സ്വീഡനെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ (2-0)
text_fieldsസമാറ: അഞ്ച് പതിറ്റാണ്ടിലേറെയായി ഫുട്ബാളിെൻറ തറവാട്ടുകാർ കാത്തിരിക്കുന്ന ആ നേട്ടത്തിലേക്കിനി രണ്ട് മത്സരങ്ങളുടെ ദൂരം മാത്രം. മൂന്ന് പതിറ്റാണ്ടോളമായി തങ്ങളെ വിെട്ടാഴിഞ്ഞുപോവുന്ന ലോകകപ്പ് സെമി ഫൈനൽ പ്രവേശനമെന്ന യാഥാർഥ്യം ഇംഗ്ലണ്ട് യാഥാർഥ്യമാക്കി. സ്വീഡെൻറ വെല്ലുവിളി മടക്കമില്ലാത്ത രണ്ട് േഗാളുകൾക്ക് മറികടന്നാണ് ഗാരത് സൗത്ത്ഗേറ്റും സംഘവും അവസാന നാല് പോരാട്ടത്തിലേക്ക് ഇടമുറപ്പിച്ചത്.
വമ്പന്മാർ പലരും കാലിടറിവീണ റഷ്യൻ മണ്ണിൽ വീഴില്ലെന്ന നിശ്ചയദാർഢ്യത്തോടെ പന്തുതട്ടിയ ഇംഗ്ലണ്ട് സ്വീഡെൻറ കരുത്തുറ്റതെന്ന് കരുതപ്പെട്ടിരുന്ന പ്രതിരോധത്തെ രണ്ടുവട്ടം അനായാസം ഭേദിച്ചാണ് വിജയം കണ്ടത്. ക്യാപ്റ്റൻ ആന്ദ്രിയാസ് ഗ്രാൻക്വിസ്റ്റ് നയിച്ച സ്വീഡിഷ് ഡിഫൻസ് നാല് കളികളിൽ മൂന്നിലും ഗോൾ വഴങ്ങിയിരുന്നില്ല. ജർമനിക്കെതിരെ തോറ്റ കളിയിൽ വാങ്ങിയ രണ്ട് ഗോളുകൾ മാത്രമാണ് അവരുടെ അക്കൗണ്ടിലുണ്ടായിരുന്നത്. എന്നാൽ, ഇംഗ്ലണ്ട് ഇൗ പ്രതിരോധത്തെ കാഴ്ചക്കാരാക്കി രണ്ട് ഹെഡറുകളിലൂടെ സ്വീഡെൻറ കഥകഴിച്ചു. ഇരു പകുതികളിലുമായി ഡിഫൻഡർ ഹാരി മഗ്വയറും (30) മിഡ്ഫീൽഡർ ഡെലെ അലിയും (58) ആയിരുന്നു ഇംഗ്ലണ്ടിെൻറ സ്കോറർമാർ. നിലവിൽ ടൂർണമെൻറിലെ ടോപ്സ്കോററായ ക്യാപ്റ്റൻ ഹാരി കെയ്നിന് ഗോൾനേട്ടം വർധിപ്പിക്കാനായില്ല.
ലോകകപ്പിൽ മുമ്പ് ഏറ്റുമുട്ടിയ രണ്ടുതവണയും 1-1ന് സമനിലയിൽ പിരിഞ്ഞ ചരിത്രവുമായാണ് സമാറ അറീനയിൽ ഇരുടീമുകളും നിർണായക പോരാട്ടത്തിനിറങ്ങിയത്. കൊളംബിയക്കെതിരായ പ്രീക്വാർട്ടറിൽ കളിച്ച ടീമിനെ ഇംഗ്ലണ്ട് നിലനിർത്തിയപ്പോൾ സ്വീഡിഷ് കോച്ച് യാനെ ആൻഡേഴ്സൺ രണ്ട് മാറ്റങ്ങൾ വരുത്തി. മധ്യനിരയിൽ ഗുസ്താവ് സ്വെൻസന് പകരം സെബാസ്റ്റ്യൻ ലാർസൻ തിരിച്ചെത്തിയപ്പോൾ സ്വിറ്റ്സർലൻഡിനെതിരായ പ്രീക്വാർട്ടറിൽ ചുവപ്പുകാർഡ് കണ്ട വിങ് ബാക്ക് മൈക്കൽ ലസ്റ്റിഗിന് പകരം എമിൽ ക്രാഫ്തിന് അവസരം ലഭിച്ചു. ഒട്ടും ആവേശമുയർത്താത്ത കളിയായിരുന്നു ആദ്യ അര മണിക്കൂറിൽ ഇരുടീമുകളും പുറത്തെടുത്തത്. മധ്യനിരയിൽ കിടന്ന് കറങ്ങിയ പന്ത് ഗോൾമുഖങ്ങളിലേക്ക് പോകാൻ മടികാണിച്ചപ്പോൾ കാര്യമായ അവസരങ്ങളൊന്നും പിറവിയെടുത്തില്ല.

30ാം മിനിറ്റ്
ഹാരി മഗ്വയർ-(ഇംഗ്ലണ്ട്)
എന്നാൽ, 30ാം മിനിറ്റിൽ കളി മാറി. വലതുഭാഗത്തുനിന്ന് ആഷ്ലി യങ് എടുത്ത കോർണറിൽ ചാടിയുയർന്ന മഗ്വയറുടെ തകർപ്പൻ ഹെഡർ സ്വീഡിഷ് ഗോളി റോബിൻ ഒാൾസന് അവസരം നൽകാതെ വലയിലെത്തി. ലെസ്റ്റർ സിറ്റി താരത്തിെൻറ ഇംഗ്ലണ്ടിനായുള്ള ആദ്യഗോൾ.ഗോൾ വീണപ്പോഴും സ്വീഡൻ ഉണർന്നില്ല. എന്നാൽ, ഇംഗ്ലണ്ട് ആദ്യ പകുതിയുടെ അവസാനം രണ്ടുതവണ കൂടി ഗോളിനടുത്തെത്തി. എന്നാൽ, രണ്ടുതവണയും റഹീം സ്റ്റെർലിങ്ങിന് പിഴച്ചു. മാഞ്ചസ്റ്റർ സിറ്റിക്കായി ഏറെ ഗോളുകൾ സ്കോർ ചെയ്ത വേഗക്കാരനായ താരത്തിന് ലോകകപ്പിലെ കന്നി ഗോൾ ഇനിയും അകലെ. രണ്ടാം പകുതിയിൽ സ്വീഡൻ കുറച്ചുകൂടി മെച്ചപ്പെട്ടു. ഇൗ ലോകകപ്പിലെ തങ്ങളുടെ ആറ് ഗോളുകളിൽ അഞ്ചും ഇടവേളക്കുശേഷമായിരുന്നു. ഇത്തവയും അതുണ്ടാവുമെന്ന് തോന്നിപ്പിച്ച് 48ാം മിനിറ്റിൽ മാർകസ് ബെർഗ് തകർപ്പൻ ഹെഡറുതിർത്തെങ്കിലും ഇംഗ്ലീഷ് വലക്കുമുന്നിൽ ഉജ്ജ്വല ഫോം തുടരുന്ന ജോർഡൻ പിക്ഫോർഡ് ഡൈവിങ് സേവിലൂടെ രക്ഷപ്പെടുത്തി.
58ാം മിനിറ്റ്
ഡെലെ അലി-(ഇംഗ്ലണ്ട്)
സ്വീഡൻ സമ്മർദം തുടരുന്നതിനിടെ ഗോളുമായി ഇംഗ്ലണ്ട് ലീഡുയർത്തി. വലതുവിങ്ങിൽനിന്ന് ജെസെ ലിൻഗാർഡ് ഉയർത്തിനൽകിയ ക്രോസിൽ സെക്കൻഡ് പോസ്റ്റിൽ അലിയുടെ ഹെഡർ ഒാൾസനെ നിസ്സഹായനാക്കി വലയിൽ മുത്തമിട്ടു.തൊട്ടുപിറകെ പിക്ഫോർഡ് വീണ്ടും ടീമിെൻറ തുണക്കെത്തി. ബെർഗിെൻറ ബാക്ഹീലിൽ വിക്ടർ ക്ലാസൻ തൊടുത്ത ഷോട്ടാണ് തട്ടിയകറ്റിയത്. 72ാം മിനിറ്റിൽ ബെർഗിെൻറ കരുത്തുറ്റ ഷോട്ടും ബാറിന് മുകളിലൂടെ കുത്തിയകറ്റിയ പിക്ഫോഡ് ഇംഗ്ലണ്ടിനെ സെമിയിലേക്ക് നയിച്ചു. അവസാനഘട്ടത്തിൽ തുടരെ മാറ്റങ്ങളുമായി സ്വീഡിഷ് കോച്ച് കിണഞ്ഞ് ശ്രമിച്ചെങ്കിലും തോൽവി തടയാനായില്ല.