മെസിയെ പൂട്ടാൻ ക്രൊയേഷ്യൻ കോച്ചിന് പ്രത്യേക ‘സഹായികൾ’
text_fieldsസോചി: എതിരാളികൾക്കെന്നും വലിയ വെല്ലുവിളികൾ ഉയർത്തുന്ന താരമാണ് ലയണൽ മെസ്സി. അർജൻറീനക്കെതിരെ മൈതാനത്ത് പോരിനിറങ്ങുമ്പോൾ ഏതു ടീമും നേരിടുന്ന വലിയ വെല്ലുവിളി മെസിയെന്ന കാൽപന്തുകളിയിലെ മായാജാലക്കാരനെ തളക്കുകയെന്നതാണ്. മറ്റു താരങ്ങളെ ശ്രദ്ധിച്ചില്ലെങ്കിൽ പോലും മെസിക്കു ചുറ്റും പത്മവ്യൂഹം തീർക്കാൻ എതിരാളികൾ മറക്കാറില്ല. എങ്കിലും ആ ഇടതുകാലിൽ നിന്നുതിരുന്ന ഷോട്ടുകൾ പലപ്പോഴും എതിരാളികളുടെ ചങ്കിടിപ്പു കൂട്ടാറുണ്ട്.
ഗ്രൂപ്പ് ഡി യിലെ അർജൻറീനയുടെ ആദ്യ മത്സരത്തിലും മെസിയെ വളഞ്ഞിട്ടു പിടിക്കുന്നതിന് ഫുട്ബോൾ ലോകം സാക്ഷ്യം വഹിച്ചു. എങ്കിലും അതെല്ലാം ഭേദിച്ച് പത്തിലേറെ ഷോട്ടുകളാണ് മെസ്സി ഉതിർത്തത്. വ്യാഴാഴ്ച നടക്കുന്ന അർജൻറീന ക്രൊയേഷ്യ മത്സരത്തിന് മുന്നോടിയായി ക്രൊയേഷ്യൻ കോച്ച് സ്ലാട്കോ ദാലിച് തിരക്കിലാണ്.
മറ്റൊന്നുമല്ല. മെസിയെന്ന പോരാളിയെ തളക്കാനുള്ള തന്ത്രം മെനയാനായി സൂപ്പർ താരത്തിെൻറ ഒാരോ ചലനങ്ങളും വ്യക്തമായി അറിയാവുന്നവരുമായി ആശയ വിനിമയം നടത്തിവരികയാണ് അദ്ദേഹം. ഇതിനായി ബാഴ്സലോണയിൽ മെസ്സിക്കൊപ്പം കളിക്കുന്ന ക്രൊയേഷ്യൻ മിഡ് ഫീൽഡർ ഇവാൻ റാകിടിച് അടുത്ത മൂന്നു ദിവസങ്ങളിൽ ക്രൊയേഷ്യൻ കോച്ചിനെ സഹായിക്കാനെത്തും.
മെസിക്കെതിരെ കളിച്ചു പരിചയമുള്ള റയൽ മാഡ്രിഡ് കളിക്കാരായ ലുകാ മോഡ്രിച്, മറ്റാവോ കൊവാസിക് എന്നിവരുമായും മെസിയെന്ന ‘ഭീഷണി’ എങ്ങനെ മറി കടക്കാമെന്ന കാര്യത്തിൽ ചർച്ചയിലാണ് കോച്ച്. എന്നിരുന്നാലും മെസിയുടെ നീക്കങ്ങളെ തടയാൻ കൃത്യമായ വഴികളൊന്നുമിെല്ലന്ന് സ്ലാട്കോ ദാലിച് തന്നെ സാക്ഷ്യപ്പെടുത്തുന്നു.
സ്ലാട്കോ ദാലിചിെൻറ കരുനീക്കങ്ങൾ മെസിയെ ‘പൂട്ടാൻ’ പര്യാപ്തമാവുമോയെന്ന് കാത്തിരുന്നു തന്നെ കാണാം. വ്യാഴാഴ്ച രാത്രി 11.30നാണ് അർജൻറീന-ക്രൊയേഷ്യ മൽസരം.