ചെൽസിക്ക് മുന്നിൽ വീണു; പ്രീമിയർ ലീഗിൽ സിറ്റിക്ക് ആദ്യ തോൽവി
text_fieldsലണ്ടൻ: പ്രീമിയർ ലീഗിൽ തോൽവിയറിയാത്ത സിറ്റിയുടെ കുതിപ്പിന് ഒടുവിൽ അവസാനം. ഏറെനാൾ ഒന്നാം സ്ഥാനം വിട്ടുകൊ ടുക്കാതെ കുതിച്ച പെപ്പ് ഗ്വാർഡിയോളയുടെ ഗ്ലാമർ പടയെ ചെൽസി സ്റ്റംഫോർഡ് ബ്രിഡ്ജിൽ 2-0ത്തിന് തോൽപിച്ചു. എൻ ഗാളോ കാെൻറയും ഡേവിഡ് ലൂയിസും നേടിയ ഗോളിലാണ് സിറ്റിയെ വീഴ്ത്തിയത്. ഇതോടെ ബേൺമൗത്തിനെതിരെ മുഹമ്മദ് സ ലാഹിെൻറ ഹാട്രിക് മികവിൽ വൻ ജയം നേടിയ ലിവർപൂൾ ഒന്നാം സ്ഥാനത്തെത്തി. ലിവർപൂളിന് 42ഉം സിറ്റിക്ക് 41ഉം പോയൻറാണ്. അത്ഭുത ജയത്തോടെ, ആഴ്സനലിനെയും മറികടന്ന് ചെൽസി നാലാമെതത്തി. ലെസ്റ്റർ സിറ്റിയെ 2-0ത്തിന് തോൽപിച്ച ടോട്ടൻഹാമാണ് (36) മൂന്നാമത്.
വോൾവർഹാംപ്റ്റണിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ചെൽസിക്കെതിരെ കളി അനായാസമായിരിക്കുമെന്ന് കരുതിയാണ് സിറ്റി പോരിനെത്തിയത്. എന്നാൽ, മൗറീസിയോ സരിയൊരുക്കിയ കുഴിയിൽ പെപ്പ് ഗ്വാർഡിയോള വീണു. ആക്രമണവീര്യം കൂടുതലുള്ള എതിരാളികൾക്കെതിരെ എങ്ങനെയെങ്കിലും വലകുലുക്കി അവസാനം വരെ പ്രതിരോധിക്കാൻ നന്നായി പഠിപ്പിച്ചാണ് നീലപ്പട വന്നത്. പറഞ്ഞുപഠിച്ചത് ചെൽസി താരങ്ങൾ കളത്തിൽ കാണിച്ചതോടെ സിറ്റിക്ക് കളി കൈവിട്ടു.
45ാം മിനിറ്റിൽ എഡൻ ഹസാഡിെൻറ പാസിൽനിന്ന് ചെൽസിയുടെ കറുത്തമുത്ത് എൻഗാളോ കാെൻറ എതിർവല ആദ്യം കുലുക്കി. സിറ്റി തിരിച്ചുവരുമെന്ന് ആരാധകർ വിശ്വസിച്ചെങ്കിലും സരിയുടെ കത്രികപ്പൂട്ട് കുരുക്കായി. തലങ്ങും വിലങ്ങും സിറ്റി താരങ്ങൾ ശ്രമിച്ചിട്ടും ഫലംകണ്ടില്ല. ഒടുവിൽ 78ാം മിനിറ്റിൽ കോർണർ കിക്ക് ബ്രസീലിയൻ പ്രതിരോധതാരം ഡേവിഡ് ലൂയിസ് മനോഹര ഹെഡറിൽ വീണ്ടും ഗോളാക്കിയതോടെ സിറ്റിയുടെ തോൽവി ഉറപ്പിച്ചു. 15 മത്സരങ്ങളിൽ തോൽവിയറിയാത്ത ചാമ്പ്യന്മാരുടെ കുതിപ്പിനാണ് അവസാനമായത്. അഗ്യൂറോ, ഡിബ്രൂയിൻ തുടങ്ങിയ പെപ്പിെൻറ വജ്രായുധങ്ങൾക്ക് പരിക്കായത് സിറ്റിക്ക് തിരിച്ചടിയായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
