ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു; ജോ ഹാർട്ട്​ പുറത്ത്​

  • അലക്​സാണ്ടർ അർനോൾഡ്​ ടീമിൽ

22:31 PM
16/05/2018

ലണ്ടൻ: പരിചയസമ്പത്തിനും യുവത്വത്തിനും മുൻതൂക്കം നൽകി റഷ്യയിലേക്കുള്ള ഇംഗ്ലണ്ടി​​െൻറ സ്വപ്​നസംഘം ഒരുങ്ങി. മാഞ്ചസ്​റ്റർ സിറ്റിക്കായി 250ലേറെയും ഇംഗ്ലണ്ടിനായി 75ഉം മത്സരങ്ങളിൽ വലകാത്ത ജോ ഹാർട്ടിനെ ഒഴിവാക്കിയപ്പോൾ യുവതലമുറയിലായി കോച്ച്​ ഗാരെത്​ സൗത്​ഗേറ്റി​​െൻറ വിശ്വാസം. ഹാർട്ടിനൊപ്പം മധ്യനിരക്കാരൻ ജാക്​ വിൽഷിയർ, ഫോംഒൗട്ട്​ തിരിച്ചടിയായ ആഡം ലല്ലാന, പ്രതിരോധതാരം റ്യാൻ ബെർട്രാൻഡ്​ എന്നിവരും ഇംഗ്ലണ്ടിനൊപ്പം റഷ്യയിലേക്കില്ല. അതേസമയം, 19കാരനായ പുതുമുഖക്കാരൻ ലിവർപൂൾ പ്രതിരോധനിരയിലെ ട്ര​െൻറ്​ അലക്​സാണ്ടർ അർനോൾഡ്​ ഏവരെയും വിസ്​മയിപ്പിച്ച്​ ടീമിൽ ഇടംനേടി. ലല്ലാനക്കൊപ്പം മറ്റ്​ അഞ്ചുപേരെ സ്​റ്റാൻഡ്​ബൈ ആയി കരുതിനിർത്തിയിട്ടുണ്ട്​. 

‘‘ഇൗ സംഘത്തിൽ വിശ്വാസമുണ്ട്​. സീനിയർ താരങ്ങളും യുവത്വവും പരിചയ സമ്പത്തും സമ്മിശ്രമായുള്ള ടീമാണിത്​. സന്തുലിതമാണ്​. ഒാരോ പൊസിഷനിലും മികച്ച താരങ്ങളുണ്ട്​’’ ^ടീമിനെ പ്രഖ്യാപിച്ച ശേഷം സൗത്​ഗേറ്റ്​ പറഞ്ഞു. സ്​റ്റോക്​ സിറ്റിക്കായി മികച്ച ഫോമിൽ കളിച്ച ജാക്​ ബട്​ലാൻഡാവും റഷ്യയിൽ ഇംഗ്ലണ്ടി​​െൻറ ഒന്നാം നമ്പർ ഗോളി. അരങ്ങേറ്റത്തിനൊരുങ്ങുന്ന അർനോൾഡിന്​ ലിവർപൂൾ കുപ്പായത്തിലെ മിന്നുന്ന പ്രകടനമാണ്​ സൗത്​ഗേറ്റി​​െൻറ മനസ്സിൽ ഇടം നൽകിയത്​. പ്രീമിയർ ലീഗിലും ചാമ്പ്യൻസ്​ ലീഗിലും യുർഗൻ ​േക്ലാപ്പി​​െൻറ വലതുവിങ്ങിൽ നിത്യസാന്നിധ്യമായിരുന്നു ഇൗ കൗമാരക്കാരൻ. 
ഗ്രൂപ്​ ജിയിൽ മത്സരിക്കുന്ന ഇംഗ്ലണ്ടി​​െൻറ ആദ്യ മത്സരം ജൂൺ 18ന്​ തുനീഷ്യക്കെതിരെയാണ്​. പാനമ, ബെൽജിയം എന്നിവരാണ്​ മറ്റു ടീമുകൾ. 

ടീം ഇംഗ്ലണ്ട്​
ഗോൾകീപ്പർ: ജാക്​ ബട്​ലാൻഡ്​ (സ്​റ്റോക്​സിറ്റി), ജോർദൻ പിക്​ഫോഡ്​ (എവർട്ടൺ), നിക്​ പോപ്​ (ബേൺലി).
പ്രതിരോധം: ട്രെൻഡ്​ അർനോൾഡ്​ (ലിവർപൂൾ), ഗാരി കാഹിൽ (ചെൽസി), കെയ്​ൽ വാകർ, ജോൺ സ്​റ്റോൺസ്​ (മാ. സിറ്റി), ഹാരി മഗ്വെയ്​ൻ (ലെസ്​റ്റർ), കീരൻ ട്രിപിയർ, ഡാനി റോസ്​ (ടോട്ടൻഹാം), ഫിൽ ജോൺസ്​, ആഷ്​ലി യങ്​ (മാ. യുനൈറ്റഡ്​). 
മധ്യനിര: എറിക്​ ഡിയർ, ദിലി അലി (ടോട്ടൻഹാം), ജെസി ലിൻഗാർഡ്​ (മാ. യുനൈറ്റഡ്​), ജോർദൻ ഹെൻഡേഴ്​സൻ (ലിവർപൂൾ), ഫാബിയാൻ ഡെൽഫ്​ (മാ. സിറ്റി), റുബർ ലോഫ്​ടസ്​ (ചെൽസി).
മുന്നേറ്റം: ജാമി വാഡി (ലെസ്​റ്റർ), മാർകസ്​ റാഷ്​ഫോഡ്​ (മാ. യുനൈറ്റഡ്​), റഹിം സ്​റ്റർലിങ്​ (മാ. സിറ്റി), ഡാനി വെൽബക്​ (ആഴ്​സനൽ), ഹാരി കെയ്​ൻ (ടോട്ടൻഹാം). 

 

Loading...
COMMENTS