ക്രോട്ട് കരുത്തിനെതിരെ റഷ്യൻ വമ്പ്
text_fieldsസോചി: 1966ലെ ഇംഗ്ലണ്ട് ലോകകപ്പിൽ നാലാം സ്ഥാനത്തെത്തിയ മുൻഗാമി സോവിയറ്റ് യൂനിയനുശേഷം ആദ്യമായി സെമിയിലെത്താൻ റഷ്യക്കാവുമോ? അതോ ഡാവോർ സൂക്കറിെൻറ ടീം അരങ്ങേറ്റത്തിൽ കരസ്ഥമാക്കിയ മൂന്നാം സ്ഥാനത്തിലേക്ക് ഒരു പടികൂടി അടുക്കാൻ ലൂക്ക മോദ്രിചിെൻറ ക്രൊയേഷ്യക്ക് സാധിക്കുമോ? സോചിയിലെ ഫിഷ്ത് സ്റ്റേഡിയത്തിൽ ആതിഥേയരായ റഷ്യയും ക്രൊയേഷ്യയും കൊമ്പുകോർക്കുന്ന മറ്റൊരു യൂറോപ്യൻ പോരിൽ ഇതിൽ ഏത് യാഥാർഥ്യമാവുമെന്നറിയാനാണ് ഫുട്ബാൾ ആരാധകർ കാത്തിരിക്കുന്നത്.
കരുത്തുറ്റ ക്രൊയേഷ്യ
ടീമുകളെ താരതമ്യം ചെയ്യുേമ്പാൾ എല്ലാ തലത്തിലും മുന്നിൽ ക്രൊയേഷ്യയാണ്. വ്യക്തിഗത മികവിലും സാേങ്കതിക മികവിലുമെല്ലാം സ്ലാറ്റ്കോ ഡാലിചിെൻറ ടീമിന് വ്യക്തമായ മുൻതൂക്കമുണ്ട്. ടൂർണമെൻറിലെതന്നെ ഏറ്റവും മികച്ചവയിലൊന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മധ്യനിരയാണ് അവരുടെ പ്ലസ് പോയൻറ്. മാഴ്സലോ ബ്രാസോവിച് അടിത്തറയൊരുക്കുന്ന മിഡ്ഫീൽഡിൽ കളി നിയന്ത്രിക്കാൻ മോദ്രിചും ഇവാൻ റാകിടിചും. വിങ്ങുകളിൽ ഇവാൻ പെരിസിചും ആൻഡെ റെബിചും. മുൻനിരയിൽ അർധാവസരം വരെ മുതലാക്കുന്നതിൽ മിടുക്കനായ മാരിയോ മൻസൂകിച്ചുമുണ്ട്. ഡെന്മാർക്കിനെതിരെ ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകൾ തടുത്ത് ടീമിെൻറ രക്ഷകനായ ഡാനിയേൽ സുബാസിച് കാവൽനിൽക്കുന്ന ഗോൾവലക്ക് കുടുതൽ സംരക്ഷണം നൽകാൻ നാലംഗ പ്രതിരോധത്തിൽ ഡെജാൻ ലോവ്റൻ, ഡോമഗോജ് വിദ, സിമെ വിർസാലികോ, ഇവാൻ സ്ട്രിനിച് എന്നിവരുണ്ടാവും. റഷ്യൻ കളിക്കാർക്ക് സ്പേസ് അനുവദിക്കാതെ മൈതാനമധ്യം മോദ്രിചും റാകിടിചും എങ്ങനെ നിയന്ത്രിക്കുന്നു എന്നതാവും നിർണായകമാവുക. കളിച്ച എല്ലാ മത്സരങ്ങളും ജയിച്ചാണ് ക്രൊയേഷ്യ എത്തുന്നത്.
അത്ഭുതയാത്ര
തുടരാൻ റഷ്യ
ലോകകപ്പ് തുടങ്ങുേമ്പാൾ ആരും സാധ്യത കൽപിക്കാത്ത ടീമായിരുന്നു ആതിഥേയർ. ഗ്രൂപ് ഘട്ടം പിന്നിടില്ല എന്ന് പ്രവചിക്കപ്പെട്ടവർ അവസാന എട്ട് വരെയെത്തിയിരിക്കുന്നു, അതും സ്പെയിനിനെ പോലുള്ള കരുത്തരെ മലർത്തിയടിച്ച്. കോച്ച് സ്റ്റാനിസ്ലാവ് ചെർസഷോവിെൻറ തന്ത്രങ്ങളാണ് ടീമിെൻറ കരുത്ത്. സൂപ്പർ താരങ്ങളില്ലാത്ത ടീമിനെ സാഹചര്യങ്ങൾക്കൊത്ത് പന്തുതട്ടുന്ന സംഘമാക്കി കോച്ച് മാറ്റിയിരിക്കുന്നു. ടോപ്സ്കോറർ ഡെനിസ് ചെറിഷേവിനെയും യുറി ഗസിൻസ്കിയെയും സ്പെയിനിനെതിരെ പുറത്തിരുത്താൻ കോച്ച് കാണിച്ച ധൈര്യം അപാരമായിരുന്നു. അത് ഫലിക്കുകയും ചെയ്തു. സൗദിയെയും ഇൗജിപ്തിനെയും ഗോളിൽ മുക്കിയ പ്രകടനം ഉറുഗ്വായിക്കും സ്പെയിനിനുമെതിരെ ആവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിലും സാഹചര്യത്തിനൊത്ത് പന്തുതട്ടാൻ മിടുക്കരാണെന്ന് ടീം തെളിയിച്ചിരുന്നു.
പരിചയസമ്പന്നരായ ഇഗോർ അകിൻഫീവിെൻറ കരങ്ങൾ ഗോൾവലക്ക് മുന്നിൽ ടീമിന് കരുത്തേകുന്നതാണ്. സ് പെയിനിനെതിരെ ഷൂട്ടൗട്ടിൽ ടീമിനെ കാത്തത് അകിൻഫീവായിരുന്നു. ഫേദോർ കുദ്ര്യാഷോവ്, ഇല്യ കുറ്റപ്പോവ്, സെർജി ഇഗ്നാഷേവിച്, മാരിയോ ഫെർണാണ്ടസ് എന്നിവരടങ്ങിയ ഡിഫൻസ് കെട്ടുറപ്പുള്ളതാണ്. ഗസിൻസ്കി, റോമൻ സോബ്നിൻ, ചെറിഷേവ്, അലക്സാണ്ടർ ഗോളോവിൻ, അലക്സാണ്ടർ സമെദോവ് എന്നിവരായിരിക്കും മധ്യനിരയിൽ. ഉയരക്കാരനായ ആർടെം സ്യൂബയാണ് മുൻനിരയിൽ പടനയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
