സ്വിറ്റ്സർലൻഡിനെ വീഴ്ത്തി; സ്വീഡൻ ക്വാർട്ടറിൽ (1-0)
text_fieldsസെൻറ് പീറ്റേഴ്സ്ബർഗ്: യൂറോപ്യൻ ടീമുകളുടെ പോരാട്ടത്തിൽ ഒരു ഗോളിെൻറ മികവുമായി സ്വീഡൻ അവസാന എട്ട് ടീമുകളുടെ കൂട്ടത്തിൽ ഇടംപിടിച്ചപ്പോൾ സ്വിറ്റ്സർലൻഡിന് വീണ്ടും പ്രീക്വാർട്ടറിൽ അടിതെറ്റി. 66ാം മിനിറ്റിൽ എമിൽ ഫോസ്ബർഗ് ഭാഗ്യത്തിെൻറ സഹായത്തോടെ നേടിയ ഗോളിെൻറ മികവിലായിരുന്നു സ്വീഡിഷ് വിജയം. അവസാനഘട്ടത്തിൽ ഗോളിലേക്ക് മുന്നേറുകയായിരുന്ന മാർട്ടിൻ ഒാൾസണെ വീഴ്ത്തിയ മൈക്കൽ ലാങ്ങിന് ചുവപ്പുകാർഡ് കിട്ടിയതോടെ പത്തുപേരുമായാണ് സ്വിറ്റ്സർലൻഡ് മത്സരം പൂർത്തിയാക്കിയത്. ഇതേ ഫൗളിെൻറ പേരിൽ വിധിച്ച പെനാൽറ്റി വാർ പരിശോധനയെ തുടർന്ന് തിരുത്തിയതോടെ സ്വീഡന് ലീഡുയർത്താനുമായില്ല.
ലോകകപ്പ് അവസാന 16 പോരാട്ടത്തിെൻറ നിലവാരത്തിലേക്കുയരാതെ പോയ മത്സരത്തിൽ ബോൾ പൊസഷൻ മുൻതൂക്കം സ്വിറ്റ്സർലൻഡിനായിരുന്നു (67 ശതമാനം). എന്നാൽ, അത് ഗോൾ അവസരങ്ങളാക്കി മാറ്റാൻ ടീമിനായില്ല. മികവുറ്റ താരങ്ങളായ ഷെർദാൻ ഷാകീരിയും ഗ്രാനിത് ഷാകയുമടക്കമുള്ള താരങ്ങൾ നിറംമങ്ങിയതും സ്വിസ് സംഘത്തെ ബാധിച്ചു. ഇരുവരുമടങ്ങിയ മധ്യനിര പന്ത് കൈവശംവെച്ച് കളിക്കുന്നതിൽ വിജയിച്ചെങ്കിലും കളിയുടെ ഗതി മാറ്റിമറിക്കുന്ന നീക്കങ്ങളോ പാസുകളോ പിറവിയെടുത്തില്ല.
മറുവശത്ത് സ്വീഡനും മെച്ചപ്പെട്ട പ്രകടനമൊന്നും പുറത്തെടുത്തില്ലെങ്കിലും നിർണായക ഗോൾ നേടാനായത് നേട്ടമായി. മുൻനിരയിൽ മാർകസ്ബർഗ് ഒട്ടും ഫോമിലായിരുന്നില്ല. ഇടതു വിങ്ങിൽ അനങ്ങിക്കളിച്ച ഫോസ്ബർഗായിരുന്നു ഗോൾ നേടുമെന്ന് തോന്നിച്ച ഏക താരം. ഭാഗ്യത്തെ കൂട്ടുപിടിച്ചാണെങ്കിലും ഒടുവിൽ ജർമൻ ലീഗിൽ ആർ.ബി. ലീപ്സിഷിെൻറ താരമായ ഫോസ്ബർഗ് തന്നെ ഗോളുമായി ടീമിെൻറ രക്ഷക്കെത്തുകയും ചെയ്തു.
ഡിഫൻഡർ വിക്ടർ ലിൻഡലോഫിെൻറ മുന്നേറ്റത്തിനൊടുവിൽ ഒല ടോയ്വോനൻ വഴി പന്ത് ലഭിക്കുേമ്പാൾ ബോക്സിനു പുറത്ത് സ്വതന്ത്രനായിരുന്നു ഫോസ്ബർഗ്.
അധികം ശക്തിയില്ലാതിരുന്ന ഷോട്ടിന് പാകത്തിൽ ഗോൾകീപ്പർ യാൻ സോമ്മർ പൊസിഷൻ ചെയ്തെങ്കിലും ഇടക്ക് മാനുവൽ അകൻജിയുടെ കാലിൽ തട്ടിയതോടെ പന്തിെൻറ ഗതിമാറി. സോമ്മറെ നിസ്സഹായനാക്കി പന്ത് വലയുടെ മുകൾഭാഗത്തേക്ക് കയറി. ടൂർണമെൻറിൽ ഫോസ്ബർഗിെൻറ ആദ്യ ഗോൾ.
കോസ്റ്ററീകക്കെതിരായ അവസാന ഗ്രൂപ് മത്സരത്തിൽ കളിച്ച ടീമിൽനിന്ന് നാല് മാറ്റങ്ങളുമായാണ് സ്വിസ് കോച്ച് വ്ലാദിമിർ പെറ്റ്കോവിച് ടീമിനെ ഇറക്കിയത്.
സസ്പെൻഷനിലായ ക്യാപ്റ്റൻ സ്റ്റെഫാൻ ലീച്ച്സ്റ്റെയ്നറിനും ഫാബിയൻ സ്കാറിനും പകരം യൊഹാൻ ജൗറു, മൈക്കൽ ലാങ് എന്നിവരും സ്ട്രൈക്കർ മാരിയോ വഗ്റാനോവിച്ച്, ബ്രീൽ എംബോളോ എന്നിവരുടെ സ്ഥാനത്ത് യോസിപ് ഡ്രിമിചും സ്റ്റീവൻ സുബെറും ഇറങ്ങി. സ്വീഡൻ കോച്ച് ഒരു മാറ്റമാണ് ടീമിൽ വരുത്തിയത്.
സസ്പെൻഷനിലായ മിഡ്ഫീൽഡർ സെബാസ്റ്റ്യൻ ലാർസെൻറ സ്ഥാനത്ത് ഗുസ്താവ് സ്വെൻസൺ ഇടംപിടിച്ചു.