സുവാരസിനും കുട്ടീന്യോക്കും ഗോൾ; മലാഗയെ ബാഴ്സലോണ 2-0ത്തിന് തോൽപിച്ചു
text_fieldsമഡ്രിഡ്: മൂന്നാം തവണയും പിതാവായ ലയണൽ മെസ്സിക്ക് ആത്മസുഹൃത്തുക്കളായ സുവാരസിെൻറയും കുട്ടീന്യോയുടെയും ഗോൾ സമ്മാനം. മലാഗയെ 2-0ത്തിന് ബാഴ്സലോണ തോൽപിച്ചപ്പോൾ, വലകുലുക്കിയ ഉറുഗ്വായ്-ബ്രസീൽ താരങ്ങൾ മെസ്സിയുടെ പുതിയ മകൻ സിറോക്ക് ഗോളുകൾ സമ്മാനിച്ചു.
ജയത്തോടെ രണ്ടാം സ്ഥാനക്കാരായ അത്ലറ്റികോ മഡ്രിഡിനേക്കാൾ 11 പോയൻറ് വ്യത്യാസവുമായി ബാഴ്സലോണ (72) ഒന്നാം സ്ഥാനം ഭദ്രമാക്കി. അത്ലറ്റികോ മഡ്രിഡിനു (61) പിറകിൽ മൂന്നാമതാണ് റയൽ മഡ്രിഡ്(57). അവസാന 12 മത്സരങ്ങളിൽ ഒരു ജയം പോലുമില്ലാതെ മലാഗ 20ാം സ്ഥാനത്താണ്.
മത്സരത്തിൽ ആദ്യ പകുതിയിലാണ് ബാഴ്സലോണ രണ്ടു ഗോളുകളും നേടുന്നത്. 15ാം മിനിറ്റിൽ വാരകൾക്കകലെനിന്ന് ജോർഡി ആൽബ മഴവില്ല് കണക്കെ നൽകിയ ഉഗ്രൻ ക്രോസ്, ഹെഡറിലൂടെ ലൂയി സുവാരസാണ് ഗോളാക്കിയത്. ലാ ലിഗയിൽ സുവാരസിെൻറ 21ാം ഗോളും ആൽബയുടെ സീസണിലെ ഒമ്പതാം അസിസ്റ്റുമായിരുന്നു ഇത്. 28ാം മിനിറ്റിൽ ഉസ്മാനെ ഡെംബെലയുടെ പാസിൽ ബാക്ക് ഹീലുകൊണ്ട് ബ്രസീൽ താരം ഫിലിപെ കുട്ടീന്യോയും ഗോൾ നേടി ബാഴ്സയെ വീണ്ടും മുന്നിലെത്തിച്ചു.
തൊട്ടുപിന്നാലെ ആൽബയെ അപകടകരമായ രീതിയിൽ ഫൗൾ ചെയ്തതിന് മലാഗ വിങ്ങർക്ക് ചുവപ്പ് കാർഡ് കിട്ടി പുറത്തുപോയി. എന്നാൽ, എതിരാളികൾ പത്തായി ചുരുങ്ങിയതിെൻറ ആനുകൂല്യം മുതലാക്കാനാവാതെ ബാഴ്സ 2-0ത്തിന് കളി ജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
