സമനില; രണ്ടാം സ്ഥാനമുറപ്പിച്ച് യുനൈറ്റഡ്
text_fieldsലണ്ടൻ: പിൻനിരയിലുള്ള വെസ്റ്റ് ഹാമിനോട് ഗോൾ രഹിത സമനില വഴങ്ങി മാഞ്ചസ്റ്റർ യുനൈറ്റഡ്. എങ്കിലും ഒരു പോയൻറുമായി ടോട്ടൻഹാമുമായുള്ള ലീഡ് നാലാക്കി ഉയർത്തിയ യുനൈറ്റഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ രണ്ടാം സ്ഥാനം ഉറപ്പിച്ചു. നിലവിൽ യുനൈറ്റഡിന് 37 മത്സരങ്ങളിൽനിന്നും 78ഉം ടോട്ടൻഹാമിന് 74ഉം പോയൻറാണ്. ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി (97) 19 പോയൻറ് ലീഡുമായി ബഹുദൂരം മുന്നിലാണ്.
ജെസ്സി ലിൻഗാർഡിനെയും അലക്സിസ് സാഞ്ചസിനെയും മുൻനിർത്തിയാണ് യുനൈറ്റഡ് കളി തുടങ്ങിയത്. ആദ്യ പകുതിയിൽ ലൂക്ക്് ഷായുടെ കിടിലൻ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതും പോൾ പൊഗ്ബയുടെ ഹെഡറുമടക്കം നിരവധി അവസരങ്ങൾ യുനൈറ്റഡ് സൃഷ്ടിച്ചുവെങ്കിലും രണ്ടാം പകുതിയിൽ തിളങ്ങാനായില്ല. യുനൈറ്റഡ് താരങ്ങൾ ആറുതവണ ഗോൾ ലക്ഷ്യമായി ഷോട്ടുകൾ പായിച്ചെങ്കിലും ഒന്നു പോലും ലക്ഷ്യത്തിലെത്തിയില്ല. അധികസമയത്ത് സാഞ്ചസിനെ പിൻവലിച്ച മൗറീന്യോ ആഷ്ലി യങ്ങിനെ ഇറക്കിയെങ്കിലും ഫലമുണ്ടായില്ല.
