റോഡ് ടു 2020 യൂറോ
text_fieldsലണ്ടൻ: അടിമുടി മാറി പുതുരൂപവും ഭാവവുമായി അരങ്ങേറുന്ന 2020 യൂറോകപ്പിനുള്ള പ്രയാണത്തിന് ഇന്ന് കിക്കോഫ്. യൂറോപ്പിലെ 12 രാജ്യങ്ങളിലെ 12 നഗരങ്ങൾവേദിയാവുന്ന വൻകരയുടെ ചാമ്പ്യൻഷിപ്പിൽ ഇടംനേടാൻ ഇനി ഒരു വർഷം യോഗ്യത പോരാട്ടങ്ങൾ.
പുതുമയോടെ
യോഗ്യത റൗണ്ടിനും ടൂർണമെൻറിനും ഇക്കുറി പുതുമകൾ ഏറെയാണ്. 12 രാജ്യങ്ങളാണ് ഫൈനൽ റൗണ്ടിന് വേദിയെന്നതിനാൽ ആതിഥേയരാജ്യങ്ങൾക്കുള്ള സ്വാഭാവിക യോഗ്യത ഇക്കുറിയില്ല. വേദിയൊരുക്കുന്നവരടക്കം കളിച്ച് യോഗ്യത നേടണം. 55 ടീമുകളാണ് യോഗ്യത റൗണ്ടിനിറങ്ങുന്നത്. ഇവരിൽനിന്ന് 20 പേർ യോഗ്യത നേടും. യോഗ്യത റൗണ്ടിൽ ‘എ’ മുതൽ ‘ഇ’വരെ ആദ്യ അഞ്ച് ഗ്രൂപ്പിൽ അഞ്ചു ടീമുകൾ വീതം.
ശേഷം ‘ജെ’വരെ അഞ്ച് ഗ്രൂപ്പിൽ ആറ് ടീമുകളും. ആകെ 10 ഗ്രൂപ്പിൽനിന്ന് ഒന്നും രണ്ടും സ്ഥാനക്കാർ യൂറോകപ്പ് യോഗ്യത നേടും. ശേഷിച്ച നാലു ടിക്കറ്റുകൾ പുതുതായി ആരംഭിച്ച നാഷൻസ് ലീഗ് വഴിയെത്തുന്നവർക്കാണ്. യോഗ്യത റൗണ്ടിലെ ഗ്രൂപ് മത്സരങ്ങൾ ഇൗവർഷം നവംബറോടെ അവസാനിക്കും. നാഷൻസ് ലീഗ് മത്സരങ്ങൾ ഇൗവർഷം ജൂണിലും പൂർത്തിയാവും. ശേഷിച്ച നാല് ടിക്കറ്റിനായുള്ള പോരാട്ടങ്ങൾ 2020 മാർച്ചിലാവും നടക്കുക.
റൊണാൾഡോയും പോർചുഗലും
നിലവിലെ ചാമ്പ്യന്മാരായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗൽ എത്തുന്നത്. ലോകകപ്പിനുശേഷം റൊണാൾഡോ ആദ്യമായി ദേശീയ ടീമിനൊപ്പമെത്തുകയാണ്. വെള്ളിയാഴ്ച യുക്രെയ്നും 25ന്സെർബിയക്കുമെതിരെ സ്വന്തം ഗ്രൗണ്ടിലാണ് പോർചുഗലിെൻറ ആദ്യ മത്സരങ്ങൾ. ലോകകപ്പിൽ ഉജ്ജ്വല പ്രകടനവുമായി നാലാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ട് നാളെ ചെക്ക് റിപ്പബ്ലിക്കിനെയും 25ന് മോണ്ടിനെഗ്രോയെയും നേരിടും.
നെതർലൻഡ്സ് x ജർമനി
റഷ്യ ലോകകപ്പ് ഗ്രൂപ് റൗണ്ടിൽ നാണംകെട്ട് മടങ്ങിയ ജർമനിയും ലോകകപ്പിന് യോഗ്യതപോലും നഷ്ടമായ നെതർലൻഡ്സും ഗ്രൂപ് ‘ഡി’യിലാണ് മത്സരിക്കുന്നത്. കോച്ച് യൊആഹിം ലോയ്വ് സീനിയർ താരങ്ങളെ ഒഴിവാക്കിയാണ് യൂറോ യോഗ്യതക്കായി കച്ചമുറുക്കുന്നത്. ഞായറാഴ്ച നെതർലൻഡ്സിനെതിരെ ആദ്യ മത്സരിത്തിനിറങ്ങുേമ്പാൾ ബോെട്ടങ്, മാറ്റ് ഹുമ്മൽസ്, േതാമസ് മ്യൂളർ എന്നിവർക്കൊന്നും സ്ഥാനമില്ല. പുതുനിരയുമായി ഒരുങ്ങുന്ന നെതർലൻഡ്സ് ഇന്ന് ആദ്യ മത്സരത്തിൽ ബെലാറൂസിനെ നേരിടും. ചാമ്പ്യൻസ് ലീഗിൽ റയൽ മഡ്രിഡിനെ വീഴ്ത്തിയ അയാക്സിെൻറയും പി.എസ്.വിയുടെയും യുവകരുത്താണ് ഡച്ചുകാരുടെ പ്രതീക്ഷ.
ലോകചാമ്പ്യന്മാരായ ഫ്രാൻസ് ഗ്രൂപ് ‘എച്ചിൽ’ െഎസ്ലൻഡിനൊപ്പമാണ്. ബെൽജിയം, റഷ്യ എന്നിവർ ‘െഎ’ ഗ്രൂപ്പിൽ. തിരിച്ചുവരവിനൊരുങ്ങുന്ന ഇറ്റലി ‘ജെ’യിൽ റോബർടോ മാൻസീനിക്കു കീഴിലാണൊരുങ്ങുന്നത്.