മരണത്തിന് പ്രതിരോധമില്ല
text_fieldsമലപ്പുറം: 2014ൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയം വേദിയായ ഫെഡറേഷൻ കപ്പ് ഫുട്ബാൾ മത്സരം. ആർത്തിരമ്പുന്ന കാണികൾക്ക് മുന്നിലേക്ക് കൊൽക്കത്ത മുഹമ്മദൻസ് ടീം ഇറങ്ങുന്നു. ക്യാപ്റ്റെൻറ പേര് പറഞ്ഞപ്പോൾ നിലക്കാത്ത കൈയടികൾ. കേരളത്തിൽനിന്ന് ഒരു ടീം പോലും കളിക്കാത്ത അന്ന് പാലക്കാട്ടുകാരൻ ആർ. ധനരാജനാണ് മുഹമ്മദൻസിനെ നയിച്ചത്. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ തുടങ്ങിയ വമ്പന്മാരുടെ ജഴ്സിയണിഞ്ഞ ഡിഫൻഡർ മരണത്തിന് പ്രതിരോധം തീർക്കാനാവാതെ ഞായറാഴ്ച രാത്രി കളിക്കളത്തിൽ വിടവാങ്ങിയത് സുഹൃത്തുക്കൾക്കും ഫുട്ബാൾ പ്രേമികൾക്കും ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.
പാലക്കാട് ജില്ലയിൽ തെക്കോണി കൊട്ടേക്കാട് സ്വദേശിയായ ധനരാജന് ബാല്യകാലത്തുതന്നെ ഫുട്ബാളറാകണമെന്നായിരുന്നു ആഗ്രഹം. അച്ഛൻ രാധാകൃഷ്ണനും അമ്മ മാരിയമ്മയും മകന് പൂർണ പിന്തുണ നൽകി. 2004ൽ വിവാ കേരളയിലൂടെയാണ് പ്രഫഷനൽ ഫുട്ബാളറായി ധനരാജെൻറ അരങ്ങേറ്റം. പാലക്കാട് സി.എം.എഫ്.സി, പാലക്കാട് ഹൈമ, ചിരാഗ് യുനൈറ്റഡ് ടീമുകൾക്ക് വേണ്ടി കളിച്ചാണ് വിവയിലെത്തുന്നത്. 2008 മുതൽ 10 വരെ ചിരാഗ് യുനൈറ്റഡ് ജഴ്സിയിലായിരുന്നു.
തുടർന്ന് രണ്ട് വർഷം മോഹൻബഗാന് വേണ്ടി കളിച്ചാണ് മുഹമ്മദൻസിലേക്ക് മാറുന്നത്. ഇവർക്കായി 2013ൽ ഡ്യൂറൻറ് കപ്പ് കളിച്ചു. 2014 ഫെഡറേഷൻ കപ്പിൽ നായകനായി. പിന്നെ ഈസ്റ്റ് ബംഗാളിലേക്ക്. കൊച്ചിയിൽ നടന്ന സന്തോഷ് ട്രോഫിയിൽ ഐ.എം. വിജയനൊപ്പം കേരളത്തിന് വേണ്ടി കളിച്ചതാണ് കരിയറിലെ മറക്കാനാവാത്ത അനുഭവമെന്ന് ഒരിക്കൽ പറയുകയുണ്ടായി ധനരാജൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
