മൊറോക്കോ പുറത്തേക്ക്; പ്രീക്വാർട്ടർ സാധ്യത നിലനിർത്തി പോർച്ചുഗൽ
text_fieldsമോസ്കോ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽകൂടി രക്ഷകനായപ്പോൾ പോർചുഗലിന് ആദ്യ ജയം. ഗ്രൂപ് ബിയിൽ മൊറോക്കോയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയ പോർചുഗൽ രണ്ടു കളികളിൽ നാലു പോയൻറുമായി നോക്കൗട്ട് പ്രതീക്ഷ വർണാഭമാക്കി. നാലാം മിനിറ്റിൽ ഹെഡറിലൂടെയായിരുന്നു റൊണാൾഡോയുടെ നിർണായക ഗോൾ.
മികച്ചുനിന്നത് മൊറോക്കോ, ഗോളടിച്ചത് പോർചുഗൽ
മത്സരത്തിെൻറ എല്ലാ മേഖലകളിലും മികച്ചുനിന്നിട്ടും ഫിനിഷിങ്ങിലെ പോരായ്മകൊണ്ടുമാത്രമാണ് മൊറോക്കോ തുടർച്ചയായ രണ്ടാം മത്സരത്തിലും പരാജയമേറ്റുവാങ്ങിയത്.
ആദ്യ കളിയിൽ ഇറാനെതിരെ വ്യക്തമായ മുൻതൂക്കമുണ്ടായിട്ടും അവസാനഘട്ടത്തിൽ വഴങ്ങിയ സെൽഫ് ഗോളിൽ കളി കൈവിട്ട ആഫ്രിക്കക്കാർ പോർചുഗലിനെതിരെ അതിലും മികച്ച കളിയാണ് കെട്ടഴിച്ചത്. ബോൾ പൊസഷനിലും (53-47) പാസിങ്ങിലും (467-394) ഷോട്ടുകളിലും (16-10) ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകളിലും (10-4) എല്ലാം മുൻതൂക്കം മൊറോക്കോക്കായിരുന്നു. എന്നാൽ, ഗോൾവല കുലുക്കുകയെന്ന ആത്യന്തിക ലക്ഷ്യം മാത്രം അവരിൽനിന്ന് അകന്നുനിന്നു.
മൊറോക്കോയുടെ 16 ശ്രമങ്ങളിൽ നാലെണ്ണമായിരുന്നു ഗോൾ ലക്ഷ്യമാക്കിയുള്ളത്. അതിൽ രണ്ടെണ്ണം ഉജ്ജ്വലമായ സേവിങ്ങിലൂടെ പോർചുഗീസ് ഗോളി റൂയി പാട്രീഷ്യോ രക്ഷപ്പെടുത്തുകയായിരുന്നു. ബെർണാഡോ സിൽവയുടെ ക്രോസ് അടിച്ചകറ്റാനുള്ള ശ്രമത്തിൽ മൊറോക്കോ പ്രതിരോധം കോർണർ വഴങ്ങി. ജാവോ മോടീന്യോയുടെ കോർണറിൽ ആറു വാര ബോക്സിെൻറ മധ്യത്തിൽ താഴ്ന്നിറങ്ങിയപ്പോൾ തെൻറ മാർക്കറെ കബളിപ്പിച്ച് മുന്നോട്ടുകയറിയ റൊണാൾഡോയുടെ തകർപ്പൻ ഹെഡർ ഗോളി മുനീർ മുഹമ്മദിക്ക് അവസരമൊന്നും നൽകിയില്ല.