കളിക്കളങ്ങളുടെ ഭാവി: ഇന്ന് നിർണായക യോഗങ്ങൾ
text_fieldsടോക്യോ: കോവിഡ്-19 മഹാമാരിയായി മാറിയതോടെ മുടങ്ങിയ കളിക്കളങ്ങളുടെ ഭാവി തീരുമാനിക്കാൻ ചൊവ്വാഴ്ച നിർണായക യോഗങ്ങൾ. ടോക്യോ ഒളിമ്പിക്സ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) വിവിധ രാജ്യാന്തര സ്പോർട്സ് ഫെഡറേഷനുകളുമായി ചർച്ച നടത്തും.
കോവിഡ്-19 ലോകവ്യാപകമായി പടരുന്ന സാഹചര്യം വിലയിരുത്തുന്നതിനായാണ് ടെലി കോൺഫറൻസിങ് വഴി യോഗം ചേരുന്നത്. ഒളിമ്പിക്സ് മുൻനിശ്ചയപ്രകാരംതന്നെ നടക്കുമെന്ന ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ പ്രസ്താവനക്കു പിന്നാലെയാണ് ഐ.ഒ.സിയുടെ എക്സിക്യൂട്ടിവ് യോഗം. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് അടിയന്തര യോഗം ചേരുന്നത്.
മുടങ്ങിയ ഒളിമ്പിക്സ് യോഗ്യതാമത്സരങ്ങളാണ് പ്രധാന അജണ്ട. 146 രാജ്യങ്ങളിലായി കോവിഡ്-19 പടർന്നതോടെ യോഗ്യതാമത്സരങ്ങളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ഗ്രീസിൽ ആരംഭിച്ച ഒളിമ്പിക്സ് ദീപശിഖ പ്രയാണം കാണികളുടെ തിരക്കു കാരണം നിർത്തിവെച്ചു.
യൂറോകപ്പിെൻറ വിധി ഇന്നറിയാം
ലണ്ടൻ: യൂറോപ്യൻ ഫുട്ബാൾ ചാമ്പ്യൻഷിപ്പുകളുടെ ഭാവി തീരുമാനിക്കാൻ ഇന്ന് യുവേഫ യോഗം. 2020 യൂറോകപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ ലീഗ് മത്സരങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടുക്കും.
യുവേഫയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ കളിക്കാരുടെ സംഘടനയായ ഫിഫ്പ്രൊ, യൂറോപ്യൻ ക്ലബ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ വിഡിയോ കോൺഫറൻസിങ് വഴി പങ്കെടുക്കും. യൂറോകപ്പിെൻറ ഭാവിയാണ് പ്രധാന അജണ്ട. കോവിഡ് കാരണം നിർത്തിവെച്ച വിവിധ ലീഗുകൾ എന്ന് പുനരാരംഭിക്കുമെന്നതും ചർച്ചചെയ്യും.
യൂറോകപ്പ് അടുത്ത വർഷത്തേക്കു മാറ്റിവെച്ച് ലീഗ് മത്സരങ്ങൾ പൂർത്തിയാക്കുയാണ് പ്രധാന നിർദേശങ്ങളിൽ ഒന്ന്്. രോഗം ശമനമില്ലാതെ തുടർന്നാൽ നിർത്തിവെച്ച ലീഗുകൾ എന്തു ചെയ്യണമെന്നും ചർച്ചചെയ്യും. 12 രാജ്യങ്ങളിലായാണ് യൂറോകപ്പ് ഫൈനൽ റൗണ്ട് നടത്താൻ തീരുമാനിച്ചത്. നിലവിലെ സാഹചര്യത്തിൽ കളിക്കാർക്കും ആരാധകർക്കും രാജ്യാന്തര യാത്രകൾ ബുദ്ധിമുട്ടാവുമെന്നാണ് വിലയിരുത്തൽ.