Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനെയ്മർ മനുഷ്യനാണ്;...

നെയ്മർ മനുഷ്യനാണ്; പൂർണ്ണത ആ വർഗ്ഗത്തിനു പറഞ്ഞിട്ടില്ല

text_fields
bookmark_border
നെയ്മർ മനുഷ്യനാണ്; പൂർണ്ണത ആ വർഗ്ഗത്തിനു പറഞ്ഞിട്ടില്ല
cancel

'സാംബ ട്യൂണിനനുസരിച്ച് മെക്സിക്കോ നൃത്തം ചെയ്യുമോ....? സമാറ അറീനയിലെ പ്രീക്വാർട്ടർ പോരാട്ടത്തിനു മുന്നോടിയായി ഒരുപാട് പേർ ഉന്നയിച്ച ചോദ്യം. ഗുള്ളൂർമോ ഒച്ചോവയോട് ഈ ചോദ്യം ചോദിച്ചിരുന്നുവെങ്കിൽ അയാൾ തീർച്ചയായും ''ഇല്ല'' എന്ന് മറുപടി പറയുമായിരുന്നു. ധീരനും പ്രഗല്ഭനുമായ മെക്സിക്കൻ ഗോൾകീപ്പർ ബ്രസീലിൻെറ കരുത്തും പാരമ്പര്യവും കണ്ട് ഭയക്കുന്നവനായിരുന്നില്ല. അയാൾ പോരിന് സജ്ജനായിക്കഴിഞ്ഞിരുന്നു. മെക്സിക്കോയുടെ പ്രതീക്ഷകളെല്ലാം അയാളെ കേന്ദ്രീകരിച്ചായിരുന്നു. നാലുവർഷങ്ങൾക്കുമുമ്പ് നടന്ന ലോകകപ്പിൽ ബ്രസീലിനെതിരെ മെക്സിക്കോ സമനില സമ്പാദിച്ചത് ഒച്ചോവയുടെ മികവിലായിരുന്നു. റഷ്യയിലും ഒച്ചോവ രക്ഷകനാകുമെന്ന് മെക്സിക്കോ മുഴുവൻ വിശ്വസിച്ചു.

മെക്സിക്കോക്കെതിരെ നെയ്മർ ആദ്യ ഗോൾ നേടുന്നു
 


ബ്രസീൽ ക്യാമ്പിലും ഒരു പോസ്റ്റർ ബോയ് ഉണ്ടായിരുന്നു. മെസ്സിയും ക്രിസ്റ്റ്യാനോയും നാട്ടിലേക്ക് വിമാനം കയറിയപ്പോൾ 2018 ലോകകപ്പിൽ ബാക്കിയായ സൂപ്പർസ്റ്റാർ. പേര് നെയ്മർ. അയാൾ കടുത്ത സമ്മർദ്ദത്തിലായിരുന്നു. മൂന്നു കളികളിൽ നിന്ന് ഒരേയൊരു ഗോൾ മാത്രമായിരുന്നു നെയ്മറുടെ സമ്പാദ്യം. പി.എസ്.ജി ടീമംഗമായ എംബാപ്പെയുടെ കുതിപ്പ് ഒരുവശത്ത്. ബ്രസീൽ ടീമിൽ ഇതുവരെ നെയ്മറേക്കാൾ നന്നായി പെർഫോം ചെയ്തത് കുട്ടീന്യോയാണെന്ന വിമർശകരുടെ അഭിപ്രായം മറുവശത്ത്. ടൂർണ്ണമ​െൻറ് ഭരിക്കാനെത്തിയ യുവതാരത്തെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അസഹനീയമായിരുന്നു. മൈതാനത്ത് ഇറങ്ങുമ്പോൾ നെയ്മറിൻെറ മുഖത്ത് സവിശേഷമായൊരു തിളക്കം കാണാമായിരുന്നു.


ആരംഭം മുതൽക്ക് നെയ്മർ ആക്രമണം തുടങ്ങി. രണ്ടു ഡിഫൻറർമാരെ കബളിപ്പിച്ച് പെനാൽറ്റി ബോക്സിൽ കയറിയ നെയ്മർ ഷോട്ട് പായിച്ചു. അത് ഒച്ചോവയുടെ കരങ്ങളിൽ ചരമം പ്രാപിച്ചു. പിന്നാലെ ഒരു ഫ്രീകിക്ക്. അത് എങ്ങുമെത്തിയില്ല. Too high & too wide ! വീണ്ടും നെയ്മർ ബോക്സിലെത്തി. ഇത്തവണ ഒരു കിടിലൻ ടാക്കിളിലൂടെ ആൽവാരസ് പന്ത് നേടിയെടുത്തു. ബ്രസീൽ ആരാധകരുടെ ചുമലുകൾ കുനിഞ്ഞുതുടങ്ങി. തകർപ്പൻ സേവുകളുമായി ഒച്ചോവ വിശ്വരൂപം പൂണ്ടു. ഒരു നിമിഷം നെയ്മറും ചിന്തിച്ചിട്ടുണ്ടാവണം- ഈ ഒച്ചോവ! നാലു വർഷങ്ങൾക്കുമുമ്പ് തൻെറ ഹെഡറും ഇടങ്കാലനടിയും തടുത്ത് മെക്സിക്കോയെ രക്ഷിച്ച അതേ ഗോൾകീപ്പർ! എങ്ങനെ ഇയാളെ മറികടക്കും!!? 

ബ്രസീലിൻറെ രണ്ടാമത്തെ ഗോളിനായി ഫെർമിനോക്ക് പാസ് നൽകുന്ന നെയ്മർ
 


പക്ഷേ യഥാർത്ഥ പ്രതിഭ ഏറ്റവും പ്രതികൂലമായ സാഹചര്യങ്ങളിലാണ് പുറത്തുവരിക. കളിയുടെ അമ്പത്തിയൊന്നാമത്തെ മിനുട്ടിൽ അത് മറനീക്കുക തന്നെ ചെയ്തു. ഒച്ചോവയുടെ കൈപ്പിടിയിൽ ഒതുങ്ങാതെ ഒരു പന്ത് അയാളെക്കടന്നുപോയി. ഗബ്രിയേൽ ജീസൂസിൻെറ കാലിൽ പന്ത് കിട്ടിയില്ല. എന്നാൽ ജീസൂസിനപ്പുറത്ത് നെയ്മറുണ്ടായിരുന്നു. അയാൾക്ക് പിഴച്ചില്ല. ഗോൾ! സഹതാരങ്ങൾ അയാളെ തോളിലേറ്റി നടന്നു. സ്റ്റേഡിയത്തിലുണ്ടായിരുന്ന മെക്സിക്കൻ ഫാൻസിനോട് നിശബ്ദരാകാൻ നെയ്മർ ആവശ്യപ്പെട്ടു. സത്യത്തിൽ അയാൾ ലോകത്തോട് ആഹ്വാനം ചെയ്യുകയായിരുന്നു. ''വിരോധികളേ,വായടയ്ക്കൂ....!!''


ഒരു ഗോൾകൊണ്ടും തീർന്നില്ല. രണ്ടാമത്തെ ഗോളിന് നെയ്മർ വഴിയൊരുക്കുകയും ചെയ്തു. ക്വാർട്ടർ ഫൈനലിലേക്ക് മഞ്ഞപ്പട യോഗ്യത നേടി. നെയ്മർ നേടിയത് ബ്രസീലിൻെറ 227-ാമത്തെ വേൾഡ് കപ്പ് ഗോളാണ്. അവരേക്കാൾ കൂടുതൽ തവണ ലോകകപ്പ് വേദിയിൽ വലകുലുക്കിയ വേറൊരു ടീമില്ല. ഈ കാനറിപ്പക്ഷികൾ എത്ര മാത്രമാണ് നമ്മെ ആനന്ദിപ്പിക്കുന്നത്! ദുർബലരായ മെക്സിക്കോയോടായിരുന്നു നെയ്മറിൻെറ വീരസാഹസം എന്ന വിമർശനം വന്നേക്കാം. എന്നാൽ നിലവിലെ ചാമ്പ്യൻമാരായ ജർമനിയെ വീഴ്ത്തിയ ടീമാണത് എന്നത് മറക്കരുത്. നെയ്മർക്കു നേരെ എന്തെല്ലാം വിമർശനങ്ങളായിരുന്നു. പക്ഷേ ഒരു വലിയ സ്റ്റേജ് കിട്ടിയപ്പോൾ അയാൾ അവസരത്തിനൊത്തുയർന്നു. ചാമ്പ്യൻമാരുടെ ലക്ഷണമാണത്.


കോസ്റ്റാറിക്കക്കെതിരായ മത്സരത്തിനുശേഷം നെയ്മർ പൊട്ടിക്കരഞ്ഞതിനെക്കുറിച്ച് ചോദിച്ചപ്പോൾ ''അയാളും മനുഷ്യനാണ് '' എന്ന മറുപടിയാണ് ഫാഗ്നർ പറഞ്ഞത്. അതെ,നെയ്മർ മനുഷ്യനാണ്. പൂർണ്ണത ആ വർഗ്ഗത്തിനു പറഞ്ഞിട്ടില്ല. അതുകൊണ്ടാവാം അയാൾ ഇടയ്ക്കെങ്കിലും അനാവശ്യമായി ഡൈവ് ചെയ്യുന്നത്. ആ ദുഃശ്ശീലം കൂടി ഒഴിവാക്കിയാൽ ഇയാൾക്ക് ലഭിക്കാൻ പോകുന്ന പ്രശംസ എത്ര മാത്രമായിരിക്കുമെന്ന് ഊഹിക്കാൻ പോലും സാധിക്കുന്നില്ല...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiafootballfifaworldcup 2018sports news. malayalam News
News Summary - fifa worldcup 2018- Sports news
Next Story