അസ്സലിനെ വെല്ലുന്ന വ്യാജന്മാർ; നെയ്മർക്കും അപരൻ
text_fieldsചെക്കൻ ബ്രസീലുകാരനാണ്. പേര് ഗബ്രിയേൽ ലൂക്കാസ്. വയസ്സ് 21. ഉപയോഗിക്കുന്നത് ബ്രസീലിെൻറ മഞ്ഞനിറമുള്ള ഫുട്ബാൾ ജഴ്സി. അതെല്ലങ്കിൽ പാരിസിലെ വിഖ്യാത ക്ലബ് പി.എസ്.ജിയുടേത്. അതിൽ എഴുതിെവച്ചിരിക്കുന്ന പേര് ‘നെയ്മർ ജൂനിയർ’. ഒരു കറുത്ത കണ്ണടയും ഉണ്ടാകും. അവൻ എവിടെ പ്പോയാലും ഓട്ടോഗ്രാഫ് ഒപ്പിട്ടുവാങ്ങാനായി നൂറു പേരെങ്കിലും കൂടും. ആരെയും പിണക്കാതെ ഒരു കള്ളച്ചിരിയോടെ അവൻ അതൊക്കെ ഒപ്പിട്ടുകൊടുക്കുകയും ചെയ്യും.
ഒരിക്കൽ എഫ്.സി സാേൻറാസിെൻറ പരിശീലനക്കളരിയിൽ ബ്രസീലിലെ ഏറ്റവും വലിയ പരസ്യക്കമ്പനി അവനെ കൂട്ടിക്കൊണ്ടുപോയി, കളി വേഷത്തിൽ. നെയ്മർ അവിടെ പരിശീലിക്കുന്ന നേരം അവൻ അവിടെ എത്തിയപ്പോൾ വർഷങ്ങളോളം സാക്ഷാൽ നെയ്മർക്ക് ഒപ്പമുണ്ടായിരുന്നവർ അത്ഭുതപ്പെട്ടു. ഇതിൽ ഏതാണ് തങ്ങളുടെ നെയ്മർ, അസ്സൽ ഏത് അപരൻ ഏത് എന്ന് തിരിച്ചറിയാനാകാത്ത വിധം രണ്ടു നെയ്മർമാർ. എന്തായാലും ശരിക്കുള്ള നെയ്മർക്ക് ചെക്കനെ അങ്ങ് പിടിച്ചു. അന്ന് മുതൽ അവർ അടുത്ത കൂട്ടുകാരാണ്.
പ്രമുഖ പരസ്യക്കമ്പനി ഒരു പടികൂടി മുന്നേറി നെയ്മർക്ക് വേണ്ട പരസ്യ ചിത്രങ്ങളിലും സാഹസിക രംഗങ്ങളിലും അഭിനയിക്കാൻ അപരനെ അങ്ങ് നിയോഗിച്ചു. നെയ്മർ ബാഴ്സലോണയിൽ എത്തിയിട്ടും റിയോയിൽ നിന്നുള്ള പരസ്യ വിഡിയോകൾക്കൊന്നും ഒരു കുറവും വന്നില്ല. ഗബ്രിയേൽ ലൂക്കാസ് തകർത്ത് അഭിനയിക്കുകയും ചെയ്യുന്നു. എവിടെ ചെന്നാലും ഇപ്പോൾ ലൂക്കാസ് വി.െഎ.പി ആണ്. വിമാനത്താവളത്തിലും വൻകിട ഹോട്ടലുകളിലും ഒക്കെ പ്രേത്യക പരിഗണന. ചെക്കൻ അതൊക്കെ ശരിക്കും ആസ്വദിക്കുന്നു. എന്നാൽ ആളൊരു പാവമാണ്, സത്യസന്ധനും.
ഒരിക്കലും തനിക്ക് കിട്ടിയിരിക്കുന്ന ഭാഗ്യം ദുർവിനിയോഗം ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ഡ്യൂപ് ആയി അഭിനയിക്കുന്നതൊപ്പം സാക്ഷാൽ നെയ്മറുടെ ഇഷ്ടക്കാരനായും കഴിയുന്നു.