ഇംഗ്ലണ്ടിനെ വീഴ്ത്തി ചെക്ക്; ഫ്രാൻസിനും പോർച്ചുഗലിനും ജയം
text_fieldsപ്രാഗ്:ലക്ഷ്യത്തിനരികെ കൈയെത്തുംദൂരത്ത് അപ്രതീക്ഷിത പരാജയം പിണഞ്ഞപ്പോൾ ആഘോഷം ഇംഗ്ലണ്ടിൽനിന്നകന്നു. യൂറോകപ്പ് ഫുട്ബാളിെൻറ സമുന്നതപോരാട്ടങ്ങളിലേക്ക് പദമൂന്നാൻ ഒരു ജയംമാത്രം മതിെയന്നിരിക്കെ, ചെക്ക് റിപ്പബ്ലിക്കിനെതിരായ യോഗ്യത റൗണ്ട് മത്സരത്തിൽ ഇംഗ്ലീഷുകാരെ കാത്തിരുന്നത് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തോൽവി. 10 വർഷവും 43 മത്സരങ്ങളുമായി യൂറോകപ്പ് യോഗ്യത റൗണ്ടിൽ ഇംഗ്ലണ്ട് നടത്തുന്ന ൈജത്രയാത്രക്കാണ് പ്രാഗിലെ സിനോബോ അറീനയിൽ ചെക്ക് തടയിട്ടത്.
അഞ്ചാം മിനിറ്റിൽതന്നെ ക്യാപ്റ്റൻ ഹാരി കെയിനിെൻറ പെനാൽറ്റി ഗോളിൽ ലീഡ് നേടിയ ഇംഗ്ലണ്ടിനെതിരെ ശക്തമായി തിരിച്ചുവന്ന ആതിഥേയർ നാല് മിനിറ്റിനകം ജാകൂബ് ബ്രാബെകിലൂടെ തുല്യത നേടി. അഞ്ച് മിനിറ്റ് മാത്രം ശേഷിക്കേ, 30ാം വയസ്സിൽ ചെക്ക് റിപ്പബ്ലിക് ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച സെനെക് ഓൺഡ്രാസെകിെൻറ ബൂട്ടിൽനിന്നായിരുന്നു വിജയ ഗോൾ. ഗ്രൂപ് എയിലെ മറ്റൊരു മത്സരത്തിൽ മോണ്ടനെഗ്രോയും ബൾഗേറിയയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. അഞ്ചുകളികളിൽ 12പോയൻറുമായി ഇംഗ്ലണ്ട്തന്നെയാണ് ഗ്രൂപ്പിൽ ഒന്നാമത്. ആറുകളികളിൽ ബൂട്ടുകെട്ടിയ ചെക്കിനും 12 പോയൻറുണ്ട്്. മൂന്നുകളികളിൽ ഒരു ജയം കുറിച്ചാൽ ഇംഗ്ലണ്ട് യോഗ്യത നേടും.

ലക്ഷ്യത്തിലേക്കടുത്ത് പോർചുഗൽ, ഫ്രാൻസ്, തുർക്കി, യുക്രെയ്ൻ
ലക്സംബർഗിനെ മറുപടിയില്ലാത്ത മുന്നുഗോളുകൾക്ക് മുക്കി, നിലവിലെ ചാമ്പ്യൻമാരായ പോർചുഗൽ ലക്ഷ്യത്തിലേക്ക് ഒരു ചുവടുകൂടി വെച്ചു. ബെർണാഡോ സിൽവയിലൂടെ മുന്നിലെത്തിയ പറങ്കികളുടെ രണ്ടാംഗോൾ നായകൻ ക്രിസ്റ്റ്യാനോ റൊണാൾേഡായുടെ വകയായിരുന്നു. ഗോൺസാലോ ഗ്യൂഡെസ് പട്ടിക തികച്ചു. ലിത്വാനിയയെക്കതിരെ സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത രണ്ടുഗോളുകളുടെ ജയം കുറിച്ച യുക്രെയ്ൻ ആറു കളികളിൽ 16 പോയൻറുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇരട്ടഗോൾ നേടിയ മിഡ്ഫീൽഡർ റുസ്ലൻ മലീനോവ്സ്കിയാണ് യുക്രെയ്െൻറ വിജയശിൽപി. അഞ്ചുകളികളിൽ പോർചുഗലിന് 11 പോയൻറാണുള്ളത്. സെർബിയ (ഏഴ്), ലക്സംബർഗ് (നാല്), ലിേത്വനിയ (ഒന്ന്) എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ സമ്പാദ്യം.
ഗ്രൂപ് എച്ചിൽ ഏകപക്ഷീമായ ഒരു ഗോൾ വിജയങ്ങളുമായി തുർക്കിയും ഫ്രാൻസും കുതിപ്പ് തുടരുന്നു. ഏഴു മത്സരങ്ങളിൽ ആറും ജയിച്ച ഇരുടീമിനും 18 പോയൻറ് വീതം അക്കൗണ്ടിലുണ്ട്. പെനാൽറ്റി കിക്കിൽനിന്ന് ഒലിവിയർ ജിറൂദാണ് ഐസ്ലൻഡിനെതിരെ ഫ്രഞ്ചുകാരുടെ ഗോൾകുറിച്ചത്. അൽബേനിയക്കെതിരെ സെൻക് ടോസണാണ് തുർക്കിക്കുവേണ്ടി ലക്ഷ്യം കണ്ടത്. മാർക് വാൽഡെസിെൻറ ഹെഡറിൽ മൊൾഡോവയെ 1-0ത്തിന് കീഴടക്കിയ അൻഡോറ യൂറോകപ്പ് യോഗ്യത റൗണ്ടിൽ ആദ്യമായി ഒരു മത്സരം വിജയിച്ചു. അൻഡോറയുടെ 56 തുടർതോൽവികൾക്കാണ് ഒടുവിൽ അന്ത്യമായത്. 12പോയൻറുള്ള ഐസ്ലൻഡാണ് ഗ്രൂപ്പിൽ മൂന്നാമത്.