ആവേശത്തിര തീർത്ത് ‘ഫൈസൽമാർ’
text_fieldsകൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഒന്നാകെ മഞ്ഞക്കടലായി ഇരമ്പുേമ്പാൾ, ബ്ലോക് ‘സി’യിൽ റോസും ഓറഞ്ചും നിറത്തിൽ ജഴ്സിയണിഞ്ഞ് ഒരു സംഘം ആർത്തുവിളിക്കുന്നുണ്ടായിരുന്നു. മഞ്ഞയല്ലാത്തതിനാൽ എഫ്.സി ഗോവയുടെ ആരാധകരെന്ന് തോന്നിച്ചെങ്കിലും നൂറോളം അംഗങ്ങളുള്ള സംഘം കൈയടിച്ചതൊക്കെയും കേരള ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങൾക്ക്. ഒടുവിൽ കാര്യം പിടികിട്ടി. കേരളത്തിൽ അങ്ങോളമിേങ്ങാളമുള്ള ഫൈസൽ നാമധാരികളുടെ കൂട്ടായ്മയായിരുന്നു അത്. ‘ഫൈസൽസ്’ എന്ന കൂട്ടായ്മയാണ് ഒരേ നിറത്തിലുള്ള ജഴ്സി അണിഞ്ഞ് ഒന്നിച്ച് കളി കാണാൻ കൊച്ചിയിലെത്തിയത്.
മലബാറിൽ നിന്നും തിരുവനന്തപുരത്തുനിന്നും രണ്ട് ബസുകളിലായാണ് സംഘം എത്തിയത്. ‘ഫൈസൽസ്’ എന്ന പേരുള്ളവരുടെ കൂട്ടായ്മ 2017ലാണ് കോഴിക്കോടുള്ള ഒരു പറ്റം ചെറുപ്പക്കാർ തുടങ്ങുന്നത്. വടകരയിൽ ഒരു ചടങ്ങിലെ വേദിയിൽ നാലു ഫൈസൽമാർ എത്തിയതോടെയാണ് കൂട്ടായ്മ മുളപൊട്ടുന്നത്. പിന്നാലെ കോഴിക്കോട് ജില്ലയിലെ ഫൈസൽമാർ ഒരുമിച്ചു. പതിയെപതിയെ സംസ്ഥാനമൊട്ടാകെയുള്ളവരെ ഉൾപ്പെടുത്തി. നിലവിൽ 3500ഓളം അംഗങ്ങളിലെത്തിനിൽക്കുന്നു.
കേരളത്തിൽ മാത്രമല്ല, ഗൾഫ് നാടുകളിലും ഫൈസൽമാർ സംഘം ചേർന്ന് പ്രവർത്തിക്കുന്നു. നിരവധി സന്നദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിൽനിന്ന സംഘം, പണം അംഗങ്ങളിൽ നിന്ന് മാത്രമേ ഈടാക്കൂ. സഹായാഭ്യർഥനകൾ കണ്ട്, സ്വയം സന്നദ്ധമായി മുന്നോട്ടു വരുന്ന ഫൈസൽമാർ പ്രസിഡൻറിനെ അറിയിച്ച് സേവനങ്ങൾ നിർവഹിക്കുന്നതാണ് രീതി.