട്ബാൾ കളിക്കാരുടെ ചിത്രങ്ങളും പതിച്ച് പാതയോരങ്ങൾ മനോഹരമാക്കി.
ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റൻ സുനിൽ ചേത്രിയുടെ നാമധേയത്തിലും സംസ്ഥാനപാതയിൽ മങ്കര ചാത്തിക്കഴായിക്ക് സമീപം കൊച്ചുപൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകരായ മണി കുളങ്ങര, സുരേഷ് കുമാർ, ബി. സുബ്രമണ്യൻ, രാമൻ മങ്കര, കെ.ബി. പ്രത്യുഷ് മാസ്റ്റർ, ഷംസുദ്ദീൻ മാങ്കുറുശി, കിരൺ വാരിയർ, ഉമർ ഫാറൂഖ്, കെ.ബി. പ്രമോദ് ഉണ്ണി, ജയകൃഷ്ണൻ, മുഹമ്മദ് ബഷീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തികൾ നടന്നുവരുന്നത്.